ഇന്ത്യന്‍ സിനിമയില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ എത്തുന്ന അഞ്ചാമത്തെ ചിത്രം പഠാന്
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖ് ഖാന് ചിത്രം. അതുതന്നെയാണ് പഠാന് വേണ്ടി ഭാഷാഭേദമെന്യെ സിനിമാ പ്രേമികള്‍ കാത്തിരുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ഓരോ അപ്ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കി. ഇന്ത്യന്‍ ബോക്സ്ഓഫീസിലെ ചര്‍ച്ചാവിഷയമാണ് പഠാന്. ഇന്ത്യന്‍ കളക്ഷനില്‍ ആദ്യമായി 500 കോടി നേടുന്ന സിനിമ എന്ന ഖ്യാതിയാണ് പഠാന് സ്വന്തമാക്കി കഴിഞ്ഞിരുന്നു. ത്. ഇതുവരെയുള്ള കണക്ക് പ്രകാരം ഷാരൂഖ് ചിത്രം 1000 കോടി പിന്നിട്ടുവെന്ന വിവരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. റിലീസ് ചെയ്ത് ഇരുപത്തേഴ് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പഠാന് 1000 കോടി നേടിയത്. ബോക് ഓഫീസ് വേള്‍ഡ് വൈഡ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ അഞ്ചാം സ്ഥാനത്ത് ഷാരൂഖ് ചിത്രം ഇടംപിടിച്ചു കഴിഞ്ഞു.
ഏഴ് വര്‍ഷം മുന്‍പെത്തിയ ഒരു ബോളിവുഡ് ചിത്രമാണ് 1000 കോടി ക്ലബ്ബിലേക്ക് ആദ്യമെത്തിയ ഇന്ത്യന്‍ സിനിമ. നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ ആമിര്‍ ഖാന് നായകനായ ദംഗല്‍ ആയിരുന്നു ചിത്രം. തൊട്ടടുത്ത വര്‍ഷം എസ് എസ് രാജമൌലിയുടെ അത്ഭുത ചിത്രം ബാഹുബലി രണ്ടാം ഭാഗവും 1000 കോടിയില്‍ എത്തി. ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായി, പാന്‍ ഇന്ത്യന്‍ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ആയിരുന്നതിനാല്‍ വലിയ കാത്തിരിപ്പാണ് ബാഹുബലി 2 പ്രേക്ഷകര്‍ക്കിടയില്‍ ഉയര്‍ത്തിയിരുന്നത്. ദംഗല്‍ (1914cr), ബാഹുബലി 2(1747cr) കെജിഎഫ് ചാപ്റ്റര്‍ 2 (1190cr), ആര്‍ആര്‍ആര്‍(1174cr*) എന്നിങ്ങനെയാണ് കണക്കുകള്‍.
ഇന്ത്യയില്‍ നിന്നുമാത്രം 621 കോടിയാണ് ചിത്രം നേടിയത്. വിദേശ മാര്‍ക്കറ്റുകളിലും വന്‍ പ്രതികരണം നേടിയ ചിത്രം അവിടങ്ങളില്‍ നിന്ന് ഇതുവരെ നേടിയത് 45.72 മില്യണ്‍ ആണ്. അതായത് 375 കോടി. അതേ സമയം ഉത്തരേന്ത്യയില്‍ പ്രമുഖ തീയറ്ററുടമകള്‍ പഠാന് സിനിമയുടെ ടിക്കറ്റ് നിരക്ക് കുറച്ചു. പത്താന് ബോക്സ് ഓഫീസില്‍ 900 കോടിയിലധികം കളക്ഷന്‍ നേടിയതിന് ശേഷം, ഫെബ്രുവരി 20 മുതല്‍ ഫെബ്രുവരി 23 വരെ ”പത്താന് വീക്ക്” ആയി ആചരിക്കാന്‍ തീയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഈ കുറവ് വരുത്തിയത്.
ജനുവരി 25നാണ് സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന് റിലീസ് ചെയ്തത്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണ്‍ എബ്രാഹം വില്ലന്‍ വേഷത്തിലുമെത്തുന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി വിതരണാവകാശം വിറ്റുപോയത്. 100 കോടി രൂപയ്ക്ക് മുകളിലാണ് ആമസോണ്‍ പ്രൈം പഠാന്റെ ഒ.ടി.ടി വിതരണാവകാശത്തിനായി നല്‍കിയത്. റിലീസിന് മുമ്പ് പഠാനിലെ ഗാനരംഗത്ത് ദീപിക പദുക്കോണ്‍ കാവിനിറത്തിലുള്ള ബിക്കിനി ധരിച്ചതിനെ തുടര്‍ന്ന് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടര്‍ന്ന് സിനിമ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയടക്കമുള്ള നിരവധി സംഘടനകള്‍ രംഗത്തെത്തുകയും സിനിമ റിലീസ് ചെയ്ത ദിവസം വിവിധ ഭാഗങ്ങളില്‍ ചില സിനിമാ തിയേറ്ററുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സകല വിവാദങ്ങളും കാറ്റില്‍ പറത്തികൊണ്ടാണ് ബോളിവുഡ് ഇന്നുവരെ കാണാത്ത വിജയവുമായി പഠാന് മുന്നേറുന്നത്.