സവിശേഷതകൾ നിറഞ്ഞ ‘ഇലവീഴാപൂഞ്ചിറ’ ! ചിത്രത്തെയും സ്ഥലത്തെയും കുറിച്ച് തിരക്കഥാകൃത്തുക്കൾ…..
1 min read

സവിശേഷതകൾ നിറഞ്ഞ ‘ഇലവീഴാപൂഞ്ചിറ’ ! ചിത്രത്തെയും സ്ഥലത്തെയും കുറിച്ച് തിരക്കഥാകൃത്തുക്കൾ…..

‘ഇലവീഴാപൂഞ്ചിറ’ ഒരു വിനോദസഞ്ചാര മേഖലയാണ്. സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ ഇവിടെ നിന്ന് നോക്കിയാൽ, സൂര്യോദയവും സൂര്യാസ്തമയവും കാണാനാവും. കാലാവസ്ഥയുടെ കാര്യത്തിലും മറ്റിടങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ് ഇലവീഴാപൂഞ്ചിറ. എപ്പോൾ വേണെമെങ്കിലും ഇടിമിന്നൽ ഉണ്ടായേക്കാവുന്ന ഇടിമിന്നൽ ഏൽക്കാൻ സാധ്യത കൂടുതലുള്ള ഒരിടം കൂടിയാണിത്. കോട്ടയം ജില്ലയിലെ എല്ലാ വയർലെസ് കമ്മ്യൂണിക്കേഷൻ്റെയും ഉറവിടവും നിയന്ത്രണവും ഇവിടെ നിന്നാണ്. ഇത്രയേറെ പ്രത്യേകതകളുള്ള ‘ഇലവീഴാപൂഞ്ചിറ’ യെ പശ്ചാത്തലമാക്കി ‘നായാട്ട്’, ‘ജോസഫ്’ എന്നിവയുടെ തിരക്കഥാകൃത്ത് ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇലവീഴാപൂഞ്ചിറ’. സൗബിനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പോലീസ് ഉദ്യോ ഗസ്ഥരായ ജി.നിധീഷ്, ഷാജി മാറാട് എന്നിവരാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ത്രില്ലർ ജോണറിലുള്ള ചിത്രമാണിത്.

ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ നിധീഷും ഷാജി മാറാടും ഇലവീഴാപൂഞ്ചിറയിൽ ജോലി ചെയ്തിരുന്ന പോലീസ് ഉദ്യോ ഗസ്ഥരാണ്. അക്കാരണത്താൽ ആ സ്ഥലത്തെ കുറിച്ചും ചിത്രത്തെ കുറിച്ചും കൂടുതൽ അറിയാൻ അവരുമായി ‘എം.ആർ പ്രൊഫഷണൽ’ അഭിമുഖം നടത്തി. ‘ഇലവീഴാപൂഞ്ചിറ’ യിൽ വയർലെസ് സ്റ്റേഷൻ്റെ ഡ്യൂട്ടിക്കായി പോലീസ് ടെലി കമ്യൂണിക്കേഷനിലെ പോലീസുകാരനും കൂട്ടത്തിൽ ഗാർഡുമുണ്ടാവും. ഇവരിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ‘ഇലവീഴാപൂഞ്ചിറ’ എന്ന സ്ഥലവും അവിടുത്തെ മനോഹാരിതയും അതുപോലെ സിനിമയിൽ പകർത്തിയിട്ടുണ്ട്, എന്നാൽ കഥയുടെ പ്രമേയത്തിൽ ചിലത് സിനിമക്ക് വേണ്ടി മാത്രമായി ചേർത്തതാണ് എന്നാണ് തിരക്കഥാകൃത്തുക്കൾ പറയുന്നത്.

