പതിനൊന്ന് ദിവസം കൊണ്ട് 50 മില്യണ്‍ കാഴ്ചക്കാരുമായി വരിശിലെ ‘രഞ്ജിതമേ’ ഗാനം
1 min read

പതിനൊന്ന് ദിവസം കൊണ്ട് 50 മില്യണ്‍ കാഴ്ചക്കാരുമായി വരിശിലെ ‘രഞ്ജിതമേ’ ഗാനം

ബീസ്റ്റിന് ശേഷം ഇളയദളപതി വിജയ് നായകനായെത്തുന്ന ചിത്രമാണ് വരിശ്. ആരാധകരും പ്രേക്ഷകരും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ല്‍ ദേശീയ അവാര്‍ഡ് ജേതാവായ വംശി പൈഡിപ്പള്ളിയാണ്. ഏതൊരു വിജയ് ചിത്രത്തിലും എന്നപോലെ വരിശിലെ ഗാനവും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായികൊണ്ടിരിക്കുന്നത്. രഞ്ജിതമോ എന്ന ഗാനമാണ് ഇപ്പോള്‍ എല്ലാവരും പാടി നടക്കുന്ന വിജയ് ചിത്രത്തിലെ ഗാനം. റിലീസ് ദിനം മുതല്‍ ശ്രദ്ധനേടിയ ഗാനത്തിന് ചുവടുവച്ച് സാധാരണക്കാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ രംഗത്തെത്തി. ഭൂരിഭാഗം പേരും വിജയിയുടെ സ്‌റ്റൈല്‍ അനുകരിച്ചാണ് ചുവടുവച്ചിരിക്കുന്നത്.

ഗാനം റിലീസ് ചെയ്ത് വെറും പതിനൊന്ന് ദിവസംകൊണ്ട് 50 മില്യണ്‍ കാഴ്ച്ചക്കാരെയാണ് രഞ്ജിതമേ ഗാനം സ്വന്തമാക്കിയത്. തെന്നിന്ത്യന്‍ സിനിമയില്‍ സമീപകാലത്തെ ഒരു ലിറിക് വീഡിയോയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഹിറ്റ് ആണ് ഇത്. പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും യുട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുമുണ്ട് ഗാനം. 50 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയതിന്റെ പ്രത്യേക വീഡിയോയും പുറത്തുവന്നിട്ടുണ്ട്. തമന്‍ എസ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് തന്നെയാണ്. വിവേകിന്റേതാണ് വരികള്‍. പൊങ്കലിനാണ് ചിത്രത്തിന്റെ റിലീസ്. വിജയിയുടെ 66-ാം ചിത്രമാണ് ഇത്.

തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുന്ന ചിത്രമാണിത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വംശി പൈഡിപ്പളി, അഹിഷോര്‍ സോളമന്‍, ഹരി എന്നീവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് വരിശ്. നിലവില്‍ താരം ഒരു ഇടവേള എടുത്തതിന് ശേഷം ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ജോയിന്‍ ചെയ്യാനാണ് വിജയ്‌യുടെ തീരുമാനം. ‘ദളപതി 67’ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം ആക്ഷന് പ്രാധാന്യമുള്ളതായിരിക്കും. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആക്ഷന്‍ കിംഗ് അര്‍ജുന്‍ വേഷമിടുന്ന ചിത്രത്തില്‍ വില്ലനായി ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.