‘ഒത്തിരി സ്വപ്നങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്’ ; കലാഭവന്‍ മണിയെ കുറിച്ച് വിനയന്
മലയാളികളുടെ പ്രിയ നടന് കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം പൂര്‍ത്തിയാവുകയാണ്. നടനായും ഗായകനായും തിളങ്ങി ഓരോ മലയാളികളുടേയും മനസ്സില്‍ ഇടംനേടിയ മണി താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി നമുക്കിടയില്‍ ജീവിച്ചു. മണിയെ മലയാളികള്‍ ഇന്നും മറക്കാതെ ഓര്‍ക്കുകയാണ്. അങ്ങനെ ഓര്‍ക്കാന്‍ തന്നെ ഒരു പാട് നല്ല നല്ല കാര്യങ്ങളുണ്ട്. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രിയിലൂടെ ശ്രദ്ധേ നേടിയാണ് മണി സിനിമയിലെത്തിയത്. ആദ്യ കാലത്ത് പ്രേക്ഷകരെ ചിരിപ്പിച്ച ഹാസ്യതാരമായിരുന്നെങ്കില്‍ പിന്നീട് നായകനായും വില്ലനായും കലാഭവന്‍ മണി ബിഗ് സ്ക്രീനില്‍ നിറഞ്ഞു നിന്നു.
ഹാസ്യനടനായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് ഗൗരവുളള സ്വഭാവവേഷങ്ങളിലൂടെയും, വ്യത്യസ്തതനിറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളിലൂടെയും മണി മലയാളം, തമിഴ് സിനിമാപ്രേക്ഷകര്‍ക്കു പ്രിയങ്കരനായി. മലയാള സിനിമയ്ക്കു അനവധി പ്രതിഭകളെ സംഭാവനചെയ്ത കലാഭവന്‍ എന്ന മഹത്തായ
സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനോടൊപ്പമുളള മണി ദക്ഷിണേന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും അറിയപ്പെടുന്ന വ്യക്തികളിലൊരാളായിരുന്നു.
ലോകത്തോട് വിട പറഞ്ഞ് 7 വര്‍ഷം തികയുമ്പോള്‍, നിരവധി പേരാണ് മണിയുടെ ഓര്‍മകള്‍ പങ്കുവച്ച് രംഗത്തെത്തുന്നത്. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ആ അതുല്യകലാകാരന് എന്നും ജനഹൃദയങ്ങളില്‍ ജീവിക്കുമെന്ന് ജനങ്ങള്‍ ഒന്നടങ്കം പറയുന്നു. സിനിമയിലും കലാരംഗത്തും സജീവമായി നില്‍ക്കുമ്പോഴാണ് 2016 മാര്‍ച്ച് ആറിന് തികച്ചും അപ്രതീക്ഷിതമായി കലാഭവന്‍ മണി ലോകത്തോട് വിടപറഞ്ഞത്. ഇപ്പോഴിതാ, കലാഭവന്‍ മണിയുടെ ഓര്‍മകള്‍ പങ്കുവയ്ക്കുക ആണ് സംവിധായകന് വിനയകന്.
വിനയന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം…
മണി യാത്രയായിട്ട് ഏഴു വര്‍ഷം…
സാധാരണക്കാരനില്‍ സാധാരണക്കാരനായ ആ അതുല്യകലാകാരന്റെ അകാലത്തിലുള്ള വേര്‍പാട് ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സില്‍ വേദനയുടെ കനലെരിയുന്നു.. ഏറെ ദാരിദ്ര്യവും അതിലേറെ അവഗണനയും ഒക്കെ സഹിച്ച് തന്‍േറതായ അസാധാരണകഴിവുകള്‍ കൊണ്ടു മാത്രം മലയാളസിനിമയിലും മലയാളികളുടെ മനസ്സിലും ഇടം നേടാന്‍ കഴിഞ്ഞ കലാഭവന്‍ മണിക്ക് ഒത്തിരി സ്വപ്നങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്… ഇതിനെയാണല്ലോ വിധി എന്നു നമ്മള് പറയുന്നത്… ഇനിയൊരു ജന്മമുണ്ടങ്കില് ഈ സ്നേഹഭൂമിയില്‍ ഇനിയും മണി ജനിക്കട്ടെ…. ആദരാഞ്ജലികള്‍…