പാപ്പന് സിനിമയെ നെഗറ്റീവ് പറഞ്ഞവര്‍ പ്രധാനമായും പറഞ്ഞത് രണ്ട് കാര്യങ്ങളാണ് ; സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് വൈറലാവുന്നു
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പാപ്പന്. നീണ്ട ഇടവേളക്ക് ശേഷം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ചിത്രം വന്‍ വിജയമാണ് നേടിയത്. റിലീസ് ദിനം മുതല്‍ ബോക്സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രം ഇതുവരെ നേടിയത് 50 കോടിയ്ക്ക് മുന്നില്‍ ആണ്. സുരേഷ് ഗോപിയും മകന് ഗോകുലും ആദ്യമായി ഒന്നിച്ച ചിത്രമാണ് പാപ്പന്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമാണ് പാപ്പന്. എബ്രഹാം മാത്യു മാത്തന് എന്നായിരുന്നു സുരേഷ് ഗോപി കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ പാപ്പനെക്കുറിച്ച് ഫെയ്സ്ബുക്ക് പേജായ സിനിമഫൈലില് വന്ന ഒരു കുറിപ്പാണ് വൈറലാവുന്നത്. ഗ്ലാഡ്വിന് ഷരുണ്‍ ആണ് കുറിപ്പ് എഴുതിയിരിക്കുന്നത്.
പാപ്പന് സിനിമക്ക് നെഗറ്റീവ് പറഞ്ഞവര്‍ പ്രധാനമായും പറഞ്ഞ 2 കാര്യങ്ങളാണ് ലാഗ് ഉണ്ടെന്ന് കുറിച്ചാണ് കുറിപ്പ് തുടങ്ങുന്നത്. പഴയ ഫയര്‍ ബ്രാന്‍ഡ് സുരേഷ് ഗോപിയെ കാണാന്‍ പറ്റിയില്ല എന്നൊക്ക. കമ്മീഷണര്‍ എന്ന സിനിമ സുരേഷ് ഗോപിയുടെ കരിയറിലെ ഒരു വഴിതിരിവ് ആയതു പോലെ തന്നെ അത് കൊണ്ടു ഒരുപാട് ദോഷങ്ങളും വന്നിട്ടുണ്ട്. ഏത് സിനിമ ചെയ്യുമ്പോഴും എല്ലാരും ഭരത് ചന്ദ്രനില്‍ കണ്ട ഫയര്‍ പ്രതീക്ഷിക്കും. വ്യത്യാസ്ഥ വേഷങ്ങള്‍ ചെയ്യാന്‍ സുരേഷ് ഗോപി ഒരുപാട് ആഗ്രഹിച്ചിട്ടും ടൈം ലൂപ്പില്‍ പെട്ട പോലെ ഒരേ ടൈപ്പ് വേഷങ്ങള്‍ കൂടുതലായും ചെയ്ത് ആവര്‍ത്തനവിരസത ഉണ്ടാക്കുന്ന അവസ്ഥയിലെത്തി.
അതില്‍ നിന്നൊക്കെ മാറി വന്നിട്ടും ഫയര്‍ ബ്രാന്‍ഡ് സുരേഷ് ഗോപിയെ കിട്ടിയില്ല ലാഗ് ആണ് എന്നൊക്ക പറഞ്ഞു പ്രേക്ഷകര്‍ പൊട്ടിച്ചു കൊടുത്ത ഒരു മികച്ച സുരേഷ് ഗോപി സിനിമ ആയിരുന്നു ലാല്‍ ജോസ് ഒരുക്കിയ രണ്ടാം ഭാവം. ഒരുപാട് ഇമോഷന്‍സിലൂടെ കടന്ന് പോവേണ്ടി വരുന്ന ഇരട്ടവേഷങ്ങള്‍ സുരേഷ് ഗോപിയുടെ തന്നെ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നാണ്. പക്ഷേ തോക്ക് പിടിച്ചു നില്ക്കുന്ന പോസ്റ്റര്‍ ഒക്കെ കണ്ടു ആക്ഷന്‍ സിനിമ പ്രതീക്ഷിച്ചു പോയി ഈ ക്ലാസ്സ് സിനിമയെ എല്ലാരും കൂടി പരാജയപ്പെടുത്തി.
