25 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ചരിത്ര വിജയം നേടി രണ്ടാം വാരത്തിലേക്ക് റോഷാക്ക്….!
കൊവിഡ് കാലത്തിനു ശേഷമുള്ള ഒരിടവേളയില്‍ തിയറ്ററുകളില്‍ മലയാള സിനിമയ്ക്ക് പ്രേക്ഷകരില്ലെന്ന ആശങ്ക സിനിമാലോകവും തിയറ്റര്‍ വ്യവസായവും പങ്കുവച്ചിരുന്നു. എന്നാല്‍ തിയറ്ററുകള്‍ പൂരപ്പറമ്പാക്കി ഭീഷ്മപര്‍വ്വം, തല്ലുമാല, ന്നാ താന്‍ കേസ് കൊട് ചിത്രങ്ങള്‍ വന്നതോടെ അത്തരം ആശങ്കകള്‍ ആഹ്ലാദത്തിന് വഴിമാറി. ഇപ്പോഴിതാ ഈ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് മമ്മൂട്ടി നായകനായെത്തിയ ചിത്രം റോഷാക്കും എത്തിയിരിക്കുകയാണ്. നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ആദ്യ വാരാന്ത്യത്തില്‍ നിറയെ ഹൗസ്ഫുള് പ്രദര്‍ശനങ്ങള്‍ ആയിരുന്നു. ഓപണിംഗ് കളക്ഷനിലും വലിയ മുന്നേറ്റമാണ് നടത്തിയത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്നു മാത്രം നേടിയത് 9.75 കോടിയാണെന്ന് ആന്റോ ജോസഫ് അറിയിച്ചിരുന്നു.
ഇന്നിപ്പോള്‍ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. തിയേറ്ററില്‍ ഇപ്പോഴും ഹൗസ്ഫുള് ഷോകളുമായി മുന്നേറുകയാണ്. ചിത്രം 25 കോടി ക്ലബ്ബില്‍ എത്തിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേരളത്തില്‍ നിന്ന് മാത്രം ഒരാഴ്ച്ച നേടിയത് 13.85 കോടിയും റെസ്റ്റ് ഓഫ് ഇന്ത്യ 1.4 കോടിയും യുഎഇ ജിസിസി 10.20 കോടിയും ബാക്കി 70 ലക്ഷവുമാണ് റോഷാക്ക് സ്വന്തമാക്കിയത്. വേള്‍ഡ് വൈഡ് 26 കോടിയാണ് കളക്ഷന്‍ ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വന്‍ ആഘോഷത്തോടെയാണ് ഈ റിപ്പോര്‍ട്ടുകളെ മമ്മൂട്ടി ആരാധകരും പ്രേക്ഷകരും വരവേറ്റിരിക്കുന്നത്.
ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകളും റിവ്യൂകളും വീഡിയോകളും ഒക്കെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. സൈക്കളോജിക്കല്‍ റിവഞ്ച് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ലൂക് ആന്റണി എന്ന ബിസിനസ്സ്മാന്‍ ആയിട്ടാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ കരിയറിലെ വ്യത്യസ്തമായ ഒരു വേഷം കണ്ട് അത്ഭുതപ്പെടുകയാണ് സിനിമാ പ്രേമികള്‍.
റോഷാക്കിലെ ഓരോ രംഗങ്ങളും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘റോഷാക്ക്’. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് മിഥുന് മുകുന്ദന് ആണ്. ഗ്രേസ് ആന്റണി, ജഗദീഷ്, ആസിഫ് അലി, ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്, കോട്ടയം നസീര്‍, സഞ്ജു ശിവറാം തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.