‘വെളുക്കാൻ തേച്ചത് പാണ്ടായി; തൊഴിലാളി ദിന ട്രോളിൽ മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ
‘മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് ലോകത്തിലെ കോടീശ്വരനായ ഏക തൊഴിലാളി മെയ് ദിനാശംസകൾ’ വലിയ ചർച്ചകൾ ഇടയാക്കിയ ബോബി ചെമ്മണ്ണൂർ പങ്കുവച്ച ട്രോൾ മലയാളികൾക്ക് പെട്ടെന്നങ്ങ് മാറ്റാൻ കഴിയില്ല. മോഹൻലാലിനെയും നിർമാതാവ് ആന്റണി പെരുമ്പാവൂരിനെയും കളിയാക്കി കൊണ്ട് ബോബി ചെമ്മണ്ണൂർ പങ്കുവെച്ച ട്രോൾ മോഹൻലാൽ ആരാധകരുടെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇപ്പോഴിതാ ബോബി ചെമ്മണ്ണൂർ തന്നെ ഈ വിഷയത്തിൽ മാപ്പ് പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ബോബി ചെമ്മണ്ണൂരിന്റെ വാക്കുകൾ ഇങ്ങനെ:”ഹായ് സുഹൃത്തുക്കളെ ശത്രുക്കളെ…വെളുക്കാൻ തേച്ചത് പാണ്ടായി തൊഴിലാളി ദിന ആശംസ പോസ്റ്റ്, ഫോർവേഡ് ആയി വന്നത് എന്റെ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യപ്പെട്ടു. ഒരു തമാശരൂപേണയാണ് ഞാൻ അതിനെ കണ്ടത്. ഞാൻ എപ്പോഴും ട്രോളുകളിൽ നിറഞ്ഞുനിൽക്കുകയും, നിങ്ങളെ ചിരിപ്പിക്കുകയും ആണല്ലോ പതിവ്. ഈ പോസ്റ്റ് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ട് എങ്കിൽ മാപ്പ് തരണമേയെന്ന് ഞാൻ അപേക്ഷിക്കുന്നു. ലാലേട്ടൻ വലിയ നടനാണ്. ആന്റണി പെരുമ്പാവൂർ സ്വന്തം കഴിവു കൊണ്ടും അദ്ധ്വാനം കൊണ്ടും വളർന്നുവന്ന വലിയ നിർമാതാവാണ്. ഞാൻ അവരെ ബഹുമാനിക്കുന്നു. ഒരുവിധം എല്ലാ മലയാള സിനിമകളും ഞാൻ കാണാറുണ്ട്. എനിക്ക് എല്ലാ സിനിമക്കാരെയും ഇഷ്ടമാണ്. എന്റെ മുദ്രാവാക്യം സ്നേഹം കൊണ്ട് ലോകം കീഴടക്കുക എന്നതാണ്.
ഞാൻ ഏവരെയും സ്നേഹിക്കാൻ ശ്രമിക്കാറുണ്ട്. എനിക്ക് കക്ഷിരാഷ്ട്രീയം ഇല്ല. എല്ലാ പാർട്ടിക്കാരോടും നല്ല രീതിയിലുള്ള ബന്ധമാണ്. ഞാൻ ഇന്നുവരെ വോട്ട് ചെയ്തിട്ടില്ല. തെറ്റാണെന്ന് അറിയാം, എങ്കിലും ശീലമായിപ്പോയി. എനിക്ക് പ്രത്യേക ജാതിയോ മതമോ ഇല്ല. എന്റെ ജാതി മനുഷ്യ ജാതി മതം സ്നേഹമതം. ജനിക്കുമ്പോൾ ആരും വലിയവനായി ജനിക്കുന്നില്ല. അധ്വാനവും കഴിവും ഭാഗ്യവും ഒത്തുചേരുമ്പോൾ നമ്മൾ വിജയം കൊയ്യുന്ന നേതാക്കന്മാരായി മാറുന്നു. എന്റെ കമ്പനിയിൽ സെയിൽസ് ഓഫീസേഴ്സായി വന്ന പലരും മാസം 13 ലക്ഷം വരെ സമ്പാദിക്കുന്ന പങ്കാളികളും ഡയറക്ടേഴ്സുമായി മാറിയിട്ടുണ്ട്. ഞാൻ ജോലിക്കാരെ മിത്രങ്ങൾ ആയാണ് കാണുന്നത്. എനിക്ക് ശത്രുക്കൾ ഇല്ല ശത്രുക്കൾ ഉണ്ടാകല്ലെ എന്നാണ് എന്റെ പ്രാർത്ഥന. സ്നേഹിക്കുക സ്നേഹിക്കപ്പെടുക എന്നത് ഭയങ്കര സുഖമാണ്. അതിന് പകരം വയ്ക്കാൻ ഈ ലോകത്ത് ഇന്ന് ഒന്നും തന്നെയില്ല.so, conquer the world with love, love you everybody.നിങ്ങളുടെ സ്വന്തം ബോച്ചെ”