തിയറ്ററുകളില്‍ തീപാറിക്കാന്‍ അവര്‍ വരുന്നു ; സുരേഷ് ഗോപി-ജോഷി ചിത്രം ‘പാപ്പന്’ റിലീസ് പ്രഖ്യാപിച്ചു
മലയാളത്തിലെ പോലീസ് കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണതയില്‍ എത്തിച്ച നടനാണ് മലയാളികളുടെ സ്വന്തം സുരേഷ് ഗോപി. സിനിമയിലെ പോലീസ് എന്ന പറയുമ്പോള്‍ മലയാളികളുടെ മനസില്‍ ഓടി വരുന്നതും സുരേഷ് ഗോപിയുടെ ആ വേഷങ്ങള്‍ തന്നെയാണ്. 2012ല്‍ പുറത്തിറങ്ങിയ ദി കിംഗ് ആന്‍ഡ് ദി കമ്മീഷ്ണര്‍ എന്ന ചിത്രത്തിലായിരുന്നു സുരേഷ് ഗോപി അവസാനമായി പോലീസ് വേഷത്തില്‍ അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പന്’ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി പോലീസ് ആയി എത്തുന്നുവെന്ന വാര്‍ത്ത അറിഞ്ഞതു മുതല്‍ ആരാധകരും സിനിമാ പ്രേമികളും ആകാംഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിന്റെ റിലീസിനായി.
ഇപ്പോഴിതാ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പാപ്പന് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. നീണ്ട ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ഈ ചിത്രം ജൂലൈ 29നാണ് തിയേറ്ററുകളില്‍ ബോക്സ്ഓഫീസ് തൂത്തുവാരാനായി എത്തുന്നത്. ചിത്രത്തില്‍ രണ്ട് ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി എത്തുന്നത്. ‘എബ്രഹാം മാത്യൂസ് പാപ്പന് ഐപിഎസ്’ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 252ാമത്തെ ചിത്രമാണ് പാപ്പന്.
മാസ്സ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വന്‍ താര നിരയാണ് അണിനിരക്കുന്നത്. നൈല ഉഷ, കനിഹ, നീത പിള്ള, ആശാ ശരത്ത്, സണ്ണിവെയിന്‍, ചന്ദുനാഥ്, വിജയരാഘവന്, ടിനി ടോം, ഷമ്മി തിലകന് എന്നിവരാണ് മറ്റ് നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം മകന് ഗോകുല്‍ സുരേഷും പാപ്പനില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതകൂടിയുണ്ട്. ഗോകുലം ഗോപാലന്, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും കെയര്‍ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആര്.ജെ ഷാനാണ്. ഏഴുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ജോഷിയും സുരേഷ് ഗോപിയും പാപ്പന് എന്ന ചിത്രത്തിനായി ഒന്നിക്കുന്നത്. ‘സലാം കാശ്മീര്‍ ആയിരുന്നു ജോഷിയും സുരേഷ് ഗോപിയും അവസാനമായി ഒന്നിച്ച് പ്രവര്‍ത്തിച്ച ചിത്രം. ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് ജോഷിയും സുരേഷ് ഗോപിയും. അതുകൊണ്ട് തന്നെ ഈ ടീം വീണ്ടുമെത്തുമ്പോള്‍ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും പ്രതീക്ഷകള്‍ ഏറെയാണ്.