”ഞാന്‍ വലിയ നടനാകാന്‍ ആഗ്രഹിച്ചിരുന്നില്ലെങ്കില്പോലും ഒരു നടനാകാന്‍ ആഗ്രഹിച്ചു, പക്ഷേ ഇപ്പോഴും ആഗ്രഹം സഫലീകരിച്ചിട്ടില്ല”; മമ്മൂട്ടി
കഴിഞ്ഞ അന്‍പത്തി ഒന്ന് വര്‍ഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയ സുകൃതമാണ് മമ്മൂട്ടി. ലോക സിനിമയ്ക്ക് മുന്നില്‍ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാന്‍ കിട്ടിയ മഹാഭാഗ്യമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും ഏല്ക്കാതെ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ഓരോ പിറന്നാള്‍ ആകുമ്പോഴും കേരളം ചോദിക്കുന്നത്. നിത്യഹരിതമായൊരു അഭിനയകാലമായി മമ്മൂട്ടി തുടരുന്നു. ഓരോ മലയാളിയുടേയും മനസ്സിനെ തൊട്ട ഒരു നിമിഷമെങ്കിലും ഇക്കാലം കൊണ്ട് മമ്മൂട്ടി പകര്‍ന്നാടി.
ഒരുപാട് പരിമിതികളുള്ള, തീരാത്ത അഭിനിവേശം കൊണ്ട് മാത്രം നടനായ ഒരുവനാണ് താനെന്ന് മമ്മൂട്ടി പലവട്ടം പറഞ്ഞിട്ടുണ്ട്. അതിന്റെ തെളിവുകള്‍ തന്നെയാണ് പുറത്തിറങ്ങുന്ന ഓരോ ചിത്രങ്ങളിലും കാണാന്‍ സാധിക്കുന്നതും. സിനിമയില്‍ വലിയൊരു താരമാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന്, ‘ഞാനൊരു സ്റ്റാര്‍ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാക്സിമം വില്ലന്റെ പിന്നില്‍ യെസ് ബോസ് പറഞ്ഞു നില്ക്കുന്ന ഒരാള്‍ ആകുമെന്നാണ് പ്രതീക്ഷിച്ചത്. ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവുമാണ്. നമ്മളെ സിനിമാക്കാര് ഒന്നു ശ്രദ്ധിച്ചു കിട്ടാന്‍ പറ്റിയ വേദികളൊന്നും അന്ന് ഉണ്ടായിരുന്നില്ല. ഇന്ന് അതല്ല’, എന്നായിരുന്നു ഒരഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞത്.
ഇപ്പോഴിതാ മമ്മൂട്ടിയുടെ മറ്റൊരു അഭിമുഖമാണ് വൈറലാവുന്നത്. തനിക്ക് എട്ട് ഒമ്പത് വയസ്സുള്ളപ്പോഴൊക്കെ സിനിമയില്‍ വരാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പറയുന്നു. അപ്പോള്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന ബാലതാരങ്ങള്‍, പിന്നീട് ടീനേജ് പ്രായമായപ്പോള്‍ നോവലുകള്‍ വായിക്കുമ്പോള്‍ അതിലെ എന്റെ പ്രായത്തിലുള്ള കഥാപാത്രങ്ങള്‍ അതെല്ലാം മനസില്‍ കാണുക, അവരുടെ ഡയലോഗുകള്‍ ആരും കാണാതെ പറയാന്‍ ശ്രമിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. ഇതുപൊലെ ഒറു തരം ഭ്രമവും ഭ്രാന്തുമൊക്കെ തന്നെയായിരിക്കണം ഇവിടെ എത്തിച്ചത്. ഒരു സുപ്രഭാതത്തില്‍ വഴിയേപോയ എന്നെ വിളിച്ച് അഭിനയിപ്പിച്ച് സൂപ്പര്‍സ്റ്റാറോ വലിയ നടനോ ആക്കിയതല്ല. ഞാന്‍ വലിയ നടനാകാന്‍ ആഗ്രഹിച്ചിരുന്നില്ലെങ്കില്പോലും ഒരു നടനാകാന്‍ ആഗ്രഹിച്ചു. പക്ഷേ ഇപ്പോഴും എന്റെ ആഗ്രഹം സഫലീകരിച്ചിട്ടില്ല. ഇപ്പോഴും ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുകയല്ലേ. നടനായി കഴിഞ്ഞാല്‍ അപ്പോള്‍ നിര്‍ത്തണ്ടേ എന്നും അതുകൊണ്ട് അഭിനയിച്ചുകൊണ്ടേ ഇരിക്കുകയാണെന്നും മമ്മൂട്ടി പറയുന്നു.