‘പൊതു പ്രവര്‍ത്തനത്തിനപ്പുറം ഒരു നിര്‍മ്മാതാവിന്റെ കുപ്പായമിടുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം’; ഷിബു ബേബി ജോണ്‍
ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകള് എല്ലാം തന്നെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കറുള്ളത്.
ഇപ്പോഴഇതാ, ചിത്രത്തിന്റെ നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍ പങ്കുവെച്ച പോസ്റ്റാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നിനാണ് ഇന്ന് തുടക്കം കുറിച്ചതെന്നും പൊതു പ്രവര്‍ത്തനത്തിന് അപ്പുറം ഒരു നിര്‍മാതാവിന്റെ കുപ്പായമിടുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമാണെന്നും ഷിബു ബേബി ജോണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു. ലൊക്കേഷനില്‍ നിന്നുമുള്ള ഫോട്ടോകള്‍ക്ക് ഒപ്പമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നിനാണ് ഇന്ന് തുടക്കം കുറിച്ചത്. പൊതുപ്രവര്‍ത്തനത്തിന് അപ്പുറം ഒരു നിര്‍മാതാവിന്റെ കുപ്പായമിടുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. ഇന്ന് ‘മലൈക്കോട്ടെ വാലിബന്റെ’ ഷൂട്ടിങ് ജയ്സാല്‍മീറില്‍ ആരംഭിച്ചു. ഇന്നത്തെ ചില സന്തോഷ നിമിഷങ്ങള്‍ പങ്കിടുന്നു’, എന്നായിരുന്നു ഷിബു ബേബി ജോണിന്റെ വാക്കുകള്‍.
ഈ മാസം 18നായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ആയിരുന്നു ചിത്രീകരണത്തിന്റെ തുടക്കം. ലൊക്കേഷനില്‍ നിന്നുള്ള ആദ്യദിന ചിത്രങ്ങള്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. മലൈക്കോട്ടൈ വാലിബനുവേണ്ടി കണ്ണും കാതും തുറന്നിരിക്കുന്നവര്‍ക്ക്, ഞങ്ങള്‍ ഇന്ന് ആരംഭിക്കുന്നു എന്നാണ് ചിത്രങ്ങള്‍ക്ക് മോഹന്‍ലാല്‍ നല്‍കിയിരുന്ന തലക്കെട്ട്. പി എസ് റഫീക്കിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് റഫീക്ക് ആയിരുന്നു. മധു നീലകണ്ഠന് ആണ് ഛായാഗ്രാഹകന്‍. ചുരുളിക്കു ശേഷം ലിജോ- മധു നീലകണ്ഠന് ടീം ഒരുമിക്കുന്ന ചിത്രവുമാണ് വാലിബന്.
അതേസമയം, പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്യുന്നത് ദീപു ജോസഫ് ആണ്. രാജസ്ഥാനില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന സിനിമയില്‍ മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.