‘ചെകുത്താന്റെ ചിരി’ ; മമ്മൂട്ടിയുടെ വ്യത്യസ്ത ചിരി ഭാവങ്ങള്‍… മറ്റേത് നടന് സാധിക്കും
1 min read

‘ചെകുത്താന്റെ ചിരി’ ; മമ്മൂട്ടിയുടെ വ്യത്യസ്ത ചിരി ഭാവങ്ങള്‍… മറ്റേത് നടന് സാധിക്കും

2022ല്‍ പ്രേക്ഷകരും ആരാധകരും ഒരുപോലെ ആഘോഷിച്ച രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വവും നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കും. മലയാളി പ്രേക്ഷകര്‍ തിയേറ്റര്‍ റിലീസിനൊപ്പം കാത്തിരുന്ന ഒടിടി റിലീസായിരുന്നു റോഷാക്ക്. മലയാളികള്‍ ഇതുവരെ കാണാത്ത കഥപറച്ചിലുമായി എത്തി സിനിമാസ്വാദകരെ തിയറ്ററുകളില്‍ പിടിച്ചിരുത്തിയ സിനിമയാണ് റോഷാക്ക്. അത്ര പരിചിതമല്ലാത്ത ടൈറ്റില്‍ പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രത്തില്‍ ലൂക്ക് ആന്റണിയായി മമ്മൂട്ടി നിറഞ്ഞാടുകയായിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കാന്‍ കാണിച്ച ധൈര്യത്തേയും തികച്ചും പരീക്ഷ ചിത്രമെന്ന് പറയുന്ന റോഷാക്കിനെ നിര്‍മ്മിക്കാന്‍ കാണിച്ച ധൈര്യത്തേയും പ്രേക്ഷകര്‍ പ്രശംസിക്കുന്നു.

ഈ പ്രായത്തിലും യുവാക്കളേക്കാളുമെല്ലാം അപ്‌ഡേറ്റായി കഥകള്‍ തെരഞ്ഞെടുക്കുന്ന അദ്ദേഹത്തിന്റെ സെലക്ഷനും നിരവധി കൈയ്യടികളായിരുന്നു ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ റോഷാക്ക് സ്ട്രീമിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ അഭിനയവും ചിത്രവും ട്വിറ്ററില്‍ ചര്‍ച്ചയാകുകയാണ്. മമ്മൂട്ടിയുടെ മൈന്യൂട്ട് ആയിട്ടുള്ള ഭാവങ്ങള്‍ പോലും പ്രേക്ഷകര്‍ എടുത്തുകാട്ടുന്നുണ്ട്. ഇപ്പോഴിതാ ലൂക്ക് ആന്റണിയേയും ഭീഷ്മപര്‍വ്വത്തിലെ മൈക്കിളപ്പന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരതമ്യം ചെയ്തിരിക്കുന് ട്രോളുകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. രണ്ട് ചിത്രങ്ങളിലെയും മമ്മൂട്ടിയുടെ ചിരിയെ എടുത്തുകാട്ടി ‘ചെകുത്താന്റെ ചിരി’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 7നാണ് നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് തിയറ്ററുകളില്‍ എത്തിയത്. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയിരുന്നു. ബോക്‌സ് ഓഫീസിലും തിളങ്ങിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. 70കോടി ക്ലബ്ബില്‍ ചിത്രം ഇടം നേടിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീര്‍. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരിടവേളക്ക് ശേഷം ബിന്ദു പണിക്കരുടെ ശക്തമായ വേഷവും ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ചു.