‘സമയമില്ല ലാലേട്ടനെ കാണാന്‍ പോകണം’; പൃഥ്വിരാജിന്റെ വാക്കുകള്‍ ട്രോളുകളായി സോഷ്യല്‍ മീഡിയകളില്‍ നിറയുന്നു
മലയാളത്തിലെ ഹിറ്റ് കോംബോ എന്ന ലിസ്റ്റില്‍ സമീപകാലത്ത് ഇടം നേടിയ താരങ്ങളാണ് പൃഥ്വിരാജും മോഹന്‍ലാലും. സിനിമയ്ക്ക് അപ്പുറം ഏറെ ആത്മബന്ധം സൂക്ഷിക്കുന്ന രണ്ട് താരങ്ങളാണ് ഇരുവരും. ഏട്ടന് എന്നാണ് പൃഥ്വി മോഹന്‍ലാലിനെ വിളിക്കുന്നത്. തിരിച്ച് സഹോദരതുല്യമായ സ്നേഹവും വാത്സല്യവുമൊക്കെയാണ് മോഹന്‍ലാലിന് പൃഥ്വിവിനോടുള്ളത്. പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് ചുവടുവെച്ചതിന് ശേഷം ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ലൂസിഫറില്‍ നായകനായത് മോഹന്‍ലാല്‍ ആയിരുന്നു. ബ്രോ ഡാഡിയിലും ആ സൗഹൃദം തുടര്‍ന്നു. ഇനി എമ്പുരാന് എന്ന ചിത്രത്തില്‍ വീണ്ടും ഇരുവരും ഒന്നിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ജനഗണമന എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങില്‍ നിന്ന് വേഗത്തില്‍ മടങ്ങുകയാണെന്നും മോഹന്‍ലാലിനെ കാണാന്‍ പോകണം എന്നും പൃഥിരാജ് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഞാന്‍ അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കാന്‍ ലാലേട്ടനെ കാണാന്‍ പോകേണ്ടത് കൊണ്ട് എനിക്ക് ഈ ചടങ്ങില്‍ നിന്ന് നേരത്തെ ഇറങ്ങണം, ലാലേട്ടന് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഇന്ത്യക്ക് പുറത്ത് പോയാല്‍ പിന്നെ പത്ത് അറുപത് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ വരുകയുള്ളൂ. അതിന് മുമ്പ് എനിക്ക് ലാലേട്ടനെ കാണണമെന്നായിരുന്നു പൃഥ്വി പറഞ്ഞത്.
ഇപ്പോഴിതാ പൃഥ്വിരാജിന് എതിരെയുള്ള രസകരമായ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആവുകയാണ്. ‘ജന ഗണ മന’ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടയില്‍ കുഞ്ചാക്കോ ബോബനെ കണ്ടപ്പോഴും ലാലേട്ടനെ കാണണമെന്ന് പൃഥ്വി പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയും നേരത്തെ വൈറലായിരുന്നു. രസകരമായ ട്രോളുകളാണ് ഇതെല്ലാംവെച്ച് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്.
അതേസമയം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയിലാണ് നിലവില്‍ പൃഥ്വിരാജ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തീര്‍പ്പാണ് പൃഥ്വിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ ട്രയ്ലര്‍ ഇന്ന് പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ട്രയ്ലര്‍ പുറത്തിറങ്ങിയ നിമിഷ നേരംകൊണ്ട് ലഭിക്കുന്നത്. ഓഗസ്റ്റ് 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നയന്‍താര നായികയായി എത്തുന്ന അല്‍ഫോണ്‍സ് പുത്രന് ചിത്രം ഗോള്‍ഡും പൃഥിയുടെ റീലീസിന് തയ്യാറായി ഇരിക്കുന്ന ചിത്രമാണ് ഓണം റിലീസായിട്ടാണ് ഗോള്‍ഡ് എത്തുക.