‘സുരേഷ് ഗോപിയെ ഭാവി മുഖ്യമന്ത്രിയായാണ് കാണുന്നത്, മനുഷ്യത്വമുള്ള ആരെങ്കിലും ആ കമ്മിറ്റിയില്‍ വേണം’; രാമസിംഹന് അബൂബക്കര്‍
മലയാളികളുടെ പ്രിയ താരമായ സുരേഷ് ഗോപിയെ ബി.ജെ.പി. സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം മംുതല്‍ പുറത്തുവരുന്നത്. കോര്‍ കമ്മിറ്റി വിപുലപ്പെടുത്താന്‍ കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തോട് നിര്‍ദേശിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സുരേഷ് ഗോപിയുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. ഇപ്പോഴിതാ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് സംവിധായകന് രാമസിംഹന് അബൂബക്കര്‍. സുരേഷ് ഗോപിയെ മുഖ്യമന്ത്രിയായിട്ടാണ് കാണുന്നതെന്നും അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അത് ഭാവിയില്‍ സംഭവിക്കുമെന്ന് വിശ്വാസമുണ്ടെന്നും രാമസിംഹന് പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അണികള്‍ അറിയാതെയുള്ള നീക്കങ്ങളും അണികളെ ഒതുക്കലും അവസാനിപ്പിക്കണമെന്ന് കേന്ദ്രനേതൃത്വത്തിന് തോന്നിക്കാണും. മനുഷ്യത്വമുള്ള ആരെങ്കിലും ആ കമ്മിറ്റിയില്‍ വേണമെന്ന് കേന്ദ്രത്തിന് തോന്നിയിട്ടുണ്ടാകും. സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷിക്കുന്നു. സുരേഷ് ഗോപിയിലൂടെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ മുരടിപ്പില്‍ മോചനം ഉണ്ടാകും. എല്ലാ പ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പം ഉണ്ടാകും. സമൂഹം അംഗീകരിക്കുന്നവര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരണം. ചേരി തിരിഞ്ഞ് ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്നവര്‍ അല്ല. മനുഷ്യന്റെ പ്രശ്നങ്ങള്‍ അറിയുന്നവര്‍ നേതൃനിരയിലേക്ക് വരണമെന്നും രാമസിംഹന് കൂട്ടിച്ചേര്‍ത്തു.
1991 മുതല്‍ സുരേഷ് ഗോപിയെ എനിക്ക് അറിയാം. എംജിആറും ജയലളിതയും സിനിമാക്കാരാണ്. സിനിമയില്‍ നിന്ന് എത്രയോ പേര് രാഷ്ട്രീയത്തിലെത്തി രാജ്യം ഭരിച്ചിട്ടുണ്ട്. സിനിമയില്‍ നിന്ന് വന്നത് കൊണ്ട് രാജ്യം ഭരിക്കാന്‍ പറ്റില്ലെന്ന് പറയാന്‍ സാധിക്കില്ല. ഭാവിയില്‍ ഒരു മുഖ്യമന്ത്രി ആയാല്‍ എന്താണ് കുഴപ്പമുള്ളത്. അദ്ദേഹത്തെ ഞങ്ങള്‍ ആഗ്രഹിക്കുന്നത് അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാണ്. നല്ല വിശ്വാസമുണ്ട്. എല്ലാവരും അദ്ദേഹത്തെ പിന്തുണയ്ക്കും. തൃശ്ശൂരില്‍ ഒരു വര്‍ഷം കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം എംപിയോ എംഎല്‍എയോ ആയി മാറിയേനേയെന്നും രാമസിംഹന് വ്യക്തമാക്കുന്നു.
സംസ്ഥാന ബി.ജെ.പി. നേതൃത്വത്തിലേക്ക് സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്രനേതൃത്വത്തിന് മുന്‍പേ തന്നെ ഉണ്ടായിരുന്നു. അതിനാലാണ് സംസ്ഥാനത്തെ കോര്‍ കമ്മിറ്റി വിപുലീകരിക്കാനുള്ള അനുമതി ദേശീയ അധ്യക്ഷന്‍ സംസ്ഥാന അധ്യക്ഷന്‍ നല്‍കിയിരുന്നത്.