‘ഇപ്പോള്‍ വാത്സല്യവും, മേലേടത്ത് രാഘവന് നായരും കൊണ്ട്വന്നാല്‍ നടക്കുന്ന കേസുകെട്ടല്ല’ ; തുറന്ന് പറഞ്ഞ് മമ്മൂട്ടി
മലയാള സിനിമയ്ക്ക് പണ്ടത്തെ സിനിമകളില്‍ നിന്നും വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഒരുപാട് ചലച്ചിത്ര പ്രവര്‍ത്തകരും താരങ്ങളും വരികയും സിനിമാ സംസ്കാരം തന്നെ മാറുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മാറിയ കാലത്തെ സിനിമകളെപറ്റി തങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് മലയാളികളുടെ സ്വന്തം മമ്മൂട്ടിയും ജഗദീഷും. മാതൃഭൂമി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് കാഴ്ച്ചപ്പാടുകള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ജഗദീഷിന്റെ പഴയ കുടുംബ ചിത്രങ്ങളെ പറ്റിയുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നത്.
പണ്ട് ഇറങ്ങിയത്പോലെയുള്ള ചിത്രങ്ങള്‍ ഇന്നിറങ്ങാത്തതിന് പലകാരണങ്ങളുണ്ടെന്ന് ജഗദീഷ് പറയുന്നു. ഞാന്‍ അന്ന് അഭിനയിച്ച സ്ഥലത്തെ പ്രധാന പയ്യന്‍സ് വലിയ ഹിറ്റ് സിനിമയായിരുന്നു. അതിലെ ഡയലോഗ്സ് രണ്‍ജി പണിക്കരാണ് എഴുതിയത്. ഇപ്പോള്‍ ഡയലോഗ് ഓറിയന്റഡായ പൊളിറ്റിക്കല്‍ സിനിമകള്‍ അധികം വരുന്നില്ല. കാരണം ഇപ്പോള്‍ ന്യൂസ് ചാനലില്‍ ചര്‍ച്ചയുണ്ട്. അത് തന്നെ ഒരു സിനിമയാണ്. അതില്‍ പ്രതിപക്ഷം ഉണ്ട്, ഭരണകക്ഷിയുണ്ട്. അതുപോലെ കുടുംബചിത്രങ്ങള്‍ക്ക് പകരമായി സീരിയലുകള്‍ കയ്യടക്കി കഴിഞ്ഞുവെന്നും ജഗദീഷ് പറയുന്നു.
ഫാമിലി സിനിമകള്‍ ഇപ്പോഴും ഉണ്ടാകുന്നുണ്ടെന്നും കുടുംബങ്ങളാണ് മാറിയതെന്നും മമ്മൂട്ടി പറയുന്നു. ഫാമിലിയില്‍ നടക്കുന്ന കഥകളാണ് എല്ലാവരുടേയും. പക്ഷേ ഇപ്പോള്‍ ഫാമിലികള്‍ മാറി. 90കളിലെ ഫാമിലി അല്ല ഇപ്പോള്‍. കുട്ടികള്‍ അങ്ങനെയല്ല, അവര്‍ അറിയുന്നതും അവരുടെ ചിന്തകളും ഒന്നും അങ്ങനെയല്ല. മൊബൈല്‍ ഫോണ്‍ വരെ മാറി. ടെലിവിഷനും മാറി. കുടുംബത്ത് നടക്കുന്ന പ്രശ്നങ്ങള്‍ മാറി. പഴയ പ്രശ്നങ്ങള്‍ ഇപ്പോള്‍ കൊണ്ടുവന്നിട്ട് കാര്യമില്ല. ഇപ്പോള്‍ വാത്സല്യം കൊണ്ടുവന്നാല്‍ നടക്കുന്ന കേസുകെട്ടല്ല. മേലേടത്ത് രാഘവന് നായരൊന്നും ഇപ്പോള്‍ നടക്കില്ല. വേറെ ലൈനാണ് ഇന്നത്തെകാലം. മാറുന്നതനുസരിച്ചാണ് കഥയും കഥാപാത്രങ്ങളും മാറുന്നതെന്നും മമ്മൂട്ടി വ്യക്തമാക്കുന്നു.
മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തുന്ന റോഷാക്ക് സിനിമ റിലീസിന് എത്തുകയാണ്. ചിത്രത്തില്‍ ജഗദീഷ്, ഷറഫുദ്ദീന്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ ഏഴിനാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടി കമ്പനിയാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നടന് ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.