വിജയ്‌യുടെ ‘ലിയോ’യില്‍ മലയാളത്തില്‍ നിന്ന് രണ്ട് താരങ്ങള്‍ ; പുതിയ അപ്‌ഡേറ്റ്
1 min read

വിജയ്‌യുടെ ‘ലിയോ’യില്‍ മലയാളത്തില്‍ നിന്ന് രണ്ട് താരങ്ങള്‍ ; പുതിയ അപ്‌ഡേറ്റ്

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷയിലുള്ള പ്രോജക്റ്റ് ആണ് വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ. ബോക്‌സ് ഓഫീസില്‍ വിജയം നേടിയ മാസ്റ്ററിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളാണ് തമിഴ് സിനിമാപ്രേമികളുടെ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ എത്തുന്നത്. ചിത്രത്തിലെ പ്രധാന താരനിരകളെ അണിയറക്കാര്‍ പ്രഖ്യാപിച്ചത് ഈ അടുത്തായിരുന്നു. ചിത്രത്തിന്റെ പുതിയ ഷെഡ്യൂളും ആരംഭിച്ച വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. കശ്മിരില്‍ ചിത്രീകരണം നടക്കുന്ന ‘ലിയോ’യിലെ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഫോട്ടോ നേരത്തെ ലോകേഷ് പുറത്തുവിട്ടത് വൈറലായിരുന്നു.

ഇപ്പോഴിതാ വിജയ് നായകനാകുന്ന ‘ലിയോ’ എന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ നടന്‍ ബാബു ആന്റണിയും അഭിനയിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. വിജയ്‌യുടെ ‘ലിയോ’യുടെ ചിത്രീകരണത്തിനായി പോകുന്നതിന്റെ ഫോട്ടോ ബാബു ആന്റണി പങ്കുവെച്ചിട്ടുണ്ട്. തൃഷയാണ് വിജയ് ചിത്രത്തില്‍ നായിക. വിജയ്യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്തിന് പുറമെ തെന്നിന്ത്യയിലെ ഒരു വമ്പന്‍ താരനിര തന്നെ സിനിമയുടെ ഭാഗമാകും. മലയാളി നടന്‍ മാത്യു തോമസ് ദളപതി 67ല്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴകത്തിന്റെ ആക്ഷന്‍ കിങ് അര്‍ജുന്‍ സര്‍ജ, സംവിധായകരായ ഗൗതം മേനോന്‍, മിഷ്‌കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.

ഒഫിഷ്യല്‍ ലോഞ്ചിനു മുന്‍പേ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. ജനുവരി 2 ന് ആയിരുന്നു ആരംഭം. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന പുതിയ ഷെഡ്യൂള്‍ കശ്മീരില്‍ ആണ്. ലോകേഷ്, നായിക തൃഷ എന്നിവരടക്കമുള്ള ക്രൂവിനൊപ്പം വിമാനത്തില്‍ കശ്മീരിലേക്ക് പറക്കുന്ന വിജയ്യുടെ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മനോജ് പരമഹംസയാണ്. ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്. സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്, രാംകുമാര്‍ ബാലസുബ്രഹ്മണ്യമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.