‘വെല്‍ക്കം ബാക്ക്…!’ വീണ്ടും സസ്പെന്‍സ് നിറച്ച് മമ്മൂട്ടി ചിത്രം റോഷാക്ക് പ്രീ റിലീസ് ടീസര്‍
മലയാള സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന റോഷാക്ക്. ചിത്രത്തിന്റെ പേരും ടൈറ്റില്‍ ലുക്ക് പോസ്റ്ററും മുതല്‍ നല്കിയ കൗതുകം റിലീസിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴും ചിത്രത്തിന് തുടരാന്‍ സാധിച്ചിട്ടുണ്ട്. ഒക്ടോബര്‍ 7 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ പുതിയൊരു ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രേക്ഷകരെ വീണ്ടും കണ്‍ഫ്യൂഷനടിപ്പിച്ച് ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. 28സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറിന്റെ അവസാന ഭാഗമാണ് ഇപ്പോള്‍ പ്രേക്ഷകരില്‍ കണ്ഫ്യൂഷനടിപ്പിക്കുന്നത്.
മുഖം മൂടിവെച്ച് മമ്മൂട്ടിയുടെ പോസ്റ്റര്‍ വൈറലായിരുന്നു. ഇപ്പോള്‍ അതേ മുഖം മൂടിവെച്ച് അവസാനഭാഗത്ത് മറ്റൊരാളെ നേര്‍ക്കുനേര്‍ നോക്കിനില്ക്കുന്നതാണ് കാണിക്കുന്നത്. ഇതാരാണെന്ന് അറിയാനുള്ള ആകാംഷയിലാണ് ചിലര്‍. ചിത്രത്തില്‍ ആസിഫ് അലി ഗസ്റ്റ് റോളില്‍ എത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അത്കൊണ്ട് തന്നെ ഈ മൂഖം മൂടിവെച്ചയാള് ആസിഫ് അലിയാണ് എന്ന് ഉറപ്പിച്ച മട്ടിലാണ് മറ്റ് ചിലര്‍. ഒരു വീടും അത് വാങ്ങാനെത്തുന്ന ആളുമായും ചുറ്റപ്പെട്ടാണ് റോഷാക്കിന്റെ കഥാപരിസരം കിടക്കുന്നതെന്നസൂചനയാണ് ടീസര്‍ തരുന്നത്. മമ്മൂട്ടി കഥാപാത്രമായ ലൂക്ക് ആന്റണിയെ എന്തെങ്കിലും ചെയ്യേണ്ടി വരുമെന്ന ഗ്രേസ് ആന്റണിയുടെ കഥാപാത്രം തീരുമാനിക്കുന്ന ചില സീനുകളും ടീസറില്‍ ഉണ്ട്. ഒരു മരണത്തെക്കുറിച്ചും ടീസറില്‍ പറയുന്നുണ്ട്. ഇതെല്ലാം അറിയാനുള്ള ആകാംഷയിലായിരിക്കും നാളെ സിനിമാ പ്രേമികള്‍ തിയേറ്ററിലേക്ക് എത്തുക.
കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുള്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം നിര്‍വഹിച്ചിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയിട്ടുള്ള ചിത്രത്തിന് ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. ഷറഫുദ്ദീന്, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.