‘ഈ വണ്ടി ഞാൻ ലോകം മൊത്തം ഓടിക്കും’; ‘കിഷ്‍കിന്ധാ കാണ്ഡം’ നിർ‍മ്മാതാവിന്‍റെ കുറിപ്പ് വൈറൽ
1 min read

‘ഈ വണ്ടി ഞാൻ ലോകം മൊത്തം ഓടിക്കും’; ‘കിഷ്‍കിന്ധാ കാണ്ഡം’ നിർ‍മ്മാതാവിന്‍റെ കുറിപ്പ് വൈറൽ

കേരളത്തിൽ മാത്രമല്ല ലോകം മുഴുവൻ തരംഗമായി മാറിയിരിക്കുകയാണ് ‘കിഷ്‍കിന്ധാ കാണ്ഡം’ എന്ന ആസിഫ് അലി ചിത്രം. ഏറെ അപൂർവ്വമായ കഥയും കഥാപാത്രങ്ങളുമായി മലയാളത്തിൽ നിന്നും ലോകോത്തര നിലവാരത്തിലുള്ള ചിത്രമെന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ ചിത്രത്തെ പുകഴ്ത്തിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ നിർമ്മാതാവ് ജോബി ജോര്‍ജ്ജ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നൊരു കുറിപ്പ് ഏവരും ഏറ്റെടുത്തിരിക്കുകയാണ്.

”ഇച്ചിരി സ്പീഡ് കുറവാണ് എന്നാലും ഈ വണ്ടി ഞാൻ ലോകം മൊത്തം ഓടിക്കും… നന്ദി നന്ദി ദ റിയൽ പാൻ ഇന്ത്യൻ സർക്കസ്” എന്നാണ് അദ്ദേഹം സിനിമയുടെ ബെൽജിയം റിലീസ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. വടക്കുകിഴക്കൻ യൂറോപ്പിലെ ലാത്വിയയിൽ ഫോറം സിനിമാസിൽ കഴിഞ്ഞ ദിവസം ചിത്രം പ്രദർശിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണിപ്പോൾ ബെൽജിയം കൈൻപോളീസിൽ ചിത്രം പ്രദർശിപ്പിക്കുന്നത്.

ഈ വർഷത്തെ ഓണച്ചിത്രങ്ങളിൽ ‘കിഷ്‍കിന്ധ കാണ്ഡ’ത്തിന് പ്രേക്ഷക – നിരൂപക പ്രശംസ ഒരുപോലെ ലഭിച്ചിട്ടുമുണ്ട്. വിജയരാഘവനും ആസിഫ് അലിയും അച്ഛനും മകനും ആയി തകർത്തഭിനയിച്ചിരിക്കുന്ന ചിത്രത്തിൽ അപ്പുപ്പിള്ള എന്ന അച്ഛൻ കഥാപാത്രമായി വിജയരാഘവൻ ജീവിക്കുകയാണെന്നാണ് പ്രേക്ഷകരുടേയും അഭിപ്രായം. വാക്കിലും നോക്കിലും ചലനങ്ങളിലും സംഭാഷണങ്ങളിലുമൊക്കെ അടിമുടി അപ്പുപ്പിള്ളയായാണ് വിജയരാഘവന്‍റെ പകർന്നാട്ടം. അപ്പുപ്പിള്ളയുടെ മകനായ അജയചന്ദ്രന്‍റെ വേഷത്തിൽ ആസിഫ് അലിയും അജയന്‍റെ ഭാര്യയുടെ വേഷത്തിൽ അപർണ ബാലമുരളിയും ശ്രദ്ധേയ വേഷങ്ങളിലാണ് സിനിമയിലുള്ളത്.

കൂടാതെ ജഗദീഷ്, അശോകൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങി വലിയൊരു താരനിര തന്നെയാണ് സിനിമയിലുള്ളത്. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോ‍ര്‍ജ്ജ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഛായാഗ്രഹണവും ഒരുക്കിയിരിക്കുന്നത് ബാഹുൽ രമേശും സംവിധാനം ദിൻജിത്ത് അയ്യത്താനുമാണ്.

https://www.facebook.com/share/p/ZJmmn4hfsYLBGog9/?mibextid=oFDknk