ബോക്സ് ഓഫീസിൽ കളക്ഷനില്‍ അപൂർവ നേട്ടത്തിൽ മഞ്ഞുമ്മല്‍ ബോയ്‍സ്
1 min read

ബോക്സ് ഓഫീസിൽ കളക്ഷനില്‍ അപൂർവ നേട്ടത്തിൽ മഞ്ഞുമ്മല്‍ ബോയ്‍സ്

മലയാള സിനിമയിലെ അത്ഭുത ഹിറ്റ് എന്ന വിശേഷിപ്പിക്കാവുന്ന നേട്ടത്തിലേക്കാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം ഓടിക്കയറുന്നത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും നേടിയിരുന്നു. ആഗോളതലത്തില്‍ മഞ്ഞുമ്മല്‍ ബോയ്‍സ് 150 കോടി ക്ലബില്‍ എത്തിയിരിക്കുന്നു എന്നാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഇനി മലയാളത്തില്‍ നിന്ന് ഒരേയൊരു ചിത്രം മാത്രമേ ആഗോള ബോക്സ് ഓഫീസിലെ കളക്ഷന്റെ കാര്യത്തില്‍ മഞ്ഞുമ്മല്‍ ബോയ്‍സിന് മുന്നിലുള്ളു.

ആഗോള ബോക്സ് ഓഫീസില്‍ 175 കോടിയില്‍ അധികം നേടിയ 2018 ആണ് ഇനി മഞ്ഞുമ്മല്‍ ബോയ്‍സിന്റെ മുന്നിലുള്ളത്. ഇങ്ങനെ പോയാല്‍ വൈകാതെ 2018ന്റെ കളക്ഷൻ റിക്കോര്‍ഡും മഞ്ഞുമ്മല്‍ ബോയ്‍സ് മറികടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൗഹൃദത്തിന് പ്രാധാന്യം നല്‍കിയുള്ള അതിജീവന കഥയാണ് മഞ്ഞുമ്മല്‍ ബോയ്‍സിന്റേത് എന്നതിനാല്‍ എല്ലാത്തരം പ്രേക്ഷകരെയും ഇഷ്‍ടപ്പെടുത്തുന്ന ഒന്നായി മാറുന്നു എന്നാണ് അഭിപ്രായങ്ങള്‍. 2024ല്‍ തമിഴ്‍നാട് ബോക്സ് ഓഫീസ് കളക്ഷനിലും ഞെട്ടിക്കുന്ന പ്രകടനമാണ് മഞ്ഞുമ്മല്‍ ബോയ്‍സ് നടത്തുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.


യഥാര്‍ഥ ജീവിതത്തില്‍ നിന്നുള്ള സംഭവങ്ങളുടെ സിനിമാ ആവിഷ്‍കാരം എന്ന നിലയില്‍ വിശ്വാസ്യതയോടെയാണ് ചിദംബരം മഞ്ഞുമ്മല്‍ ബോയ്‍സ് ഒരുക്കിയിരിക്കുന്നത്. ഗുണ ഗുഹയില്‍ അകപ്പെട്ടവരെ സുഹൃത്തുക്കള്‍ തന്നെ രക്ഷിക്കുന്നതാണ് മഞ്ഞുമ്മല്‍ ബോയ്‍സ് എന്ന സിനിമയുടെ കാതല്‍. പേടിയും ആകാംക്ഷയും സങ്കടവുമൊക്കെയുള്ള രംഗങ്ങള്‍ക്ക് ഒടുവില്‍ പ്രത്യാശ പുലരുന്ന ഒരു ക്ലൈമാക്സിലാണ് മഞ്ഞുമ്മല്‍ പൂര്‍ത്തിയാകുന്നത്. അതിനാല്‍ മഞ്ഞുമ്മല്‍ ബോയ്‍സ് ഒരു സിനിമ എന്ന നിലയില്‍ അതിന്റെ എല്ലാ അനുഭവങ്ങളും തീവ്രതയോടെ പ്രേക്ഷകനിലേക്ക് പകര്‍ത്തിയിരിക്കുന്നു എന്നാണ് കണ്ടവരുടെ പ്രതികരണങ്ങള്‍.