‘ഏറ്റവും മികച്ച മനുഷ്യരില്‍ ഒരാളാണ് സുരേഷ് ഗോപി, എന്റെ സിനിമ നിന്നുപോകുന്ന അവസ്ഥയില്‍ സാമ്പത്തികമായി തുണയായത് അദ്ദേഹമാണ്’ ; അനൂപ് മേനോന്
മലയാളസിനിമയിലെ നിറസാന്നിധ്യമാണ് അനൂപ് മേനോന്. നടന് എന്ന നിലയില്‍ മാത്രമല്ല സംവിധായകന്, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ അനൂപ് മേനോന് പ്രതിഭ തെളിയിച്ചിട്ടുണ്ട്. ടെവിഷനിലൂടെയായിരുന്നു അനൂപ് മേനോന്റെ തുടക്കം. അവതാരകനായും സീരിയല്‍ താരമായും കയ്യടി നേടിയ ശേഷമാണ് അനൂപ് സിനിമയിലെത്തിയത്. സിനിമയിലും സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ അനൂപിന് സാധിച്ചു. പദ്മയാണ് അനൂപിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോഴിതാ സുരേഷ് ഗോപി തനിക്ക് ചെയ്തു തന്ന സഹായത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അനൂപ് മേനോന്. ഡോള്‍ഫിന്‍സ് എന്ന തന്റെ ചിത്രം നിന്നുപോകുന്ന അവസ്ഥയില്‍ സാമ്പത്തികമായി തുണയായത് സുരേഷ് ഗോപിയാണെന്നാണ് അനൂപ് പറയുന്നത്.
ഡോള്‍ഫിന്‍ എന്ന സിനിമ നിന്നുപോകും എന്നൊരു അവസ്ഥ വന്ന സമയത്ത്, എന്നെ കാരവാനിലേക്ക് വിളിപ്പിച്ച് ഒരു കെട്ട് പൈസ എടുത്ത് തന്നു. എന്നിട്ട് അദ്ദേഹം പടം ഷൂട്ട് ചെയ്ത് തീര്‍ക്കാന്‍ പറഞ്ഞു. എനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കഥാപാത്രമാണതെന്നും ഒരിക്കലും ചിത്രം നിന്നുപോകരുതെന്നും സുരേഷ് ഗോപി തന്നോട് പറഞ്ഞു. 25 ലക്ഷം രൂപയാണ് അന്ന് എന്റെ കയ്യില്‍വെച്ച് തന്നത്. ഒരിക്കലും മറക്കാനാകാത്ത ഒരു സംഭവമാണതെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു. ഏറ്റവും മികച്ച മനുഷ്യരില്‍ ഒരാളാണ് സുരേഷേട്ടനെന്നും അദ്ദേഹം പറയുന്നു. നല്ലൊരു രാഷ്ട്രീയക്കാരനാണ് സുരേഷേട്ടന്. സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ ശശി തരൂരിനെ പോലെയൊക്കെയുള്ള എല്ലാവരും ബഹുമാനിക്കുന്നൊരു രാഷ്ട്രീയക്കാരന് ആയേനെ സുരേഷ് ഗോപി എന്നും അനൂപ് വ്യക്തമാക്കുന്നു. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തില്‍ താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അതേസമയം പാപ്പന് എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഒരിടവേളക്ക് ശേഷം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ട് തിരിച്ചെത്തിയ ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 252മാത്തെ ചിത്രം കൂടിയായിരുന്നു. പാപ്പന് ഇതിനോടകം തന്നെ 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. ഇപ്പോഴും തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്. ഗോകുലം ഗോപാലന്, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്, ടിനി ടോം, ഷമ്മി തിലകന്, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.