സൈക്കോ എസ് ഐ ആയി ചിരിപ്പിച്ച് അർജുൻ അശോകൻ; ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യിൽ കരിയറിൽ വേറിട്ട വേഷത്തിൽ താരം
ഒരു പതിറ്റാണ്ടോളമായി സിനിമാലോകത്തുണ്ട് അര്ജുൻ അശോകൻ. ഏറെ ശ്രദ്ധ നേടിയ ‘പറവ’യിലെ ഹക്കീം മുതൽ ‘വരത്തനി’ലെ ജോണിയും ‘ഉണ്ട’യിലെ ഗിരീഷും ‘ജൂണി’ലെ ആനന്ദും ‘ജാൻഇമനി’ലെ സമ്പത്തും ‘മധുര’ത്തിലെ കെവിനും ‘അജഗജാന്തര’ത്തിലെ കണ്ണനും ‘രോമാഞ്ച’ത്തിലെ സിനുവും ‘ചാവേറി’ലെ അരുണും ‘ഭ്രമയുഗ’ത്തിലെ തേവനും അടക്കം ഓരോ സിനിമയിലും വേറിട്ട വേഷങ്ങളിലെത്തി, ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടുപോകാതെ കരിയറിൽ അദ്ദേഹം മുന്നേറിക്കൊണ്ടിരിക്കുകയാണ്. അര്‍ജുന്റെ കരിയറിൽ തന്നെ ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു വേഷമാണ് ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യിലെ കുറച്ച് സൈക്കോ ആയ എസ്.ഐ ആനന്ദ് ദാസ് എന്ന പോലീസ് വേഷം.
റാഫിയുടെ തിരക്കഥയിൽ നാദിര്‍ഷയുടെ സംവിധാനത്തിൽ ഇതാദ്യമായാണ് അര്ജുൻ ഒന്നിക്കുന്നത്. ചിത്രത്തിൽ അർജുൻ അശോകന്റേത് കുറച്ച് ട്രിക്കി വേഷമാണ്. നായകനാണോ വില്ലനാണോ എന്നൊക്കെ തോന്നിപ്പിക്കുന്നൊരു സൈക്കോ വേഷം. മികച്ച രീതിയിൽ അദ്ദേഹം അത് സ്ക്രീനിൽ പകർന്നാടിയിട്ടുണ്ട്. രഹസ്യങ്ങള്‍ ചികഞ്ഞ് കണ്ടുപിടിക്കാൻ പ്രത്യേക താല്പര്യമുള്ള, സാഹസികമായ രീതിയിൽ കുറ്റവാളികളെ പിടികൂടാൻ മനസ്സുള്ള, മാധ്യമശ്രദ്ധ ലഭിക്കാനേറെ കൊതിയുള്ള പോലീസുകാരന്റെ വേഷം അർജുൻ ഏറെ കൗതുകം ജനിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയേയും യുവതീയുവാക്കളുടെ വിദേശത്തേക്കുള്ള കുത്തൊഴുക്കും ഒക്കെ പശ്ചാത്തലമാക്കിക്കൊണ്ട് കൊച്ചി കേന്ദ്രമാക്കി എത്തിയിരിക്കുന്ന ചിത്രത്തിൽ പ്രണയവും ഒപ്പം ഉദ്വേഗവും ആക്ഷൻ രംഗങ്ങളും കോമഡിയും ഒക്കെ സമാസമം ചേർത്തിട്ടുണ്ട്. മുബിൻ റാഫിയും ദേവിക സഞ്ജയും അർജുനോടൊപ്പം പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തിയിട്ടുണ്ട്.