‘വാത്തി ഒരു കിടിലന്‍ ബിഗ് സ്‌ക്രീന്‍ കാഴ്ച, വീണ്ടും തമിഴ് സിനിമയില്‍ ധനുഷിന്റെ വിജയം ആകും ഇത്’; പ്രേക്ഷകന്റെ കുറിപ്പ്
1 min read

‘വാത്തി ഒരു കിടിലന്‍ ബിഗ് സ്‌ക്രീന്‍ കാഴ്ച, വീണ്ടും തമിഴ് സിനിമയില്‍ ധനുഷിന്റെ വിജയം ആകും ഇത്’; പ്രേക്ഷകന്റെ കുറിപ്പ്

തിരുച്ചിറ്റമ്പലം, നാനേ വരുവേന്‍ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത ധനുഷ് ഈ വര്‍ഷം ‘വാത്തി’യുമായെത്തി തിയേറ്ററുകള്‍ അടക്കി ഭരിക്കുകയാണ്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം തമിഴ്നാടിന് പുറമെ ആഗോള ബോക്സോഫീസിലും മികച്ച കളക്ഷനാണ് നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ കച്ചവടമെന്ന വിപത്തിനെതിരെ പോരാടുന്നൊരു അധ്യാപകനും കുട്ടികളും തമ്മിലുള്ള അഭേദ്യമായ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഏറെ സാമൂഹിക പ്രസക്തമായൊരു വിഷയത്തെ അവതരിപ്പിച്ച് പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്. യുവാക്കളേയും കുടുംബപ്രേക്ഷകരേയും ഒരുപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് സിനിമയെടുത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ടതിന് ശേഷം പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

‘ധനുഷ് വീണ്ടും മനസിനെ തൃപ്തി നല്‍കി സന്തോഷിപ്പിക്കുന്ന സിനിമയുമായി, നല്ലൊരു ത്രെഡ് content വൃത്തിക്ക് സ്‌ക്രീനില്‍ ഡെവലപ്പ് ചെയ്ത് ഡെലിവര്‍ ചെയ്ത് വെച്ചേക്കുന്ന ഒരു നീറ്റ് പ്രോഡക്റ്റ്. ആദ്യം മുതല്‍ അവസാനം വരെ എല്ലാ ഓടിയന്‍സിനും കണക്ട് ചെയ്ത് വെച്ചേക്കുന്ന എന്റെര്‍റ്റൈനിങ് ഫിലിം. ധനുഷ് എന്തൊരു നാടനാണ്. സ്‌ക്രീനില്‍ ഇത്തരം റോളുകള്‍ ചെയ്തു വെച്ചേക്കുന്നത് നീറ്റ്. വാത്തി ഒരു കിടിലന്‍ ബിഗ് സ്‌ക്രീന്‍ കാഴ്ച, വീണ്ടും തമിഴ് സിനിമയില്‍ ധനുഷിന്റെ വിജയം ആകും ഇത്, തീര്‍ച്ച ‘ എന്നായിരുന്നു കുറിപ്പില്‍ പറയുന്നത്.

കോളിവുഡിലെ ഈ വര്‍ഷത്തെ ഹിറ്റുകളുടെ നിരയില്‍ ചിത്രം ഇടംപിടിക്കുമെന്നാണ് റിലീസ് ചെയ്ത ശേഷമുള്ള ആദ്യ മൂന്ന് ദിനങ്ങളിലെ ജനങ്ങളുടെ പ്രതികരണം സൂചിപ്പിക്കുന്നത്. ഹൗസ്ഫുള്‍ ഷോകളുമായാണ് ചിത്രം മുന്നേറുന്നത്. ധനുഷിന്റെ അടുത്ത നൂറ് കോടി ചിത്രം ലോഡിങ് എന്നാണ് ആരാധകരും പറയുന്നത്. സിനിമയില്‍ ബാലമുരുകന്‍ എന്ന അധ്യാപക കഥാപാത്രമായി ധനുഷ് സമാനതകളില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ആക്ഷനും ഡാന്‍സും ഇമോഷണല്‍ രംഗങ്ങളും കോമഡിയുമൊക്കെ മികച്ച രീതിയില്‍ സംവിധായകന്‍ ചിത്രത്തില്‍ കൂട്ടിയിണക്കിയിട്ടുണ്ടെന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ പറയുന്നത്.

ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. ധനുഷ് എഴുതിയ ഒരു ഗാനം ചിത്രത്തിലേതായി വന്‍ ഹിറ്റായിരുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ‘തിരുച്ചിത്രമ്പലം’, ‘നാനേ വരുവേന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ് നായകനായെത്തുന്ന ചിത്രമാണ് ‘വാത്തി’. തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് മലയാളികളുടെ പ്രിയതാരമായ സംയുക്തയാണ്. സായ് കുമാര്‍, തനികേല ഭരണി, സമുദ്രക്കനി, തോട്ടപ്പള്ളി മധു, ആടുകളം നരേന്‍, ഇളവരസ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിക്കുന്നത്. നവീന്‍ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.