‘മമ്മൂക്ക ആ ഡയലോഗ് പറഞ്ഞതുകേട്ട് ഞാന്‍ ഭയന്നുപോയി’ ; ഹരീഷ് ഉത്തമന്
തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് ഉത്തമന്. മുംബൈ പോലീസ്, മായാനദി, കോടതി സമക്ഷം ബാലന് വക്കീല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ്. ‘താ’ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ഇന്ന് തെന്നിന്ത്യയില്‍ വില്ലനായും സഹനടനായും തിളങ്ങുകയാണ്. മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വമാണ് ഹരീഷ് ഉത്തമന് ഒടുവില്‍ അഭിനയിച്ച ചിത്രം. അപര്‍ണ ബാലമുരളി പ്രധാന വേഷത്തിലെത്തുന്ന ഉത്തരം എന്ന ചിത്രമാണ് ഹരീഷിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ പ്രമോഷന് പരിപാടിയുടെ ഭാഗമായി ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഭീഷ്മപര്‍വ്വത്തില്‍ ഒരു കാറില്‍ ഇരിക്കുന്ന സീനില്‍ മമ്മൂട്ടി ശകാരിക്കുന്ന സീന്‍ കേട്ടിട്ട് അന്താളിച്ച് പോയെന്ന് മുമ്പ് ഹരീഷ് പറഞ്ഞിരുന്നു. സിനിമ കണ്ടിരുന്ന എല്ലാര്ക്കും ഞാന്‍ ചെയ്ത ക്യാരക്ടര്‍ കണ്ടിട്ട് ഇടിച്ച് കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നുവെന്നും ശരിക്കും അതാണ് വിജയമെന്നും മമ്മൂക്ക പറഞ്ഞ ആ ഡയലോഗ് പോലും തന്റെ ക്യാരക്ടറില്‍ കുറച്ച് കൂടെ വിജയമാക്കാന്‍ സാധിച്ചുവെന്നും ഹരീഷ് പറയുന്നു. മമ്മൂട്ടി ശരിക്കും ഗ്രേറ്റാണെന്നും അദ്ദേഹം ലൈബ്രറീസ് മാന്‍ ആണെന്നും മമ്മൂക്ക പറയുന്ന കാര്യങ്ങളെല്ലാം ശരിക്കും നോട്ട് എഴുതി എടുക്കാനും കേള്‍ക്കാനും തോന്നും. അതെല്ലാം നമുക്ക് യൂസ്ഫുള്‍ ആയിട്ടുള്ള കാര്യങ്ങളാണ്. മമ്മൂട്ടി എപ്പോഴും എന്ത് കാര്യത്തെക്കുറിച്ചാണെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും. എന്ത് ടോപ്പിക്കിനെക്കുറിച്ചാണെങ്കിലും അദ്ദേഹത്തോട് ചോദിച്ചാല്‍ അദ്ദേഹം സംസാരിക്കും. മമ്മൂട്ടി ഒരു എന്‍സൈക്ലോപീഡിയ ആണെന്നും ഹരീഷ് വ്യക്തമാക്കി.
ഉത്തരം എന്ന ചിത്രമാണ് ഹരീഷ് ഉത്തമന് പോലീസ് ഉദ്യോഗസ്ഥനായി എത്തുന്ന പുതിയ സിനിമ. അപര്‍ണാ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സുധീഷ് രാമചന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യും. സിദ്ധാര്‍ത്ഥ് മേനോന്, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന് ചേര്‍ത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജിത് ഉണ്ണിയുടേതാണ് തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം പകരുന്നു. എ ആന്‍ഡ് വി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു.