‘ദേശീയതയ്ക്ക് ഊന്നല്‍ നല്കുന്ന മുസല്‍മാനായ മൂസയുടെ കഥയാണ് ‘മേ ഹൂം മൂസ’ പറയുന്നത്’ ; മലപ്പുറം ഭാഷ സംസാരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല! സുരേഷ് ഗോപി
സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മേ ഹൂം മൂസ’. ഇന്ത്യന്‍ ആര്‍മിയിലെ അംഗമായ മലപ്പുറം പൊന്നാനിക്കാരനായ ‘മൂസ’ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയില്‍ നിന്നും പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലെ അദ്ദേഹത്തിന്റെ ‘മൂസ’ എന്ന കഥാപാത്രം. രാജ്യത്തെ അകമഴിഞ്ഞു സ്നേഹിക്കുന്ന, സേവിക്കുന്ന ഒരു കഥാപാത്രം. മൂസയുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം.
പുനം ബജ്വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ് , ഹരിഷ് കണാരന്, ജോണി ആന്റണി, മേജര്‍ രവി, മിഥുന് രമേശ്, ശരണ്‍, സ്രിന്ദാ, ശശാങ്കന് മയ്യനാട്, എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ഡല്‍ഹി, ജയ്പ്പൂര്‍, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ‘മേ ഹും മൂസ’ ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്.
അതേസമയം, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി. ദേശീയതയ്ക്ക് ഊന്നല്‍ നല്കുന്ന മുസല്‍മാനായ മൂസയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല, ഇത്രയും സോളും ഇന്റഗ്രിറ്റിയുമുള്ള, ദേശീയതയക്ക് ഊന്നല്‍ നല്കുന്ന ഒരു മുസല്‍മാനായി ഞാന്‍ സിനിമയില്‍ നിങ്ങളുടെ മുന്നില്‍ എത്തുകയാണ് ഈ ചിത്രത്തിലൂടെ എന്നും സുരേഷ് ഗോപി പറഞ്ഞു.
തന്റെ സിനിമാ ജീവിതത്തില്‍ ഇങ്ങനെ ഒരു വേഷത്തിലും ഭാവത്തിലും രൂപത്തിലും നിങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, സിനിമയില്‍ പറയുന്ന മലപ്പുറം ഭാഷ സംസാരിക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടായിട്ടില്ല. തന്നെ അതിന് സഹായിക്കാന്‍ എഴുത്തുകാരന് ആയിരുന്ന രൂപേഷ് സെറ്റില്‍ ഉണ്ടായിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു.