‘സലാറി’നേക്കാൾ പ്രതിഫലം വാങ്ങി പൃഥ്വിരാജ്
പാന്‍ ഇന്ത്യന്‍ തലത്തില്‍ പ്രേക്ഷകശ്രദ്ധ നേടിയ അപൂര്‍വ്വം മലയാളി താരങ്ങളുടെ കൂട്ടത്തില്‍ മുന്‍നിരയിലുണ്ട് പൃഥ്വിരാജ്. തെലുങ്കില്‍ പ്രഭാസിനൊപ്പമെത്തിയ സലാറിന് ശേഷം ഒരു ബോളിവുഡ് ചിത്രത്തിലും പൃഥ്വി അഭിനയിച്ചിട്ടുണ്ട്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ 2017 ല്‍ പുറത്തെത്തിയ നാം ഷബാനയ്ക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ഹിന്ദി ചിത്രമാണ്. ഇപ്പോഴിതാ ചിത്രത്തിലെ പൃഥ്വിരാജ് അടക്കമുള്ള താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുകയാണ്.
ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് പൃഥ്വിരാജ് എത്തിയിരിക്കുന്നത്. ഡോ. കബീര്‍ എന്ന പ്രസ്തുത കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പൃഥ്വിരാജിന് ലഭിച്ചത് 5 കോടിയാണെന്നാണ് പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍. സലാറില്‍ പൃഥ്വിക്ക് ലഭിച്ച പ്രതിഫലം 4 കോടി ആയിരുന്നെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം നായക കഥാപാത്രത്തെ അവതരിപ്പിച്ച അക്ഷയ് കുമാറിന് ലഭിച്ചിരിക്കുന്നത് 80 കോടിയാണെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കരിയറില്‍ തുടര്‍ പരാജയങ്ങള്‍ നേരിടുന്ന അക്ഷയ് കുമാര്‍ മുന്‍പ് വാങ്ങിയിരുന്ന പ്രതിഫലത്തേക്കാള്‍ ഏറെ കുറവാണ് ഇത്. 100- 120 കോടിയാണ് അദ്ദേഹം മുന്‍പ് സിനിമകള്‍ക്ക് വാങ്ങിയിരുന്നത്.
മറ്റൊരു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ടൈഗര്‍ ഷ്രോഫിന് ലഭിച്ചത് 40 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 ല്‍ ഇറങ്ങിയ ഹീഥോപന്തി 2 ന്റെ പരാജയത്തിന് ശേഷം ടൈഗറിനോട് പ്രതിഫലം കുറയ്ക്കാന്‍ ആവശ്യമുയര്‍ന്നിരുന്നുവെന്നും 18- 20 കോടിയിലേക്ക് ചുരുക്കാന്‍ ആവശ്യപ്പെട്ടെന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ ആവശ്യം അദ്ദേഹം ചെവിക്കൊണ്ടോ എന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിച്ചത്. എന്നാല്‍ 4 ദിവസം നീണ്ട എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡില്‍ ചിത്രം നേടിയ കളക്ഷന്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നാല് ദിവസം കൊണ്ട് ചിത്രം 96.18 കോടി നേടിയതായി നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു.