‘ദി ഇന്‍ക്രെഡ്ബല്‍ ദുല്‍ഖര്‍ സല്‍മാന്‍…! ദുല്‍ഖറിന്റെ സ്വന്തം ശബ്ദത്തില്‍ മൂന്നു ഭാഷകളില്‍ ആ സിനിമ കണ്ടപ്പോള്‍… ‘; കുറിപ്പ് വൈറലാവുന്നു
1 min read

‘ദി ഇന്‍ക്രെഡ്ബല്‍ ദുല്‍ഖര്‍ സല്‍മാന്‍…! ദുല്‍ഖറിന്റെ സ്വന്തം ശബ്ദത്തില്‍ മൂന്നു ഭാഷകളില്‍ ആ സിനിമ കണ്ടപ്പോള്‍… ‘; കുറിപ്പ് വൈറലാവുന്നു

ടന്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്നും മാറി കരിയറില്‍ തന്റേതായ ഇടം സ്വന്തമാക്കിയ മലയാളികളുടെ സ്വന്തം നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. പത്തു വര്‍ഷം പിന്നിടുന്ന കരിയറില്‍ മലയാള നടന്‍ എന്നതിനപ്പുറം എല്ലാ ഭാഷകളിലും സാന്നിധ്യമറിയിച്ച താരമായി മാറിയിരിക്കുകയാണ്. ഇന്ന് കേരളത്തില്‍ നിന്നുള്ള നടന്‍മാരില്‍ ദുല്‍ഖറിനോളം പാന്‍ ഇന്ത്യന്‍ പ്രശസ്തി ലഭിച്ച മറ്റൊരു യുവ നടനില്ലെന്ന് ഉറപ്പിച്ചു പറയാം. താരരാജാവായ പിതാവിന് ലഭിക്കുന്നത് പോലെയുള്ള സ്വീകരണമാണ് ദുല്‍ഖറിനും കിട്ടാറുള്ളത്. മലയാള സിനിമയിലെ കുഞ്ഞിക്കയായി വാഴുന്ന ദുല്‍ഖറിന്റെ തെലുങ്കില്‍ അടുത്തിടെ റിലീസ് ചെയ്ത സീതാ രാമം എന്ന സിനിമ വന്‍ ഹിറ്റായിരുന്നു.

ഇപ്പോഴിതാ സിനിഫൈല്‍ ഗ്രൂപ്പില്‍ അജു റഹീം പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാവുന്നത്. ഡബ്ബിങ് ആണെങ്കില്‍ പോലും നാല് ഭാഷകളില്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സീതാ രാമം, ആമസോണില്‍ ദുല്‍ഖറിന്റെ സ്വന്തം ശബ്ദത്തില്‍ മൂന്നു ഭാഷകളില്‍ കണ്ടപ്പോള്‍ ദ് ന്യൂയോര്‍ക്ക് ടൈംസ് രേഖപ്പെടുത്തിയ തുര്‍ക്കിക്കാരനായ ഗ്രന്ഥകാരനും നാടക – ചലച്ചിത്ര സംവിധായകനുമായിരുന്ന എലിയാ കാസന്‍ ജെറഗ്ലസ് പാത്രസൃഷ്ടിയുടെ പൂര്‍ണതയില്‍ ശബ്ദ നിയന്ത്രണതിനെ കുറിച്ച് പരാമര്‍ശിച്ച വാക്കുകളാണ് ഓര്‍മവന്നതെന്ന് കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ദി ഇന്‍ക്രെഡ്ബല്‍ ദുല്‍ഖര്‍ സല്‍മാന്‍