നിധീഷ്, ഷാജി മാറാട്, ഷാഹി കബീർ എന്നിവർ ഒരുമിച്ച് ‘ഇലവീഴാപൂഞ്ചിറ’ യിൽ ജോലി ചെയ്തിരുന്നവരാണ്. ഷാഹി കബീറും പോലീസ് ഉദ്യോഗസ്ഥനാണ്. ഇലവീഴാപൂഞ്ചിറയിൽ ഡ്യൂട്ടി ചെയ്യുന്ന സമയത്ത് നിധീഷ് ഇലവീഴാപൂഞ്ചിറയെ കുറിച്ച് ഒരു ചെറുകഥ എഴുതുകയും ‘സമകാലിക മലയാളം വാരിക’ യിൽ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട് അതിൽ സിനിമക്കുള്ള ത്രഡ് ഉണ്ടെന്ന ആശയം മനസ്സിലേക്ക് വന്നപ്പോൾ തിരക്കഥക്കായി നിധീഷ്, ഷാജി മാറാടുമായി ഒരുമിച്ചു. അങ്ങനെയാണ് ‘ഇലവീഴാപൂഞ്ചിറ’ യുടെ തിരക്കഥ എഴുതി തുടങ്ങുന്നത്. ആദ്യം ഷാഹി കബീറിൻ്റെ ശുപാർശയിൽ ചിത്രം സംവിധാനം ചെയ്യാനായി പലരേയും പോയി കണ്ടു. അങ്ങനെ ഞങ്ങൾ മൂന്ന് പേരുമുള്ള ഒരു യാത്രയിൽ ഞങ്ങൾക്കിടയിലെ സംസാരത്തിനിടയിലാണ് സംവിധാനം ഷാഹി കബീർ ചെയ്യാമെന്ന ആശയത്തിലേക്ക് എത്തിയത്. ഷാഹിക്ക് കഥ ഇഷ്ടമായിരുന്നു.

സൗബിൻ വളരെ ക്യാലിബറുള്ളൊരു ആക്ടറാണ്. അക്കാരണത്താലാണ് നായകനായി സൗബിനെ തിരഞ്ഞെടുത്തത്. ‘ഇലവീഴാപൂഞ്ചിറ’ പെർഫോർമൻസ് ഓറിയന്റഡ് ആയ സിനിമയാണ്. അത്യാവശ്യം പെർഫോർമൻസ് ലെവലുള്ളൊരാൾക്ക് മാത്രമേ ആ ക്യാരക്ടർ കൈകാര്യം ചെയ്യാൻ കഴിയൂ. ഷാഹിയാണ് കഥ സൗബിനോട് പറഞ്ഞത്. കേട്ടപ്പോൾ തന്നെ കഥ സൗബിന് ഇഷ്ടപ്പെട്ടു. സൗബിൻ ഇതുവരെ ചെയ്തിട്ടില്ലാത്തൊരു വേഷം. അഭിനയ സാധ്യതയുള്ളൊരു കഥാപാത്രം.

ചിത്രത്തിലെ പോലീസ് വേഷങ്ങൾ കൈകാര്യം ചെയ്തവരിൽ 8 പേരോളം കോട്ടയം ജില്ലയിലുള്ള പോലീസ് ഉദ്യോ ഗസ്ഥരാണ്. തൃശൂർ ജില്ലയിൽ നിന്നുള്ള ഒരു വനിതാ പോലീസുമുണ്ട്. പോലീസ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് യഥാർത്ഥ പോലീസുകാരാവുമ്പോൾ കഥാപാത്രത്തിന് കൂടുതൽ ഉചിതമായിരിക്കും. പോലീസിന് പൊതുവായിട്ടുള്ളൊരു ബോഡി ലാംഗ്വേജുണ്ട്. അവരുടെ മൂവ്മെന്റ്സ്, നോട്ടം ഇതെല്ലാം സ്വാഭാവികമായി കിട്ടും. അതുകൊണ്ട് തന്നെയാണ് പോലീസുകാരെ വെച്ച് തന്നെ ചെയ്തത്.

2021 ഒക്ടോബർ നവംബർ സമയത്താണ് ഷൂട്ട് തുടങ്ങുന്നത്. റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ട് എല്ലാടത്തും മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും, മുണ്ടക്കയം ഭാ ഗത്ത് മരണങ്ങളൊക്കെ ഉണ്ടായ സമയമായിരുന്നു. സാധാരണ ഗതിയിൽ തന്നെ ‘ഇലവീഴാപൂഞ്ചിറ’ യിൽ പ്രവചിക്കാനാവാത്ത കാലാവസ്ഥയാണ്. എപ്പോൾ വെയില് വരും എപ്പോൾ മഴ പെയ്യും എപ്പോൾ മിന്നലടിക്കും എപ്പോൾ മഞ്ഞ് വരും എന്നൊന്നും പറയാനാവില്ല. ഒരു ദിവസം തന്നെ പ്രകൃതിയുടെ എല്ലാ ഭാവങ്ങളും മാറി മറിഞ്ഞുകൊണ്ടിരിക്കും. ഷൂട്ടിങ്ങ് സമയത്ത് കാലാവസ്ഥ പ്രതികൂലമായിരുന്നു. താഴെ നിന്ന് 3 കിലോമീറ്റർ വരെ മുകളിലേക്ക് ഓഫ് റോഡാണ്. റോഡ് പൊളിഞ്ഞു കിടക്കുന്നതിനാൽ ഓഫ് റോഡ് ജീപ്പ് പോലും കഷ്ടപ്പെട്ടാണ് കയറിയത്. താഴെയുള്ള ചില വീടുകളിലും റിസോർട്ടിലുമൊക്കെയാണ് ആർട്ടിസ്റ്റുകളും ടെക്നീഷ്യൻസും താമസിച്ചിരുന്നത്. രാവിലെ എക്യുപ്മെൻസൊക്കെ എടുത്ത് മുകളിലെത്തിയാൽ പ്രതീക്ഷക്ക് വിപരീതമായ കാലാവസ്ഥയായിരിക്കും. രാവിലെ 6 മണിക്കെത്തിയിട്ട് 11 മണിയായിട്ടും കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്താൽ ഷൂട്ട് നടക്കാതെ പോയ ദിവസങ്ങളുണ്ടായിരുന്നു. ക്ലൈമറ്റ് കണ്ടിന്യൂറ്റി കിട്ടാത്തത് കാരണം അതിന്റെ തുടർച്ച എടുക്കാനായി അതേ ക്ലൈമറ്റ് വരുന്നത് വരെ കാത്തിരുന്ന സാഹചര്യങ്ങളായിരുന്നു. 25 ദിവസം ഷെഡ്യൂൾ ചെയ്ത ഷൂട്ടിംങ്ങ് 40 ദിനത്തോളം നീണ്ടു. ആഗ്രഹിച്ച രീതിയിൽ തന്നെ സിനിമ പുറത്തിറങ്ങുന്നതിന് പിന്നിൽ നിർമ്മാതാവായ വിഷ്ണു വേണുവിൻ്റെ വലിയ പിന്തുണയുണ്ട്.

‘ഇലവീഴാപൂഞ്ചിറ’ നോർമൽ ത്രില്ലറാണ്. ചിത്രവും ചിത്രത്തില ‘ഇലവീഴാപൂഞ്ചിറ’ എന്ന സ്ഥലവും പ്രേക്ഷകർക്ക് വ്യത്യസ്ഥമായ അനുഭവം സമ്മാനിക്കും. മലയാളികൾ ഇതുവരെ കണ്ടിട്ടില്ലാത്തൊരു പശ്ചാത്തലം. ഈയൊരിടവും അവിടുത്തെ പ്രത്യേകതകളും അവർക്ക് പുതിയ കാഴ്ചയായിരിക്കും. സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശം. അവിടെ രണ്ട് പോലീസ് ഉദ്യോ ഗസ്ഥർ ഡ്യൂട്ടി ചെയ്യുന്നുണ്ടെന്നും അവിടെ നിന്നാണ് ജില്ലയിലെ മുഴുവൻ വയർലെസ് കമ്മ്യൂണിക്കേഷനും കൺട്രോൾ ചെയ്യപ്പെടുന്നതെന്നും അവിടെ ഒരു പ്രശ്നമുണ്ടായാൽ ജില്ലയിലെ ആകെ വയർലെസ് സംവിധാനം തകരാറിലാവുമെന്നും സാമാന്യ ജനങ്ങൾക്ക് അറിയില്ല. ഇത്തരത്തിൽ എല്ലാ ജില്ലകളിലും അവിടുത്തെ ഒരു ഉയർന്ന പോയന്റിൽ ഇങ്ങനെ പോലീസുകാർ ജോലി ചെയ്യുന്നുണ്ട്. അവർ ഒരുപാട് പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ടാണ് അവിടെ കഴിയുന്നത്. ഇതുവരെ പ്രേക്ഷകർ കണ്ടിട്ടില്ലാത്ത ഒരു ഏരിയയാണത്. പിന്നെ ഇലവീഴാപൂഞ്ചിറക്ക് പ്രത്യേകമായ ദൃശ്യ ഭംഗിയുണ്ട്. മലയാളികളധികം കണ്ട് പരിചയിക്കാത്ത ഒന്നാണത്. അവിടുത്തെ പ്രകൃതിയുടെ എല്ലാ ഭാവങ്ങളും സിനിമയിൽ പകർത്തിയിട്ടുണ്ട്.