ആവേശമായി ആല, സ്റ്റൈലിലും സ്വാഗിലും ഞെട്ടിച്ച് ദിലീപ്; ‘ബാന്ദ്ര’ റിവ്യൂ വായിക്കാം
1 min read

ആവേശമായി ആല, സ്റ്റൈലിലും സ്വാഗിലും ഞെട്ടിച്ച് ദിലീപ്; ‘ബാന്ദ്ര’ റിവ്യൂ വായിക്കാം

ഓരോ സീനും രോമാഞ്ചം… അഡ്രിനാലിൻ റഷ് നൽകുന്ന ആക്ഷൻ രംഗങ്ങള്‍, ഉദ്വേഗജനകമായ മുഹൂർത്തങ്ങള്‍, തിയേറ്ററുകളിൽ ആവേശമായിരിക്കുകയാണ് ജനപ്രിയ നായകൻ ദിലീപ് ആല എന്ന കഥാപാത്രമായി എത്തിയിരിക്കുന്ന ‘ബാന്ദ്ര’. ഉദയകൃഷ്ണയുടെ തിരക്കഥയിൽ അരുൺ ഗോപിയുടെ സംവിധാനത്തിൽ എത്തിയിരിക്കുന്ന ചിത്രം ദിലീപ് ആരാധകർക്കും സിനിമാപ്രേമികൾക്കും ഒരുപോലെ ആഘോഷിക്കാനുള്ള വകയൊരുക്കിയിരിക്കുകയാണ്.

 

കേരളത്തിലും മുംബൈയിലുമാണ് സിനിമയുടെ കഥ നടക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമ എന്ന രീതിയിലാണ് ചിത്രം പുരോഗമിക്കുന്നത്. മുംബൈയിൽ കഴിയുന്ന മലയാളിയായ സാക്ഷി എന്ന അസോസിയേറ്റ് ഡയറക്ടർ താൻ ആദ്യമായി സ്വതന്ത്ര സംവിധായികയാകുന്ന സിനിമയുടെ കഥയ്‍ക്കായുള്ള അന്വേഷണത്തിലാണ്. ഇതിനിടയിൽ അവിചാരിതമായി ബോളിവുഡിലെ മുൻകാല നടിയും ഏറെ പ്രശസ്തയുമായിരുന്ന താര ജാനകിയുടെ ആത്മഹത്യയെ അടിസ്ഥാനമാക്കി ഒരു സിനിമ ചെയ്യുന്നതിനായി സാക്ഷി തീരുമാനിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളിൽ മിർച്ചി എന്നൊരാളിലേക്ക് സാക്ഷി എത്തിച്ചേരുന്നു. താരയുടെ ജീവിതത്തിലെ അറിയാക്കഥകളിലേക്കാണ് മിർച്ചി സാക്ഷിയെ കൂട്ടിക്കൊണ്ടുപോയത്. അത് ബോളിവുഡിലേയും മുംബൈയിലേയും അധോലോകത്തിന്‍റെ കഥ കൂടിയായിരുന്നു. ആ കഥയിൽ ആല എന്ന അലൻ അലക്സാണ്ടർ ഡൊമിനിക്കും രാഘവേന്ദ്ര ദേശായിയും ബാബുക്കയും റോസമ്മയും ഹേമാജിയും ഒക്കെ വരുന്നു. പിന്നീട് സിനിമയും ജീവിതവുമൊക്കെ ഉള്‍ച്ചേർന്ന സംഭവബഹുലമായൊരു കഥാവഴിയിലേക്ക് സിനിമ നീങ്ങുകയാണ്.

ആല എന്ന കഥാപാത്രമായി അതിശയിപ്പിക്കുന്ന പ്രകടനമാണ് ദിലീപ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത മേക്കോവറിൽ അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായാണ് ജനപ്രിയ നായകനെ ബാന്ദ്രയിൽ അവതരിപ്പിച്ചിരിക്കുന്നത്. താര ജാനകി എന്ന ബോളിവുഡ് നടിയായ കഥാപാത്രമായി തമന്നയും തന്‍റെ മോളിവുഡ് പ്രവേശനം മികച്ചതാക്കിയിട്ടുണ്ട്. വൈകാരിക രംഗങ്ങളിലടക്കം കൈയ്യടക്കമുള്ള അഭിനയമാണ് തമന്ന കാഴ്ചവെച്ചിരിക്കുന്നത്. മിർച്ചി എന്ന കഥാപാത്രമായി കലാഭവൻ ഷാജോണും വ്യത്യസ്തമായ വേഷപകർച്ചയിലാണ് സിനിമയിലുള്ളത്. സാക്ഷി എന്ന കഥാപാത്രമായി മംമ്തയും ഹേമാജിയായി ലെനയും ബാബുക്കയായി ഗണേഷ് കുമാറും റോസമ്മയായി ഈശ്വരി റാവുവും സ്റ്റാൻലി ഐപിഎസ് ആയി സിദ്ധിഖും ഗോസ്വാമിയായി വിടിവി ഗണേഷും വീര രാഘവൻ ഐപിഎസ് ആയി ശരത് കുമാറും മികച്ച വേഷങ്ങളിൽ സിനിമയിലുണ്ട്. രാഘവേന്ദ്ര ദേശായി എന്ന വില്ലൻ കഥാപാത്രമായി ബോളിവുഡ് നടൻ ഡിനോ മോറിയയും വിസ്മയിപ്പിച്ചിട്ടുണ്ട്.

ആദ്യാവസാനം പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കുന്ന അവതരണമാണ് സിനിമയുടേത്. ദിലീപിന്‍റെ മാസ് മേക്കോവർ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതാണ്. അരുൺ ഗോപിയുടെ കൈയ്യടക്കമുള്ള സംവിധാന മികവ് ബാന്ദ്രയിൽ പ്രതിഫലിച്ചിട്ടുണ്ട്. ഷാജി കുമാറിന്‍റെ ഛായാഗ്രഹണവും സിനിമയുടെ ആകെയുള്ള മാസ് അപ്പീലിന് ഗുണം ചെയ്തിട്ടുണ്ട്. വിവേക് ഹർഷന്‍റെ എഡിറ്റിംഗ് മികവുറ്റതാണ്. സാം സിഎസിന്‍റെ ചടുലമായ സംഗീതവും സിനിമയ്ക്ക് പക്കാ സ്റ്റൈലിഷ് മൂഡ് നൽകിയിട്ടുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ ത്രില്ലടിച്ചിരുന്ന് കാണാൻ പറ്റിയ പക്കാ ആക്ഷൻ മെറ്റീരിയലാണ് ബാന്ദ്ര.