ഹോളിവുഡ് ചരിത്രത്തിലെയും ഏറ്റവും ആദരണീയവും സ്വാധീനമുള്ളതുമായ സംവിധായകരില്‍ ഒരാളായി’ ദ് ന്യൂയോര്‍ക്ക് ടൈംസ് രേഖപ്പെടുത്തിയ തുര്‍ക്കിക്കാരനായ ഗ്രന്ഥകാരനും നാടക-ചലച്ചിത്രസംവിധായകനുമായിരുന്നു എലിയാ കാസന്‍ ജെറഗ്ലസ് പാത്രസൃഷ്ടിയുടെ പൂര്‍ണതയില്‍ ശബ്ദ നിയന്ത്രണതിനെ കുറിച്ച് പരാമര്‍ശിച്ച ഒരു കാര്യമുണ്ട്.’ശബ്ദവും അതിന്റെ ആസ്വാദനവും വ്യക്തി കേന്ദ്രീകൃതമാണ്,പൂര്‍ണ്ണാര്‍ത്ഥത്തില്‍ ശരീരവും മനസ്സും ശബ്ദവും ചിന്തയും ഉള്ള ഒരു കഥാപാത്രമായി നിര്‍മ്മിച്ച് എടുക്കുന്ന നടന്‍മാര്‍ സൃഷ്ടിച്ചെടുക്കുന്ന,പ്രേക്ഷകനെ അനുഭവിപ്പിക്കാന്‍ കഴിയുന്ന കഥാപാത്ര ആവിഷ്‌കാരം കാണുമ്പോള്‍ എന്നും അത്ഭുതമാണ്’ ഡബ്ബിങ് ആണെങ്കില്‍ പോലും നാല് ഭാഷകളില്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സീതാ രാമം ,ആമസോണില്‍ ദുല്‍ഖറിന്റെ സ്വന്തം ശബ്ദത്തില്‍ മൂന്നു ഭാഷകളില്‍ കണ്ടപ്പോള്‍ തീക്ഷ്ണമായ വാചികാഭിനയത്തിന്റെ മേന്മയെ കുറിച്ച് മേല്പറഞ്ഞ ഏലിയാ കസാന്‍ ന്റെ അടിസ്ഥാന പ്രമാണത്തെ പൂര്‍ണ്ണമായും സാധൂകരിക്കുന്ന ഒന്നായി അക്ഷരാര്‍ത്ഥത്തില്‍ തോന്നി. Perfection Perfection Perfection…-!

പ്രാദേശിക ഭാഷകളുടെ മഹത്തായ പൈതൃകം പേറുന്ന ഈ ഇന്ത്യ മഹാരാജ്യത്ത് നിയമമോ നികുതിയോ ഏകീകരിക്കാന്‍ സാധിക്കുമെങ്കിലും സാങ്കേതികവിദ്യയുടെ പിന്തുണയോടെ വ്യത്യസ്ത ഭാഷകള്‍ എന്ന സങ്കല്‍പം ഇല്ലാതാവുന്ന കാലത്തല്ലാതെ ഇന്ത്യയെ ഭാഷാപരമായി ഒരുകാലത്തും ഏകീകരിക്കാന്‍ സാധിക്കില്ല എന്ന വസ്തുത നിലനില്‍ക്കെ ഇന്ത്യന്‍ സിനിമയുടെ 110 വര്‍ഷത്തെ ചരിത്രത്തില്‍ ഒരേ സിനിമയ്ക്ക് നാല് വ്യത്യസ്ത ഭാഷകളില്‍ ഒരു നായകനടന്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തിട്ടുണ്ടോ എന്ന വസ്തുത സംശയമാണ്.80 കളില്‍ ‘പാന്‍ ഇന്ത്യ ‘ സിനിമയുടെ അപ്പോസ്തലനായിരുന്ന കമല്‍ ഹാസന്‍ പോലും ഒരൊറ്റ സിനിമയ്ക്ക് ഇത്രയും ഭാഷകളില്‍ സ്വന്തം ശബ്ദം നല്‍കിയിട്ടുണ്ടോ എന്ന് സംശയമാണ്.

