മലയാള സിനിമ Is Back …! ‘ന്നാ താന്‍ കേസ് കൊട്’, ‘തല്ലുമാല’ ; രണ്ട് പടവും തിയേറ്ററുകളില്‍ ആളെ നിറയ്ക്കുന്നു
1 min read

മലയാള സിനിമ Is Back …! ‘ന്നാ താന്‍ കേസ് കൊട്’, ‘തല്ലുമാല’ ; രണ്ട് പടവും തിയേറ്ററുകളില്‍ ആളെ നിറയ്ക്കുന്നു

ലയാള സിനിമ തിയേറ്റര്‍ നേരിടുന്ന പ്രതിസന്ധിക്കെല്ലാം പരിഹാരമായി വന്നിരിക്കുകയാണ് ‘തല്ലുമാല’, ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമകള്‍. ഓഗസ്റ്റ് 11നും 12നുമായി മലയാളത്തില്‍ റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊടും, ടൊവിനോ തോമസ് ചിത്രം തല്ലുമാലയും മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. തിയേറ്ററില്‍ നിറഞ്ഞ സദസ്സിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. രണ്ട് ചിത്രങ്ങള്‍ക്കും കളക്ഷനായും കോടികളാണ് ലഭിക്കുന്നത്. ടൊവിനൊയുടെ കരിയറിലെ ഏറ്റവും മികച്ച ബോക്‌സ് ഓഫിസ് കളക്ഷനുമായാണ് തല്ലുമാല മുന്നേറുന്നതെങ്കില്‍ അഭിനയ ജീവിതത്തിലെ മികച്ച പെര്‍ഫോമന്‍സ് എന്ന വിലയിരുത്തലിനൊപ്പമാണ് കുഞ്ചാക്കോയുടെ ന്നാ താന്‍ കേസ് കൊട് സിനിമ മുന്നേറുന്നത്.

റിലീസ് ദിനം മുതല്‍ നിറഞ്ഞ സദസ്സിലാണ് രണ്ട് ചിത്രങ്ങളും പ്രദര്‍ശനം നടത്തുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററിലെത്തിയ മലയാള ചിത്രങ്ങളില്‍ ചുരുക്കം ചില സിനിമകള്‍ മാത്രമാണ് ബോക്സ് ഓഫീസില്‍ വിജയിച്ചത്. തല്ലുമാല രണ്ട് ദിവസംകൊണ്ട് ലോകമെമ്പാടുനിന്നും 15 കോടിയിലേറെയാണ് കളക്ഷന്‍ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ രണ്ട് ദിനങ്ങളില്‍ നിന്നായി കേരളത്തില്‍ നിന്നു മാത്രം 7 കോടിയിലേറെ ചിത്രം നേടിയതായാണ് റിപ്പോര്‍ട്ട്. ഹൌസ്ഫുള്‍ ഷോകള്‍ കൂടിയതോടെ നിരവധി സെന്ററുകളില്‍ ഇന്നലെ അഡീഷണല്‍ ഷോകളും നടന്നു.

കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊട് കേരളത്തില്‍ നിന്ന് മാത്രം മൂന്ന് ദിവസംകൊണ്ട് നാലരകോടിക്ക് മുകളിലാണ് കളക്ഷന്‍ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. രണ്ട് കോടിയോളം രൂപ ന്നാ താന്‍ കേസ് കൊടിന് ഷെയറായി ലഭിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്. റിലീസ് ദിവസത്തേക്കാള്‍ കൂടുതല്‍ തിയേറ്ററുകളില്‍ നിലവില്‍ കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊട് പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാല, സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ബുക്കിംഗ് നേടിയ ചിത്രമാണ്. കേരളത്തില്‍ മാത്രം 231 സെന്ററുകളിലാണ് ചിത്രം എത്തിയത്. കേരള റിലീസിനൊപ്പം തന്നെയാണ് വിദേശ മാര്‍ക്കറ്റുകളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ചിത്രം എത്തിയത്.

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ വരും ദിവസങ്ങളിലും മികച്ച കളക്ഷന്‍ നേടുമെന്നാണ് സൂചന. എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മാണവും, കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണം നിര്‍വഹിക്കുന്ന ‘ന്നാ താന്‍ കേസ് കൊട്’ ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.