പ്രവചനാതീതം! പുതുമയുള്ള ഉള്ളടക്കവുമായി ഞെട്ടിച്ച് ‘കിഷ്കിന്ധാ കാണ്ഡം’, റിവ്യൂ വായിക്കാം
കഥ മുന്നോട്ടുപോകുന്തോറും കണ്ടുകൊണ്ടിരിക്കുന്നവരുടെ ഉള്ളുലയ്ക്കുന്ന കഥാഗതി. കഥാപാത്രങ്ങളുടെ സൂക്ഷ്മ തലങ്ങൾ വരെ സ്ക്രീനിൽ എത്തിച്ചിരിക്കുന്ന പ്രകടന മികവ്. പഴുതുകളേതുമില്ലാത്ത ഉദ്വേഗഭരിതമായ തിരക്കഥ, അതി സങ്കീർണ്ണമായ രംഗങ്ങള്‍ വരെ അനായാസേന ഒരുക്കിയിരിക്കുന്ന മേക്കിംഗ്… ‘കിഷ്കിന്ധാ കാണ്ഡം’ എന്ന സിനിമ മലയാളത്തിൽ അടുത്തകാലത്തിറങ്ങിയ സിനിമകളിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു അനുഭവമായാണ് അനുഭവപ്പെട്ടത്.
ഒരു ഇലക്ഷൻ കാലത്താണ് സിനിമയുടെ തുടക്കം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തോക്ക് ലൈസൻസുള്ളവരുടെയെല്ലാം തോക്ക് പോലീസ് സ്റ്റേഷനിൽ സറണ്ടർ ചെയ്യാനുള്ള ഉത്തരവ് വരുന്നു. പലരും തോക്കുകളുമായി സ്റ്റേഷനിലെത്തുകയാണ്. നെടുഞ്ചാൽ എന്ന സ്ഥലത്തുള്ള മുൻ സെെനിക ഉദ്യോഗസ്ഥനായ അപ്പു പിള്ളയുടെ കൈവശമുള്ള തോക്ക് സ്റ്റേഷനിൽ എത്തിക്കാൻ ലെറ്റർ വരുന്നു. പക്ഷേ ആ തോക്ക് അപ്പു പിള്ളയുടെ കൈയ്യിൽ നിന്നും നഷ്ടമായെന്ന് പോലീസ് അറിയുന്നതും തുടർ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
ആദ്യാവസാനം ദുരൂഹതയൊളിപ്പിച്ചുകൊണ്ട് ഉദ്വേഗ ഭരിതമായി നീങ്ങുന്നതാണ് സിനിമയുടെ തിരക്കഥ. അത്യന്തം വെെകാരികമായാണ് ദിൻജിത്ത് അയ്യത്താൻ എന്ന സംവിധായകൻ ഒരു ഫാമിലി മിസ്റ്ററി ഡ്രാമയായി ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. അപ്പു പിള്ളയായി വിജയരാഘവനും അപ്പു പിള്ളയുടെ മകൻ അജയനായി ആസിഫ് അലിയും അയാളുടെ ഭാര്യയുടെ വേഷത്തിൽ അപർണ ബാലമുരളിയുമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
എഴുപതുകാരനായ കർക്കശക്കാരനായ മുൻ സൈനിക ഉദ്യോഗസ്ഥന്‍റെ വേഷം വിജയരാഘവനിൽ ഭദ്രമായിരുന്നു. നോട്ടവും ശരീര ഭാഷയും സംഭാഷണങ്ങളും വരെ ശ്രദ്ധേയമായിരുന്നു. അപ്പു പിള്ളയായി അദ്ദേഹം ജീവിക്കുകയായിരുന്നു. ആസിഫ് അലിക്കും ഏറെ അഭിനയപ്രാധാന്യമുള്ള വേഷമാണ് ലഭിച്ചിരിക്കുന്നത്. ഇരുവരുടേയും മത്സരിച്ചുള്ള അഭിനയ മുഹൂർത്തങ്ങൾ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഇമോഷണൽ രംഗങ്ങളിൽ അടക്കം ആസിഫ് അലി സ്കോർ ചെയ്തു. കാടിന് നടുവിലുള്ള ഇവരുടെ തറവാട് വീട്ടിലേക്ക് വിവാഹ ശേഷം എത്തിച്ചേരുന്ന അപർണയുടെ കഥാപാത്രത്തിന്‍റെ കണ്ണിലൂടെയാണ് സിനിമയുടെ സഞ്ചാരം. അപർണ ബാലമുരളി, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിുണ്ട്.
മലയാളത്തിൽ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത ഏറെ ഡീറ്റെയിലായ വേറിട്ട നിറയെ പുതുമയുള്ള കഥ തന്നെയാണ് ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തെ വ്യത്യസ്തമാക്കിയിരിക്കുന്നത്. ഓരോ സീനും കഴിയുമ്പോള്‍ ഇനിയെന്ത് എന്ന് പ്രേക്ഷകരെ തോന്നിപ്പിക്കും. ഒട്ടും പിടി തരാതെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നുണ്ട് ചിത്രം. സിനിമയുടെ ഛായാഗ്രഹണവും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ബാഹുൽ രമേഷ് ആണ്. സിനിമയുടെ കഥാപശ്ചാത്തലത്തിന് യോജിച്ച രീതിയിലാണ് മുജീബ് മജീദിന്‍റെ സംഗീതം. കൈയൊതുക്കമുള്ള സംവിധാന മികവും സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ചിട്ടുണ്ട്.