വിജയ് ചിത്രം ‘വാരിസി’ന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ; ട്രെയ്‌ലര്‍ അപ്‌ഡേറ്റ് പുറത്തുവിട്ടു
1 min read

വിജയ് ചിത്രം ‘വാരിസി’ന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ; ട്രെയ്‌ലര്‍ അപ്‌ഡേറ്റ് പുറത്തുവിട്ടു

മിഴ് സിനിമയിലെ പ്രധാനതാരമായ വിജയ് നായകനാകുന്ന ചിത്രം ‘വാരിസി’നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വംശി പൈഡിപ്പള്ളി ആണ് വിജയ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘വാരിസി’ന്റെ അപ്‌ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. കേരളത്തില്‍ പതിവുപോലെ വിജയ് നായകനാകുന്ന ചിത്രം വലിയ ആഘോഷത്തോടെയാകും റിലീസ് ചെയ്യുക. വിജയ്‌യുടെ വാരിസിനൊപ്പം അജിത്തിന്റെ തുനിവ് എന്ന ചിത്രവും ഈ പൊങ്കല്‍ കാലത്ത് തിയറ്ററുകളില്‍ എത്തും. ഇപ്പോഴിതാ വാരിസിനെ സംബന്ധിച്ച് രണ്ട് പ്രധാന അപ്‌ഡേറ്റുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായ വിവരവും ഒപ്പം ട്രെയ്‌ലര്‍ സംബന്ധിച്ച വിവരവുമാണ് പുറത്തുവിട്ടിരിക്കുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയായ വാരിസിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്ന വൈകിട്ട് 5 ന് പുറത്തിറങ്ങും. സണ്‍ ടിവിയുടെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിടുകയെന്നും അറിയിച്ചിട്ടുണ്ട്.

എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ ‘രഞ്ജിതമേ’, ‘തീ ദളപതി’, ‘സോള്‍ ഓഫ് വരിശ്’, ‘ജിമിക്കി പൊണ്ണ്’, ‘വാ തലൈവാ’ എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്‌ബോക്‌സ് അടുത്തിടെ പുറത്തുവിട്ടതും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. കേരളത്തില്‍ ഇതുവരെയായി നൂറിലധികം ഫാന്‍സ് ഷോകള്‍ തീരുമാനിച്ചുവെന്നും കൊല്ലത്ത് മാത്രം ലേഡീസ് ഫാന്‍സ് ഷോ ഉള്‍പ്പടെ 13 എണ്ണം ചാര്‍ട്ടായെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിജയ്‌യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം എത്തുക.

ബീസ്റ്റിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ്വാരിസ്. മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് ‘വരിശ്’ ഒരുക്കുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.