‘ഇത് മോശം സിനിമയാണെങ്കിൽ പരസ്യമായി ഞാൻ മാപ്പ് പറയാം’; ആരാധകന്റെ കമന്റിന് ‘കിഷ്കിന്ധ കാണ്ഡം’ പ്രൊഡ്യൂസറിന്റെ മറുപടി വൈറൽ
‘സൺഡേ ഹോളിഡേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും ഒന്നിച്ചെത്തിയിരിക്കുന്ന പുതിയ ചിത്രമായ ‘കിഷ്കിന്ധാ കാണ്ഡം’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണ നേടി മുന്നേറുകയാണ്. ഓണച്ചിത്രങ്ങളിൽ ‘കിഷ്കിന്ധ കാണ്ഡ’ത്തിന് പ്രേക്ഷക – നിരൂപക പ്രശംസ ഒരുപോലെ ലഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ ഇതുവരെ കാണാത്ത രീതിയിലുള്ള ഏറെ വ്യത്യസ്തമായൊരു വേഷത്തിലാണ് വിജയരാഘവന് എത്തിയിരിക്കുന്നത്. മലയാളത്തിൽ പുറത്തിറങ്ങിയ ലോകോത്തര നിലവാരത്തിലുള്ള ചിത്രമെന്നാണ് പ്രേക്ഷകരേവരും ചിത്രത്തെ പുകഴ്ത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ നിർമ്മാതാവ് ജോബി ജോർജ്ജ് സിനിമയുടെ റിലീസിന് മുമ്പേ സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഒരു കമന്റ് ഏവരുടേയും ശ്രദ്ധ കവർന്നിരിക്കുകയാണ്.
സിനിമയുടെ പോസ്റ്ററിന് താഴെ അഖിൽ യു ഷാലി എന്നയാള്‍ പങ്കുവെച്ച കമന്റിന് മറുപടിയായാണ് ജോബി ജോര്‍ജ്ജ് ഈ കമന്റ് പങ്കുവെച്ചത്. ‘വാക്കാണല്ലോ അല്ലേ, അപ്പോൾ സഹോദരൻ രണ്ട് പ്രാവശ്യം മിനിമം ഈ സിനിമ കണ്ടിരിക്കും’ എന്നാണ് ജോബി ആദ്യം കുറിച്ച കമന്റ്. ‘എല്ലാം മറന്ന് ഒരുഗ്രൻ സിനിമ കാണുമ്പോൾ അത് സമ്മാനിക്കുന്നത് ചിലപ്പോ ഏറ്റവും കിടിലൻ സദ്യ കഴിക്കുന്നത് പോലെ ആണെങ്കിൽ പൊളി അല്ലേ, വിശ്വസിക്കുന്നു’ എന്നാണ് അഖിൽ രണ്ടാമതിട്ട കമന്റ്. ‘സഹോദരൻ സ്ക്രീൻ ഷോട്ട് സൂക്ഷിച്ചോ, ഇത് മോശം സിനിമയാണേൽ പരസ്യം ആയി ഞാൻ മാപ്പ് പറയാം…അത്രയ്ക്കു എനിക്ക് ഇഷ്ടം ആയി…’, എന്നാണ് ജോബിയുടെ മറുപടി കമന്റ്. ഏതായാലും സിനിമയ്ക്ക് ലഭിച്ചിരിക്കുന്ന വലിയ സ്വീകാര്യതയുടെ കൂടെ ഈ കമന്റും ഏവരും ഏറ്റെടുത്തിരിക്കുകയാണ്.
വിജയരാഘവനും ആസിഫ് അലിയും അച്ഛനും മകനും ആയി എത്തിയിരിക്കുന്ന ചിത്രത്തിൽ അപ്പുപ്പിള്ള എന്ന അച്ഛൻ കഥാപാത്രമായി വിജയരാഘവൻ ജീവിക്കുകയാണെന്നാണ് പ്രേക്ഷകരുടേയും അഭിപ്രായം. വാക്കിലും നോക്കിലും ചലനങ്ങളിലും സംഭാഷണങ്ങളിലുമൊക്കെ അടിമുടി അപ്പുപ്പിള്ളയായാണ് വിജയരാഘവന്റെ പകർന്നാട്ടം. അപ്പുപ്പിള്ളയുടെ മകനായ അജയചന്ദ്രന്റെ വേഷത്തിൽ ആസിഫ് അലിയും അജയന്റെ ഭാര്യയുടെ വേഷത്തിൽ അപർണ ബാലമുരളിയും ശ്രദ്ധേയ വേഷങ്ങളിലാണ് സിനിമയിലുള്ളത്. കൂടാതെ ജഗദീഷ്, അശോകൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങി വലിയൊരു താരനിര തന്നെയാണ് സിനിമയിലുള്ളത്. ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോര്‍ജ്ജ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഛായാഗ്രഹണവും ഒരുക്കിയിരിക്കുന്നത് ബാഹുൽ രമേശും സംവിധാനം ദിൻജിത്ത് അയ്യത്താനുമാണ്.