‘മാർക്കോ’യുടെ ആദ്യഗാനം ബാൻ ചെയ്ത് യുട്യൂബ്
ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ആദ്യഗാനം ബാൻ ചെയ്ത് യുട്യൂബ്. ‘ബ്ലഡ്’ എന്ന ഗാനം എക്സ്ട്രീം വയലൻസ് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് യുട്യൂബ് നടപടിയെന്ന് അണിയറപ്രവർത്തകർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നിർദ്ദേശങ്ങൾ പാലിച്ച് ഗാനം ഉടൻ റിലീസ് ചെയ്യുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
ഇന്നായിരുന്നു മാർക്കോയുടെ ആദ്യഗാനം റിലീസ് ചെയ്തത്. പുറത്തിറങ്ങി മുപ്പത് മിനിറ്റിനുള്ളിൽ തന്നെ ഗാനം യുട്യൂബ് ബാൻ ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, ബ്ലഡ് ഗാനം കണ്ടവരെല്ലാം ഗംഭീര അഭിപ്രായം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. സലാർ, കെജിഎഫ് ഫ്രാഞ്ചൈസികളിൽ അതിഗംഭീരമായ സംഗീതം ഒരുക്കിയ രവി ബസ്റൂർ ആണ് മാര്‍ക്കോയുടെ ഗാനം ഒരുക്കിയത്. ഡബ്സി ആലപിച്ച ഗാനത്തിന് വരികള്‍ എഴുതിയത് വിനായക് ശശികുമാർ ആണ്.
മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന വിശേഷണത്തോടെയാണ് മാര്‍ക്കോ റിലീസിന് ഒരുങ്ങുന്നത്. ഹനീഷ് അദേനിയാണ് സംവിധാനം. 100 ദിവസം എടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഇതിൽ 60 ദിവസവും ആക്ഷൻ രംഗങ്ങൾക്ക് വേണ്ടിയാണ് മാറ്റിവച്ചത്.അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് ആക്ഷൻ ഒരുക്കിയിരിക്കുന്നത് കലൈ കിങ്ങ്സ്റ്റണാണ്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് മാർക്കോ. ചിത്രം വിതരണത്തിനെത്തിക്കുന്നതും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് തന്നെയാണ്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.