2023 ലെ മികച്ച സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡിൽ ഇരട്ടി വിജയത്തിൽ ഗരുഡൻ
സുരേഷ് ഗോപിയെയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത സിനിമയാണ് ഗരുഡന്. ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 2023 നവംബര്‍ 3 നാണ് തിയറ്ററുകളിലെത്തിയത്. മിഥുന് മാനുവല്‍ തോമസ് തിരക്കഥയൊരുക്കിയ ചിത്രമെന്ന നിലയില്‍ റിലീസിന് മുന്‍പേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. ആദ്യദിനം തന്നെ പ്രേക്ഷകരുടെ പോസിറ്റീവ് അഭിപ്രായം നേടുന്നതില്‍ വിജയിച്ച ചിത്രം മികച്ച കളക്ഷനും നേടിയിരുന്നു. ഇപ്പോഴിതാ 2023 ലെ മികച്ച സിനിമയ്ക്കുള്ള 47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡിൽ ഇരട്ടി വിജയത്തിൽ ഗരുഡൻ. ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനായി ബിജുമേനോൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ജനപ്രിയ സിനിമയും ഗരുഡൻ തന്നെയാണ്. നവംബർ 3 മായിരുന്നു ഗരുഡൻ റിലീസായത്. സുരേഷ് ഗോപി – ബിജു മേനോൻ, അഭിരാമി എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
12 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച സുരേഷ് ഗോപി – ബിജു മേനോൻ കൂട്ടുക്കെട്ട് പ്രേക്ഷകർക്കിടയിൽ ഒരു വലിയ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ഗംഭീര പ്രകടനങ്ങൾ കൊണ്ടും, ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ കൊണ്ടും ഗരുഡൻ പ്രേക്ഷക പ്രീതി നേടിയതിനൊപ്പം തന്നെ ഇരുവരും പ്രേക്ഷകരുടെ ഇഷ്ട കോംബോ ആയി മാറിയിരുന്നു. റിലീസ് ചെയ്ത ദിവസങ്ങൾക്കുള്ളിൽ തന്നെ അഞ്ചാംപാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തിരക്കഥ ഒരുക്കിയ ത്രില്ലർ ചിത്രം വമ്പൻ ഹിറ്റായി മാറിയിരുന്നു. അഭിരാമി നായികയായ ചിത്രത്തിന്റെ നിര്‍മ്മാണം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ആയിരുന്നു.
സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുകയാണ് ഈ ചിത്രത്തിലൂടെ. നിഷാന്ത് എന്ന കോളേജ് പ്രൊഫസർ ആയാണ് ബിജു മേനോൻ എത്തുന്നത്. ദിവ്യ പിള്ള, മാളവിക, ജഗദീഷ്, സിദ്ധിഖ്, നിഷാന്ത് സാഗർ, തലൈവാസൽ വിജയ്, ദിലീഷ് പോത്തൻ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കാങ്കോൽ, ജെയ്സ് ജോസ്, ജോസുകുട്ടി, ചൈതന്യ പ്രകാശ് തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച, ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്കാരമാണിത്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന് പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന് വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.