നിങ്ങളല്ലേ യഥാര്‍ഥ കടുവ ? ടൈഗര്‍ ഡേയില്‍ ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
മലയാള സിനിമയില്‍ സൂപ്പര്‍ താരമാണ് മമ്മൂട്ടി. തന്റെ മികച്ച അഭിനയ പാടവം കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിച്ച് സനിമയില്‍ അമ്പത് വര്‍ഷവും പിന്നിട്ടുകഴിഞ്ഞിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് എപ്പോഴും ആരാധകര്‍ പറയുന്നത്. മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി എഴുപത് പിന്നിട്ട് നില്‍ക്കുകയാണ്. എന്നാല്‍ ഇപ്പോഴും ഒരു ചെറുപ്പക്കാരന്റെ ലുക്കിലാണുള്ളത്. ഫിറ്റ്നസിന്റെയും ഗ്ലാമറിന്റെയും കാര്യത്തില്‍ ഏതൊരു മലയാളിയുടെയും സ്വകാര്യ അഹങ്കാരവും ഏറ്റവും വലിയ പ്രചോദനവുമാണ് മമ്മൂട്ടി എന്ന മഹാനടന്. പലപ്പോഴും മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചു പറ്റുന്നതിന് ഒരുകാരണവും അതുതന്നെയാണ്.
ഇപ്പോഴിതാ ഹാപ്പി ടൈഗര്‍ ഡേ എന്ന അടികുറിപ്പില്‍ മമ്മൂട്ടി പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വെള്ള പാന്റും ഇളം പച്ച കളര്‍ ലൈന്‍ വരുന്ന ഷര്‍ട്ടുമിട്ട ഫോട്ടോയാണ് അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ചിത്രം പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായി. ഫോട്ടോയിലെ മമ്മൂട്ടി ധരിച്ചിരിക്കുന്ന കൂളിങ് ഗ്ലാസ്സും ആരാധകര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഷാനി ശാക്കി തന്നെയാണ് ഇത്തവണയും മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മുമ്പും മമ്മൂട്ടിയുടെ ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലായിരുന്നു. ആ ചിത്രങ്ങള്‍ കാപ്ച്ചര്‍ ചെയ്തതും ഷാനി ഷാക്കി തന്നെയായിരുന്നു.
നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. ണമ്മൂക്ക കലക്കിയെന്നും നിങ്ങള്‍ പുലിയല്ല സിംഹമാണെന്നും മമ്മൂട്ടിയുടെ സിനിമയിലെ തന്നെ ഡയലോഗ് ആയ ഇവന് പുലിയാണ് കേട്ടോ എന്നെല്ലാമാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ഈ മനുഷ്യന് ഇങ്ങനെ തുടങ്ങിയാല്‍ നാട്ടിലെ ചെറുപ്പക്കാര്‍ കിണര്‍ തേടി അലയേണ്ടി വരുമെന്ന് മറ്റൊരാള്‍ തമാശ രൂപേണയും കമന്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ ട്വിറ്ററിലും ട്രെന്റിങ് ലിസ്റ്റില്‍ വന്നിട്ടുണ്ട്.
മമ്മൂട്ടിയുടേതായി പുറത്തിറങ്ങാന്‍ നിരവധി സിനിമകളാണ് ഉള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ മമ്മൂട്ടി ചിത്രങ്ങള്‍. അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രം ഏജന്റിലും മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിലവില്‍ ബി ഉണ്ണികൃഷ്ണന്റെ പുതിയ സിനിമയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടി ബി ഉണ്ണികൃഷ്ണന് ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുന്നതിന്റെ വീഡിയോ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരുന്നു.