‘തെറ്റുചെയ്തതായി അറിഞ്ഞാല്‍, വിളിച്ച് ശാസിക്കാനുള്ള അധികാരം മണിയെനിക്ക് നല്‍കിയിരുന്നു’ ; വികാരഭരിതനായി മമ്മൂട്ടി
മലയാളികളുടെ മനസില്‍ നിന്നും ഒരിക്കലും മായാത്ത കലാകാരനാണ് കലാഭവന്‍ മണി. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും അദ്ദേഹത്തിന്റെ ചിരിയും പട്ടുമെല്ലാം ഇന്നും ജനഹൃദയങ്ങളില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ്. കലാഭവന്‍ മണിയുടെ ഗാനങ്ങളോ സിനിമയോ കാണാത്തതോ കേള്‍ക്കാത്തതോ ആയ ഒരു മലയാളിയും ഇന്നും ഉണ്ടാവില്ല. നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം തിളങ്ങിയിട്ടുള്ള മണി, മലയാള സിനിമാ ലോകത്തെ പകരക്കാരനില്ലാത്ത വ്യക്തിത്വമാണ്. കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്നു അദ്ദേഹം. മണിയുടെ സിനിമകളും നാടന്‍പാട്ടുകളും ഇന്നും മലയാളികളെ രസിപ്പിക്കുകയും കണ്ണു നനയിക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ കലാഭവന്‍ മണിയെക്കുറിച്ച് മലാളത്തിന്റെ പ്രിയ താരം മമ്മൂട്ടി പറയുന്ന വാക്കുകളാണ് വൈറലാവുന്നത്. മണിയെ ആദ്യം കണ്ടപ്പോള്‍ തനിക്ക് ഓര്‍മ്മ വന്നത് ഇതിഹാസ താരം കാള്‍ ലൂയിസിനെയാണെന്ന് മമ്മൂട്ടി പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ ആണ് മമ്മൂട്ടി കലാഭവന്‍ മണിയെക്കുറിച്ച് കുറിപ്പ് എഴുതിയിരിക്കുന്നത്.
‘മണിയെ ആദ്യമായി കണ്ട നാളുകളില്‍ തനിക്ക് അത്‌ലറ്റ് കാള്‍ ലൂയിസിനെയാണ് ഓര്‍മവന്നത്. അയാളുടെ ശരീരഭാഷയ്ക്ക് വേഗവും ദൂരവും താണ്ടുന്ന ആ കായികതാരത്തിനോട് ഒരുപാട് സാമ്യമുണ്ടായിരുന്നു. കാള്‍ ലൂയിസിനെപ്പോലുള്ളയാള്‍ എന്നാണ് മണിയെക്കുറിച്ച് തന്റെ വീട്ടിലെ സംസാരങ്ങളില്‍ താന്‍ പറഞ്ഞിരുന്നത്. ആള്‍ക്കൂട്ടങ്ങളെ ആവേശം കൊള്ളിക്കും വിധം നാടന്‍ പാട്ടുകളെ ശക്തമായി അവതരിപ്പിച്ചതില്‍ മണിക്ക് വലിയ പങ്കുണ്ടെന്നും നൂറു കണക്കിനു പാട്ടുകള്‍ മണി തേടിപ്പിടിച്ചു കണ്ടെത്തി അവതരിപ്പിക്കുമായിരുന്നുവെന്നും അറിയാവുന്നവരെക്കൊണ്ടെല്ലാം എഴുതിക്കുമായിരുന്നുവെന്നും സിനിമയില്‍ വന്നശേഷം ഒരിക്കല്‍ മണി താന്‍ ‘ചെറുപ്പത്തില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ നേതാവായിരുന്നുവെന്ന്’ പറഞ്ഞു. അതുകേട്ടപ്പോള്‍ ഞാന്‍ ചിരിച്ചൊഴിഞ്ഞെങ്കിലും വിശ്വസിപ്പിക്കാനെന്നോണം മണി കുറേ പഴയ കഥകള്‍ പറഞ്ഞുവെന്നും’ മമ്മൂട്ടി കുറിപ്പില്‍ പറയുന്നു.
‘സ്വന്തമായൊരു ഗായകസംഘമുണ്ടാക്കുകയും ചെയ്തു മണിയെന്നാണ് അദ്ദേഹം പറയുന്നത്. വിദേശരാജ്യങ്ങളില്‍ നമ്മുടെ നാട്ടുകാര്‍ക്കൊപ്പം മലയാളം അറിയാത്തവര്‍ പോലും മണിയുടെ പാട്ടിനൊത്ത് ചുവടുവയ്ക്കുന്നത് അദ്ഭുതത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ടെന്നും താരം പറയുന്നു. കാറിന്റെ ഡിക്കിയില്‍ നിറയെ പഴങ്ങളും പച്ചക്കറികളും ചെടികളുമായി വരാറുള്ള മണിയെ കുറിച്ച് ഒരുപാട് ഓര്‍മകളുണ്ട്. തൃശ്ശൂര്‍, ചാലക്കുടി ഭാഗങ്ങളിലെവിടെയെങ്കിലും ഷൂട്ടിങ് നടക്കുന്നതായി അറിഞ്ഞാല്‍ മണി ലൊക്കേഷനില്‍ വന്നുകയറുന്നത് പതിവായിരുന്നുവെന്നാണ് മമ്മൂട്ടി പറയുന്നത്. ആ വരവില്‍ മണി ആടും കോഴിയുമെല്ലാം കരുതിയിരിക്കുമെന്നും കൂടെ പാചകത്തിനൊരാളും ഉണ്ടാകുമായിരുന്നു’ എന്നും തന്റെ സഹപ്രവര്ത്തകന്‍ കൂടിയായ കലാഭവന്‍ മണിയെക്കുറിച്ച് മമ്മൂട്ടി ഓര്‍ക്കുന്നു.
‘തെറ്റുചെയ്തതായി അറിഞ്ഞാല്‍, വിളിച്ച് ശാസിക്കാനുള്ള അധികാരം മണിയെനിക്ക് നല്‍കിയിരുന്നുവെന്നാണ് മമ്മൂട്ടി പറയുന്നത്. ഞാന്‍ വഴക്കുപറയുമ്പോള്‍ തലകുനിച്ച് കണ്ണുനിറയ്ക്കുന്ന മണിയുടെ ചിത്രം ഇന്നും ഓര്‍മയിലുണ്ടെന്നും അവസാനകാലത്ത് മണിയെ ക്ഷീണിതനായി കണ്ടപ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകളെന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. പുതിയ സിനിമയ്ക്കുള്ള ഡയറ്റിങ്ങാണെന്നായിരുന്നു മണിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി നല്‍കിയത്. മണി ഇത്ര പെട്ടെന്നു പോകേണ്ട ഒരാളല്ല. പക്ഷേ, കാലം തട്ടിപ്പറിച്ചുകൊണ്ടുപോയി. നമുക്ക് കാണികളായി നില്‍ക്കാനേ കഴിയൂ’ , മമ്മൂട്ടി വ്യക്തമാക്കുന്നു.