മലയാള സിനിമയുടെ പെരുന്തച്ചൻ വിടവാങ്ങിയിട്ട് 12 വര്‍ഷം; ഇന്നും പ്രസക്തമായി തിലകന്‍റെ ഓര്‍മ്മ
1 min read

മലയാള സിനിമയുടെ പെരുന്തച്ചൻ വിടവാങ്ങിയിട്ട് 12 വര്‍ഷം; ഇന്നും പ്രസക്തമായി തിലകന്‍റെ ഓര്‍മ്മ

മലയാളത്തിന്റെ അതുല്യ കലാകാരനാണ് നടൻ തിലകൻ. കാലയവനികയ്ക്ക് ഉള്ളിൽ മറഞ്ഞുവെങ്കിലും മറ്റാരാലും പകർന്നാടാനാകാത്ത വിധം ചെയ്തുവച്ച കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇന്നും മലയാളികളുടെ മനസിൽ ജീവിക്കുകയാണ്. മലയാള സിനിമയുടെ അഭിനയത്തിലെ പെരുന്തച്ചന്‍ തിലകന്‍ വിടവാങ്ങിയിട്ട് 12 വര്‍ഷങ്ങള്‍ പിന്നിട്ടുകയാണ്. തിലകന്‍ നടത്തിയ പോരാട്ടങ്ങള്‍ക്കും വെട്ടിത്തുറന്ന് പറഞ്ഞ അഭിപ്രായങ്ങളും കാലം ശരിവയ്ക്കുന്ന സമയത്താണ് അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ വീണ്ടും കടന്നുപോകുന്നത്.

തന്‍റേടവും നിലപാടും ആയിരുന്നു എന്നും തിലകന്‍റെ മുഖമുദ്ര. ആരുടെ മുന്നിലും തല കുനിയ്ക്കാത്ത,പറയാന്‍ ഉള്ളത് പറഞ്ഞത് കൊണ്ടുള്ള നഷ്ടങ്ങളെ വകവയ്ക്കാത്ത സ്നേഹം നിറഞ്ഞ സിംഹം എന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. വെള്ളിത്തിരയ്ക്ക് അകത്തും പുറത്തും സുരേന്ദ്ര നാഥ തിലകൻ എന്നും ഇത്തരത്തില്‍ തന്നെ അവസാനം വരെ ജീവിച്ചു. നാടക വേദി രൂപപ്പെടുത്തിയ നടനമാണ് തിലകനെ സിനിമയില്‍ എത്തിക്കുന്നത്. പി.ജെ. ആന്റണി സംവിധാനം ചെയ്‌ത ‘പെരിയാർ’ എന്ന ചിത്രത്തിലൂടെയാണ് 1973ൽ സിനിമാ അരങ്ങേറ്റം.ശബ്ദം കൊണ്ടും ശരീരഭാഷ കൊണ്ടും കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ടും തിലകന്‍ എന്നും പ്രേക്ഷകര്‍ക്ക് പുതുമ സമ്മാനിച്ചുകൊണ്ടെയിരുന്നു.

1981 ല്‍ കോലങ്ങള്‍ എന്ന ചിത്രത്തില്‍ മുഴുക്കുടിയനായ കള്ളുവര്‍ക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടല്‍, രണ്ടാം ഭാവം, ഉസ്താദ് ഹോട്ടല്‍, ഇന്ത്യന്‍ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്. കാട്ടുകുതിര എന്ന ചിത്രത്തിലെ വേഷം തിലകന്റെ അസാധാരണ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു.അച്ഛന്‍ വേഷങ്ങളില്‍ തിലകനെപ്പോലെ തിളങ്ങിയ നടന്‍ വേറെയുണ്ടാകില്ല. കര്‍ക്കശക്കാരനും വാത്സല്യനിധിയുമായ അച്ഛനായി തിലകന്‍ സിനിമകളില്‍ മാറിമാറി വന്നു. മോഹന്‍ലാല്‍-തിലകന്‍ കോമ്പിനേഷനിലുള്ള അച്ഛന്‍-മകന്‍ ചിത്രങ്ങള്‍ തിയറ്ററുകളില്‍ കയ്യടിക്കൊപ്പം കണ്ണീരും സൃഷ്ടിച്ചു. അത്ര ഹൃദയസ്പര്‍ശിയായ ചിത്രങ്ങളായിരുന്നു അവ. സ്ഫടികത്തിലെ ചാക്കോ മാഷ്, നരസിംഹത്തിലെ ജസ്റ്റിസ് കരുണാകര മേനോന്‍ എന്നീ കഥാപാത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട തിലകന്‍ കഥാപാത്രങ്ങളാണ്.

നെഗറ്റീവ് വേഷങ്ങളിലും കോമഡി റോളുകളിലും തിലകന്റെ അഭിനയ മികവ് പ്രകടമായിരുന്നു. പട്ടണപ്രവേശത്തിലെ അനന്തന്‍ നമ്പ്യാരും മൂക്കില്ലാത്ത രാജ്യത്തെ കഥാപാത്രവുമെവല്ലാം ചിരിയലകള്‍ സൃഷ്ടിച്ചു. മലയാള സിനിമയിലെ ഏറ്റവും ക്രൂരനായ വില്ലനായിട്ടാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ തിലകന്റെ പോള്‍ പൗലോക്കാരനെ കണക്കാക്കുന്നത്. കണ്ണെഴുതി പൊട്ടും തൊട്ടിലെ സ്ത്രീ ലമ്പടനായ നടേശന്‍ മുതലാളിയും പ്രേക്ഷകരില്‍ വെറുപ്പ് സൃഷ്ടിച്ചു. ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം ‘സീന്‍ ഒന്ന് നമ്മുടെ വീട്’. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈവിദ്ധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ തിലകന് ലഭിച്ചിട്ടുണ്ട്. അവ ഓരോന്നും ഒന്നിനൊന്ന് മികച്ചതായിരുന്നു. അതെല്ലാം എക്കാലത്തും ഓര്‍ക്കത്തക്ക തരത്തില്‍ അടയാളപ്പെടുത്താന്‍ തിലകന് കഴിഞ്ഞു. ആ അടയാളപ്പെടുത്തലുകള്‍ മതി തിലകന്‍ എന്നും മലയാളിയുടെ ഓര്‍മ്മപ്പുസ്തകത്തില്‍ നിറഞ്ഞുനില്‍ക്കാന്‍.