ലിമിറ്റഡ് അഡ്വാന്‍സ് ബുക്കിങ്ങില്‍ തിളങ്ങി ‘പത്താന്‍’; ഒറ്റദിവസം കൊണ്ട് നേടിയത് കോടികള്‍
ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ‘പത്താന്‍’ റിലീസിന് ഒരുങ്ങുകയാണ്. ജനുവരി 25ന് എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിനിമയിലെ ആദ്യ ഗാനം പുറത്തു വന്നതിന് പിന്നാലെയാണ് പത്താനെതിരെ ബഹിഷ്‌കരിക്കണാഹ്വാനങ്ങള്‍ ഉയര്‍ന്ന് വന്നത്.
എന്നാല്‍ അതൊന്നും തന്നെ പത്താന്‍ സിനിമയെ ബാധിച്ചില്ലെന്നതിന് ഉദാഹരണമാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടിലൂടെ മനസ്സിലാവുന്നത്. ലിമിറ്റഡ് അഡ്വാന്‍സ് ബുക്കിങ്ങില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ഏതാനും മേഖലകളിലെ തിയേറ്ററുകളില്‍ ചിത്രത്തിന്റെ മുന്‍കൂര്‍ ബുക്കിംഗ് നടന്നിരുന്നു. ഈ കണക്ക് പ്രകാരം 1.70 കോടിയോളം രൂപയാണ് പത്താന്‍ സ്വന്തമാക്കിയത്. മുന്‍കൂര്‍ ബുക്കിംഗ് തുറന്ന് മണിക്കൂറുകള്‍ക്കകം ആണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം, 20ന് ചിത്രത്തിന്റെ ഇന്ത്യയിലെ അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കും.
ചിത്രത്തിലെ ബേഷ്രംഗ് എന്ന ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചിത്രത്തിതിനെതിരെ ബഹിഷ്്കരണാഹ്വാനം നടന്നത്. ആ ഗാനത്തില്‍ ദീപിക കാവി നിറത്തിലുള്ള ഒരു ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുകയും ആയിരുന്നു. പിന്നാലെ മുംബൈ പോലീസ് ചിത്രത്തിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു മകള്‍ക്കൊപ്പം ഇരുന്ന് ഈ സിനിമ കാണുമോന്ന് ചോദിച്ച് മധ്യപ്രദേശ് നിയമസഭാ സ്പീക്കര്‍ ഗിരീഷ് ഗൗതം രംഗത്ത് എത്തിയത്.
അതേസമയം, ഷാരൂഖിനും ദീപിക പദുക്കോണിനും ഒപ്പം ജോണ്‍ എബ്രഹാമും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പഠാന്‍ സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.