വിജയ് ചിത്രം ‘ലിയോ’ കശ്മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി ; ക്ര്യൂവിന് നന്ദി പറഞ്ഞുള്ള വീഡിയോ പുറത്തുവിട്ട് ലോകേഷ്
1 min read

വിജയ് ചിത്രം ‘ലിയോ’ കശ്മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി ; ക്ര്യൂവിന് നന്ദി പറഞ്ഞുള്ള വീഡിയോ പുറത്തുവിട്ട് ലോകേഷ്

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷയിലുള്ള പ്രോജക്റ്റ് ആണ് വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ. ബോക്‌സ് ഓഫീസില്‍ വിജയം നേടിയ മാസ്റ്ററിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളാണ് തമിഴ് സിനിമാപ്രേമികളുടെ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ എത്തുന്നത്. ചിത്രത്തിലെ പ്രധാന താരനിരകളെ അണിയറക്കാര്‍ പ്രഖ്യാപിച്ചത് ഈ അടുത്തായിരുന്നു. ചിത്രത്തിന്റെ പുതിയ ഷെഡ്യൂളും ആരംഭിച്ച വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ‘ലിയോ’യുടെ എല്ലാ അപ്‌ഡേറ്റുകള്‍ക്കും ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. വിജയ് നായകനാകുന്ന ‘ലിയോ’ എന്ന ചിത്രത്തിന്റെ ക്ര്യൂവിന് നന്ദി പറഞ്ഞുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള വിജയ് ചിത്രത്തിന്റെ കശ്മീരിലെ ഷെഡ്യൂള്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. കശ്മിരില്‍ വിജയ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചവരെ വലിയ ആദരവോടെ കാണുന്നതെന്ന് വീഡിയോ പങ്കുവെച്ച് ലോകേഷ് കനകരാജ് പറയുന്നു.

ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ നടന്‍ ബാബു ആന്റണിയും എത്തുന്നുണ്ട്. തൃഷയാണ് വിജയ് ചിത്രത്തില്‍ നായിക. വിജയ്യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്തിന് പുറമെ തെന്നിന്ത്യയിലെ ഒരു വമ്പന്‍ താരനിര തന്നെ സിനിമയുടെ ഭാഗമാകും. മലയാളി നടന്‍ മാത്യു തോമസ് ദളപതി 67ല്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴകത്തിന്റെ ആക്ഷന്‍ കിങ് അര്‍ജുന്‍ സര്‍ജ, സംവിധായകരായ ഗൗതം മേനോന്‍, മിഷ്‌കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.

തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മനോജ് പരമഹംസയാണ്. ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്. സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്, രാംകുമാര്‍ ബാലസുബ്രഹ്മണ്യമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമായ ‘വാരിസാ’ണ് വിജയ്‌യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിജയ് നായകനായ ‘വാരിസ്’ എന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തിയിരുന്നു. വിജയ്യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് ‘വാരിസി’ന്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.