ആറാം തമ്പുരാന്, നരസിംഹം പോലെ വന്‍വിജയങ്ങള്‍ ഉണ്ടായപ്പോ മോഹന്‍ലാലിനും ഇതേ പോലെ ടൈം ലൂപ്പില്‍ പെട്ട അവസ്ഥ ആയിരുന്നു. കൂടുതലായും തേടി വരുന്നത് മുണ്ട് മടക്കി കുത്തി മീശ പിരിച്ചു വരുന്ന ചട്ടമ്പി വേഷങ്ങള്‍. ഏത് സിനിമ വന്നാലും ഇതില്ലാതെ പറ്റില്ല എന്ന അവസ്ഥ. ഈ ഒരു പ്രതീക്ഷ കാരണം പരാജയപെട്ടു പോയ ഒരു മികച്ച സിനിമ ആയിരുന്നു രഞ്ജിത് ഒരുക്കിയ ചന്ദ്രോത്സവം. ഒരു കവിത പോലെ പോവുന്ന മനോഹരമായ ഒരു പ്രണയകാവ്യം ആയിരുന്നു ചന്ദ്രോത്സവം. നരസിംഹം ടൈപ്പ് മാസ്സ് സിനിമ പ്രതീക്ഷിച്ചു പോയ പ്രേക്ഷകര്‍ മാസ്സ് ഇല്ല ലാഗ് ആണെന്നൊക്കെ പറഞ്ഞു ഈ മികച്ച സിനിമയെയും പരാജയപ്പെടുത്തി. ഫാന്‍സിനു വേണ്ടി മുണ്ടുമടക്കി കുത്തി മീശ പിരിച്ചു വരുന്ന മാസ്സ് സീന്‍ ഉള്‍പ്പെടുത്തിയിട്ട് പോലും അതിനൊന്നും ചിത്രത്തെ രക്ഷിക്കാന്‍ ആയില്ല.
രണ്ടാം ഭാവം ആയാലും ചന്ദ്രോത്സവം ആയാലും ഇപ്പൊ ഇറങ്ങിയാലും ലാഗ് ആണ് മാസ്സ് ഇല്ല ഫയര്‍ ഇല്ല എന്നൊക്കെയുള്ള നെഗറ്റീവ്സ് തീര്‍ച്ചയായും വരും. എന്തായാലും തീയേറ്ററില്‍ പരാജയപ്പെട്ടിട്ട് ടീവിയില്‍ വരുമ്പോ underrated film, underrated character എന്നൊക്ക പറഞ്ഞു പൊക്കി അടിക്കേണ്ട അവസ്ഥ ഭാഗ്യത്തിന് പാപ്പന് വന്നില്ല. തീയേറ്ററില്‍ തന്നെ പ്രേക്ഷകര്‍ ഈ സിനിമയെ സ്വീകരിച്ചു. പുതിയൊരു സുരേഷ് ഗോപിയെയും സ്വീകരിക്കാന്‍ പ്രേക്ഷകര്‍ ഉണ്ടല്ലോ. ഭരത് ചന്ദ്രന്റെയും ചാക്കോച്ചിയുടെയും ഒന്നും നിഴലുകള്‍ ഇല്ലാതെ മുന്‍പ് കണ്ട അഭിനയശൈലി തീരെ ഇല്ലാതെ അബ്രഹാം മാത്യു മാത്തന് ആയി കണ്ട്രോള്ഡ് ആക്ടിംങ് ആണ് സുരേഷ് ഗോപിയില്‍ നിന്നും ഇത്തവണ ലഭിച്ചത്. കരിയറിലെ തന്നെ മികച്ച വേഷങ്ങളില്‍ പാപ്പാനിലെ മാത്തനും ഇനി സ്ഥാനം ഉണ്ടാവും.?? വ്യത്യസ്ഥ ടൈപ്പ് സുരേഷ് ഗോപി കഥാപാത്രങ്ങള്‍ ഇനിയും ഉണ്ടാവാന്‍ പാപ്പന്റെ വിജയം ഒരു പ്രചോദനം ആവട്ടെ എന്ന് കുറിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.