‘ഇനി വരുന്നത് പഞ്ചുരുളിയിലെ ദൈവ ശക്തിയുടെ കഥ’ ; വമ്പന്‍ ബജറ്റില്‍ ‘കാന്താര’ പ്രീക്വല്‍ ഒരുങ്ങുന്നു
ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു കാന്താര. ഋഷഭ് തന്നെയണ് ചിത്രത്തില്‍ നായകനായി എത്തിയിരിക്കുന്നതും. കന്നഡ സിനിമയുടെ ഗതി തന്നെ മാറ്റിയ ചിത്രമെന്നാണ് കാന്താരയെ സിനിമാ ലോകം വിലയിരുത്തുന്നത്. ശിവയെന്ന കഥാപാത്രമായാണ് ഋഷഭ് ചിത്രത്തിലെത്തിയത്. സപ്തമി ഗൗഡയാണ് ചിത്രത്തില്‍ നായികയായെത്തിയത്. ചിത്രത്തിന്റെ കന്നഡ പതിപ്പ് മാത്രമായിരുന്നു ആദ്യം പുറത്തെത്തിയത്. കര്‍ണാടകത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പ്രേക്ഷകശ്രദ്ധ നേടിയതോടെയാണ് മറുഭാഷാ പതിപ്പുകള്‍ പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്.
മലയാളമുള്‍പ്പെടെ മൊഴിമാറ്റ പതിപ്പുകളെല്ലാം വന്‍ വിജയം നേടിയതോടെ ഇന്ത്യന്‍ സിനിമയില്‍ തന്നെ കഴിഞ്ഞ വര്‍ഷത്തെ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറി ചിത്രം. പിന്നാലെ ഒടിടി റിലീസിലും വലിയ സ്വീകാര്യത നേടി ചിത്രം. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ നവംബര്‍ 24 നാണ് ചിത്രം എത്തിയത്.
395 കോടിയുടെ ബോക്സ് ഓഫീസ് വിജയം എന്നത് മാത്രമല്ല, ആസ്വാദകരില്‍ വലിയ സ്വാധീനം സൃഷ്ടിച്ച സിനിമയായിരുന്നു ഇത്. വന്‍ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ സാധ്യതയെക്കുറിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് കിരഗണ്ഡൂര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. അതേസമയം ചിത്രത്തിന്റെ സീക്വല്‍ ആണോ പ്രീക്വല്‍ ആണോ പിന്നാലെ എത്തുക എന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും സംവിധായകന് ഋഷഭ് ഷെട്ടിയുമായി ആലോചിച്ച് മാത്രമാണ് തീരുമാനമെടുക്കുകയെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.
ഇപ്പോഴിതാ സിനിമയുടെ പ്രീക്വലുമായി ബന്ധപ്പെട്ടുള്ള നിര്‍മ്മാതാവ് വിജയ് കിരഗണ്ഡൂരിന്റെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. കാന്താരയില്‍ പറയുന്ന പഞ്ചുരുളി ദൈവ എന്ന മിത്തിനെ അടിസ്ഥാനമാക്കി പ്രീക്വല്‍ ഒരുങ്ങുന്നതായാണ് നിര്‍മ്മാതാവ് വിജയ് കിരഗണ്ഡൂരിനെ ഉദ്ധരിച്ച് ഡെഡ്ലൈന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ രചന ഋഷബ് ഷെട്ടി ആരംഭിച്ചു എന്നും സഹ രചയിതാക്കള്‍ക്കൊപ്പം കഥയുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങള്‍ക്കായി അദ്ദേഹം വനത്തിലേക്ക് പോയിരിക്കുകയാണെന്നും വിജയ് കിരഗണ്ഡൂര്‍ പറഞ്ഞു.
അതേസമയം, ഷൂട്ട് ജൂണില്‍ തുടങ്ങാനാണ് ഋഷഭ് പ്ലാന്‍ ചെയ്തിരിക്കുന്നത്. കാരണം ചിത്രീകരണത്തിന്റെ ഒരു ഘട്ടം മഴക്കാലത്ത് നടത്തേണ്ടതാണ്. 2024 ഏപ്രിലിലോ മെയ് മാസത്തിലോ ഒരു പാന്‍ ഇന്ത്യന്‍ റിലീസ് ആണ് ഞങ്ങള്‍ ആലോചിക്കുന്നത്. കാന്താര വലിയ വിജയമായതുകൊണ്ട് തന്നെ ഒരു രണ്ടാം ഭാഗം വരുമ്പോള്‍ പ്രേക്ഷക പ്രതീകഷകളും ഏറെ ഉയരെയാണ്. താരനിരയിലേക്ക് ചില പുതിയ ആളുകളും എത്തും, ഹൊംബാളെ ഫിലിംസിന്റെ ഉടമ പറയുന്നു. വരുന്ന അഞ്ച് വര്‍ഷങ്ങളില്‍ തങ്ങള്‍ മുടക്കുക 3000 കോടി ആയിരിക്കുമെന്ന് ഹൊംബാളെ ഫിലിംസ് നേരത്തെ അറിയിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ട ഒന്നാണ് കാന്താര 2.