അടിമുടി ദളപതി വിജയ് ഷോ! പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ‘ഗോട്ട്’, റിവ്യൂ വായിക്കാം
ദളപതി ആട്ടം പ്രതീക്ഷിച്ച് ടിക്കറ്റെടുത്ത പ്രേക്ഷകരെ ആവേശത്തിലാറാടിച്ച് പുതിയ വിജയ് ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ഗോട്ട്)’. ഡബിൾ റോളിൽ പ്രേക്ഷകർക്കൊരു ഡബിൾ ധമാക്ക തന്നെ സമ്മാനിച്ചിരിക്കുകയാണ് ദളപതി. ദളപതി വിജയ് എന്ന ഒറ്റക്കാരണത്തിന് പുറമെ പ്രേക്ഷകരേവരേയും ‘ഗോട്ടി’ന് ടിക്കറ്റെടുക്കാൻ പ്രേരിപ്പിച്ച മറ്റൊരു കാരണം വെങ്കട് പ്രഭു എന്ന സംവിധായകനാണ്. ചെന്നൈയിലെ ഒരു ക്രിക്കറ്റ് ക്ലബ്ബിന്‍റെ കഥ പറഞ്ഞ ‘ചെന്നൈ 600028’ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സിനിമാരംഗത്തേക്കെത്തി ശേഷം ‘സരോജ’, ‘ഗോവ’, ‘മങ്കാത്ത’, ‘മാനാട്’ തുടങ്ങിയ ഹിറ്റുകളിലൂടെ തമിഴിലെ മുൻ നിര സംവിധായകരുടെ ഗ്യാങ്ങിലേക്കെത്തിയ ആളാണ് വെങ്കട് പ്രഭു. വിജയിയും വെങ്കട് പ്രഭുവും ആദ്യമായി ഒന്നിച്ചിരിക്കുന്ന ‘ഗോട്ട്’ പ്രേക്ഷകരുടെ പ്രതീക്ഷയ്‍ക്കൊത്ത് ഉയർന്ന പടമാണെന്ന് നിസ്സംശയം പറയാം.
സ്പെഷ്യല്‍ ആന്‍റി ടെററിസ്റ്റ് സ്ക്വാഡിലെ പ്രധാന അംഗമാണ് എംഎസ് ഗാന്ധി. സ്വന്തം ഭാര്യയോടും മകനോടും പോലും താൻ എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് അദ്ദേഹം അറിയിച്ചിട്ടില്ല. കെനിയയിലെ ഒരു ട്രെയിനിൽ ഭീകരർക്കെതിരെ നടത്തുന്ന ഓപ്പറേഷനിലാണ് സിനിമയുടെ ആരംഭം. സ്ക്വാഡിലെ മറ്റ് അംഗങ്ങളായ കല്യാൺ, അജയ്, സുനിൽ എന്നിവരേയും ഈ ഓപ്പറേഷനിടിയിലാണ് കാണിക്കുന്നത്.
ഗാന്ധിയുടെ ഭാര്യ രണ്ടാമത് ഗര്‍ഭിണിയായ സമയത്ത് മറ്റൊരു മിഷന്‍റെ ഭാഗമായി ഗാന്ധിക്ക് തായ്‍ലൻഡിലേക്ക് പോകേണ്ടിവരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ഭാര്യയെയും മകനെയും ഗാന്ധിക്ക് ഒപ്പം കൂട്ടേണ്ടി വരുന്നു. അവിടെ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും തുടർന്ന് നടക്കുന്ന ചടുലമായ കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
മാസ് ആക്ഷനും, ഗാനങ്ങളും, കോമഡിയും ഒക്കെ നിറഞ്ഞ ദളപതി ആട്ടം തന്നെയാണ് വെങ്കിട്ട് പ്രഭു ഒരുക്കിയിരിക്കുന്നത്. പക്കാ ദളപതി വിജയ് ഷോ തന്നെയാണ് ചിത്രം. ചിത്രത്തിൽ വിജയ് ഡബിൾ റോളിൽ എത്തുന്നുവെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നുവെങ്കിലും തികച്ചും അപ്രതീക്ഷിതമായ രീതിയിലാണ് അത് ചിത്രത്തിൽ കൊണ്ടുവന്നിരിക്കുന്നത്. മാത്രമല്ല വിജയിയുടെ ചിത്രങ്ങളിൽ അടുത്ത കാലത്തായുള്ള ഫാമിലി പാസത്തെ അടിമുടി മാറ്റിമറക്കുന്നതുമാണ് ഈ ഡബിൾ റോള്‍.
ഇടവേളയ്ക്ക് ശേഷം പക്കാ ദളപതി, ഇളയദളപതി ആഘോഷമാണ് ചിത്രം. വിജയിയോടൊപ്പം പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്നേഹ, ലൈല, അജ്മൽ അമീർ, മോഹൻ, പ്രേംജി, യോഗി ബാബു തുടങ്ങി നിരവധി താരങ്ങളുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയിലുണ്ട്. വിഎഫ്എക്സ് ഉള്‍പ്പെടെ സാങ്കേതികമായും ചിത്രം മുന്നിട്ട് നിൽക്കുന്നുണ്ട്. സിദ്ധാർത്ഥ നൂനിയുടെ ക്യാമറയും യുവാന്‍ ശങ്കരരാജയുടെ സംഗീതവും വെങ്കട് രാജന്‍റെ എഡിറ്റിംഗും സിനിമയുടെ പ്ലസാണ്.
അനായാസേനയാണ് ഡബിൾ റോളിൽ വിജയ് തിളങ്ങിയിരിക്കുന്നത്. ആഘോഷമാക്കാൻ എല്ലാമുള്ള ക്ലൈമാക്സിന് പുറമെ വമ്പൻ ഒരു സർപ്രൈസും ടെയ്ൽ എൻഡിൽ ചിത്രം കാത്തുവെച്ചിട്ടുണ്ട്. വിജയ് ഫാൻസിനെ മാത്രമല്ല കുടുംബപ്രേക്ഷകരേയും യൂത്തിനേയും ഉള്‍പ്പെടെ പ്രായഭേദമെന്യേ ഏവർക്കും ആസ്വദിക്കാനുള്ള വിഭവങ്ങളുമായെത്തിയിരിക്കുന്ന ചിത്രം ബോക്സോഫീസില്‍ തരംഗം തീര്‍ക്കുമെന്നുറപ്പാണ്.