“ഇതോടുകൂടി ചെക്കന്റെ ലെവൽ മാറും, മലയാളത്തിൻ്റെയും ” ; ‘മാര്‍ക്കോ’ ടീസര്‍ കണ്ടമ്പരന്ന് ആരാധകര്‍
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ടീസർ ഏറ്റെടുത്ത് മലയാള സിനിമാസ്വാദകർ. എങ്ങും മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ഇതുവരെ കാണാത്ത പെർഫോമൻസ് മാർക്കോ സമ്മാനിക്കുമെന്ന് ഏവരും ഇതിനോടകം വിധി എഴുതി കഴിഞ്ഞു. ഒപ്പം പക്കാ വില്ലൻ വേഷത്തിൽ ജഗദീഷും എത്തുന്നുവെന്നാണ് ടീസർ നൽകുന്ന സൂചന.
ചിത്രത്തിലെ ഉണ്ണി മുകുന്ദന്‍റെ സ്റ്റൈലിഷ് ഗെറ്റപ്പ് ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ‘ഈ ടീസർ ക്വാളിറ്റി പടത്തിന് ഉണ്ടെങ്കിൽ പടം വേറെ ലെവലിൽ പോവും, മലയാളത്തിന്റെ കെജിഎഫ്, ഉണ്ണി മുകുന്ദൻ പൊളിച്ചടുക്കുമെന്ന് ഉറപ്പാണ്, പുള്ളിയെ കളിയാക്കുന്നവരോട്.. സിനിമ വിജയമോ പരാജയമോ ആയേക്കാം. പക്ഷെ പുള്ളിടെ സ്റ്റൈൽ ആൻഡ് ഫൈറ്റ് ചുമ്മാ തീ, ഇതോടുകൂടി ചെക്കന്റെ ലെവൽ മാറും. മലയാളത്തിന്റെയും,എന്റെ പൊന്നോ ഇത്രയും പ്രേതിക്ഷിച്ചില്ല’, എന്നിങ്ങനെ പോകുന്നു മാർക്കോ ടീസറിനെ കുറിച്ചുള്ള പ്രേക്ഷക കമന്റുകൾ. എന്തായാലും ഗംഭീര ട്രീറ്റ് ആകും സിനിമ പ്രേക്ഷകന് സമ്മാനിക്കുക എന്ന് ഉറപ്പാണ്.
മലയാളം ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി ‘മാർക്കോ’ 5 ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. ആക്ഷന് വലിയ പ്രാധാന്യം നല്‍കി സംവിധായകൻ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.
‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ നിർമ്മാണ സംരംഭമാണ്. ‘മിഖായേൽ’ സിനിമയുടെ സ്പിൻഓഫായെത്തുന്ന ‘മാർക്കോ’യുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്.