‘നന്‍പകല്‍ നേരത്ത് മയക്കം’ കണ്ടിറങ്ങുമ്പോള്‍ കണ്ണ് നിറയും’; കുറിപ്പ് ശ്രദ്ധ നേടുന്നു
1 min read

‘നന്‍പകല്‍ നേരത്ത് മയക്കം’ കണ്ടിറങ്ങുമ്പോള്‍ കണ്ണ് നിറയും’; കുറിപ്പ് ശ്രദ്ധ നേടുന്നു

റെ നാളായി മലയാള സിനിമാസ്വാദകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. കേരളത്തില്‍ 122 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ നടന്നിരുന്നു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. കഥ ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തേനി ഈശ്വറിന്റേതാണ് ഛായാഗ്രഹണം. അശോകന്‍, രാജേഷ് ശര്‍മ്മ, വിപിന്‍ ആറ്റ്‌ലി, അന്തരിച്ച പൂ രാമു തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

LJP- മമ്മുക്ക ഒരുമിച്ചൊരു സിനിമ, എല്ലാ തരം പ്രേക്ഷകരെയും തൃപ്തിപെടുത്തുവാന്‍ ശ്രെമിക്കുന്നൊരു സിനിമ. മമ്മുക്കയിലെ അഭിനേതാവിനെ നമുക്ക് നമ്മുടെ ചുറ്റുമുള്ള മനുഷ്യരിലും കാണാന്‍ സാധിക്കും, ‘വാത്സല്യം’ സിനിമ കണ്ടതിനു ശേഷം സ്‌നേഹം കാണിക്കുന്ന മനുഷ്യരിലൊക്കെ ഞാന്‍ കണ്ടത് മമ്മുക്കയെയാണ്. ഒറ്റ മുണ്ടും ഉടുത്ത് തോര്‍ത്തും ഇട്ട് നടന്ന് നീങ്ങുന്നവരിലൊക്കെ ഞാന്‍ കണ്ടത് മമ്മുക്കയെയാണ്.

എവിടെ കരയണമെന്നും എത്ര കരയണമെന്നും കണ്ണുനീരോഴുക്കി കരയണമോ അല്ലാതെ കരയണോ എന്നൊക്കെ വളരെ കൃത്യമായി അറിയുന്ന നടന്‍, അതാണ് എനിക്ക് മമ്മുക്ക. ഈ സിനിമയില്‍ മമ്മുക്ക കണ്ണ് നീരോഴുക്കി കരഞ്ഞിട്ടില്ല, പക്ഷെ കഥാപാത്രത്തിന്റെ നെഞ്ച് പിടക്കുമ്പോള്‍ ഒരിച്ചിരിയെങ്കിലും മനുഷ്യത്വമുള്ള പ്രേക്ഷകന്റെ അടിവയറ്റില്‍ വേദനകള്‍ കുമിഞ്ഞ് കൂടും.

LJP യുടെ മറ്റു സിനിമകളില്‍ നിന്ന് വിത്യസ്തമായി, ഈ സിനിമ കുറച്ച് കൂടി നമ്മളോടൊക്കെ ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. ‘നന്‍പകല്‍ നേരത്ത് മയക്കം’ കണ്ടിറങ്ങുമ്പോള്‍, കണ്ണ് നിറയും, തീയറ്ററില്‍ കണ്ട്, ഈ സിനിമയുടെ ഏറ്റവും മനോഹരമായ അനുഭവം ആസ്വദിക്കണം.
IFFK യില്‍ കണ്ടിട്ടും കൊതി തീരാതെ ഇന്നെലെ രാത്രിയില്‍ തന്നെ ബുക്ക് ചെയ്ത് ഇന്ന് വീണ്ടും ‘നന്‍പകല്‍ നേരത്ത് മയക്കം ‘കണ്ട് കണ്ണ് നിറച്ച് ഇറങ്ങിയ ഞാന്‍.

അന്‍സി വിഷ്ണു