“എല്ലാത്തിലും എനിക്ക് ഫ്രീഡം തന്നിട്ടുണ്ട്. പക്ഷേ എല്ലാ ദിവസവും രാവിലെ സെറ്റിൽ എത്തിയാൽ ഈ കാരവാനിന്റെ അകത്ത് കയറുവാൻ എനിക്ക് പേടിയാണ്”… മമ്മൂട്ടിയെ കുറിച്ച് ആസിഫ് അലി പറയുന്നു
1 min read

“എല്ലാത്തിലും എനിക്ക് ഫ്രീഡം തന്നിട്ടുണ്ട്. പക്ഷേ എല്ലാ ദിവസവും രാവിലെ സെറ്റിൽ എത്തിയാൽ ഈ കാരവാനിന്റെ അകത്ത് കയറുവാൻ എനിക്ക് പേടിയാണ്”… മമ്മൂട്ടിയെ കുറിച്ച് ആസിഫ് അലി പറയുന്നു

മൂന്നാം വാരം പിന്നിടുമ്പോഴും മികച്ച പ്രതികരണങ്ങളോടെയാണ് മമ്മൂട്ടി ചിത്രമായ ‘റോഷാക്ക്‌’ മുന്നേറിക്കൊണ്ടിരിക്കുന്നത്. നിസാം ബഷീറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറാണ് റോഷാക്ക്‌. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ട്രെൻഡിങ് ആയി നിൽക്കുന്നത് റോഷാക്കിന്റെ വിശേഷങ്ങൾ തന്നെയാണ്. ബ്ലോക്ക് ബസ്റ്റർ റെക്കോർഡുകൾ തകർത്ത റോഷാക്കിൽ ലൂക്ക് ആന്റണിയായി മമ്മൂട്ടി എത്തിയപ്പോൾ ജഗദീഷ്, കോട്ടയം നസീർ, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, ഷറഫുദ്ദീൻ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ശക്തമായ കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു. ഇവരെ കൂടാതെ ആസിഫ് അലിയും ശക്തമായ മറ്റൊരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു. അതിഥി വേഷത്തിൽ എത്തിയ ആസിഫ് അലിയുടെ ദിലീപ് എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു കിട്ടിയത്. ചിത്രത്തിൽ ഉടനീളം മുഖംമൂടി വെച്ച നിലയിലാണ് ആസിഫ് അലിയെ കാണിക്കുന്നത്.

പലരും ചെയ്യാൻ മടിക്കുന്ന ഈ കഥാപാത്രം ആസിഫ് അലി ധൈര്യപൂർവ്വം ഏറ്റെടുത്ത് പ്രേക്ഷകർക്കും മുൻപിൽ മികച്ച രീതിയിൽ ആണ് അവതരിപ്പിച്ചത് എന്നതിൽ സംശയമില്ല. മമ്മൂട്ടിയുടെ ‘ഉണ്ട’ എന്ന ചിത്രത്തിലും ആസിഫ് അതിഥി വേഷത്തിൽ എത്തിയിരുന്നു. മമ്മൂട്ടിയുടെ ‘ജവാൻ ഓഫ് വെള്ളിമല’ എന്ന ചിത്രത്തിൽ ആയിരുന്നു ആസിഫ് അലി മുഴുനീള കഥാപാത്രം മമ്മൂട്ടിക്കൊപ്പം ചെയ്തത്. ഇപ്പോഴിതാ മമ്മൂട്ടിയുമായുള്ള അടുപ്പത്തെക്കുറിച്ചും അദ്ദേഹത്തോടുള്ള ബഹുമാനപൂർവ്വമായ പേടിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ആസിഫ് അലി. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെക്കുറിച്ച് ആസിഫ് അലി സംസാരിക്കുന്നത്. “നമ്മൾ ഒരുപാട് പേരെ കാണണം എന്ന് ലൈഫിൽ ആഗ്രഹിക്കും. ഇവരുമായി നമുക്കൊരു ക്ലോസ് ഇന്ററാക്ഷൻ വന്നു കഴിയുമ്പോൾ ഇവർ നമുക്ക് പരിചയമുള്ള ഒരാളായി മാറും. എന്നാൽ മമ്മൂക്കയുടെ കാര്യത്തിൽ അങ്ങനെയല്ല. മമ്മൂക്കയുമായി ഇങ്ങനെ ഇരുന്ന് ഒരു 20 മിനിറ്റ് സംസാരിച്ചിട്ട് ഞാൻ പുറത്തേക്ക് പോയി വീണ്ടും തിരിച്ചുവന്ന് മമ്മൂക്കയെ കാണുമ്പോൾ പേടിയാകും.

ജവാൻ ഓഫ് വെള്ളിമല ഷൂട്ട് ചെയ്യുന്ന സമയത്ത് ഇതുപോലെ തന്നെ മമ്മൂക്കയുടെ കാരവാനിലാണ് ഞാൻ ഫുൾടൈം ഉള്ളത്. എന്റെ ഡിവൈൻസസ് ആണ് എല്ലാത്തിലും കണക്ട് ചെയ്തതൊക്കെ. ഞാൻ അവിടെ ഇരുന്ന് സിനിമ കാണുന്നൊക്കെയുണ്ട്. അത്തരത്തിൽ എല്ലാത്തിലും എനിക്ക് ഫ്രീഡം തന്നിട്ടുണ്ട്. പക്ഷേ എല്ലാ ദിവസവും രാവിലെ സെറ്റിൽ എത്തിയാൽ ഈ കാരവാനിന്റെ അകത്ത് കയറുവാൻ എനിക്ക് പേടിയാണ്. ഞാൻ ഒരു 15 മിനിറ്റ് പുറത്തുനിന്ന് ജോർജേട്ടനെ വിളിച്ച് ജോർജേട്ടന്റെ കൂടെയെ കയറി പോകുകയുള്ളൂ. അത് ചിലപ്പോൾ നമുക്ക് നമ്മുടെ വീട്ടിലുള്ള ഒരാളോടുള്ള ബഹുമാനം ഇല്ലേ അങ്ങനെ ഒരു ഫീലിംഗ് ആയിരിക്കും”. ആസിഫ് പറയുന്നു. അതേസമയം ലാലേട്ടൻ മമ്മൂക്കയിൽ നിന്നും വ്യത്യസ്തമാണ് എന്നാണ് ആസിഫ് അലി പറയുന്നത്. “ലാലേട്ടൻ എന്ന് പറഞ്ഞാൽ എപ്പോഴും കംഫർട്ടബിൾ ആക്കി വയ്ക്കുന്ന ഒരാളാണ്. പല സമയത്തും ഒരു നോട്ടം കൊണ്ടൊക്കെ അദ്ദേഹം നമ്മളെ കംഫർട്ടബിളാകും. ഈ പേടി അവിടെയില്ല. അവിടെ വേണമെങ്കിൽ എനിക്ക് ഒരു തമാശയൊക്കെ പറയാനുള്ള ഗ്യാപ്പുണ്ട്”. ആസിഫ് അലി കൂട്ടിച്ചേർത്തു.