മദര്‍റ്റങ് ഇന്‍ഫ്‌ളുവന്‍സ് അഥവാ മാതൃഭാഷയുടെ സ്വാധീനം, സിനിമയില്‍ ആയാലും ഡബ്ബിങ് സ്റ്റുഡിയോ യില്‍ ആയാലും സ്വന്തമല്ലാത്ത ഒരു ഭാഷ അനായാസമായി സംസാരിക്കുന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നാണ്.അതില്‍ തന്നെ പിരീഡ് റൊമാന്റിക് ഡ്രാമ ജോണറില്‍ ഉള്‍പ്പെടുന്ന സീതാ രാമം പോലെയുള്ള ഒരു ചലച്ചിത്രത്തില്‍ പ്രണയത്തിന്റെ തീവ്രതയും നിസ്സഹായതയും സങ്കീര്‍ണതയും ഒട്ടും അസാധരണത്വങ്ങളില്ലാതെ അതാതു ഭാഷകളില്‍ ഒരു ഭാഷാസ്‌നേഹികളെ പോലും മുഖം ചുളുപ്പിക്കാതെ കയ്യടക്കത്തോടെ അവതരിപ്പിച്ചു എന്നതിലാണ് ദുല്‍ഖര്‍ കൂടുതല്‍ കയ്യടി അര്‍ഹിക്കുന്നത്.

പ്രസ്തുത ചിത്രം ക്ലൈമാക്‌സിനോടുക്കുമ്പോള്‍ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടു മീറ്റര്‍ മാറിപ്പോയാല്‍ ചുഴിയില്‍ പെട്ട് പോയേക്കാവുന്ന അതിവൈകാരിക മുഹൂര്‍ത്തങ്ങളില്‍ ഭാഷ ഏതായാലും ശബ്ദവിന്യാസത്തിലെ വൈവിധ്യങ്ങള്‍ കൊണ്ട് ഒരേ ചിത്രത്തിലെ വ്യത്യസ്ത ഭാഷകരുമായി അയാള്‍ താദാത്മ്യം പ്രാപിച്ചതുകൊണ്ടാണ് തെലുങ്ക് ആയാലും തമിഴ് ആയാലും ഹിന്ദി ആയാലും (അതി നാടകീയത തോന്നിയേക്കാവുന്ന മലയാളി പ്രേക്ഷകരെ പോലും )വികാരാധീനരാക്കാനും പ്രേക്ഷകനെ അനുഭവിപ്പിക്കാനും അയാള്‍ക്ക് ഏറെക്കുറെ സാധിച്ചത്.

സിനിമയുടെ ഭാവുകത്വ പരിണാമങ്ങള്‍ പരീക്ഷിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്ന പുതിയ ‘പാന്‍ ഇന്ത്യ ‘കാലത്തു നിങ്ങള്‍ ഏതു നെപോട്ടിസത്തിന്റെ കാലില്‍ തളച്ചിടാന്‍ ശ്രമിച്ചാലും അര്‍ബന്‍ ഹീറോ പരിവേഷം നല്‍കിയാലും സ്വന്തം കഴിവും അധ്വാനവും കൈമുതലാക്കി നടപ്പുമൂല്യങ്ങളെ വാര്‍പ്പുമാതൃകകളെ നേര്‍ക്കുനേര്‍ വെല്ലുവിളിച്ചു
സിനിമാബോധത്തില്‍ പ്രിവിലേജകളുടെ മേല്‍വിലാസം പേറാതെ അയാള്‍ മികച്ച തിരഞ്ഞെടുപ്പുകളിലൂടെ യാത്ര തുടരുകയാണ്..മൃദുഹാസത്തിന്റെയും ആര്‍ജ്ജവമുള്ള ശബ്ദസൗന്ദര്യത്തിന്റെയും ശക്തിസൗരഭ്യം പേറി ഏറ്റവും പുതിയ ഹിന്ദി ചിത്രം ചുപ് ന്റെ പ്രമോഷനില്‍ മലയാളികളുടെ ദുല്‍ഖര്‍ സല്‍മാന്‍ തിരക്കിലാണ് .