കുവൈറ്റിന് പിന്നാലെ ഖത്തറിലും ‘ബീസ്റ്റ്’ ബാൻ ചെയ്തു!! ; വിജയ് ആരാധകർ ഞെട്ടലിൽ
1 min read

കുവൈറ്റിന് പിന്നാലെ ഖത്തറിലും ‘ബീസ്റ്റ്’ ബാൻ ചെയ്തു!! ; വിജയ് ആരാധകർ ഞെട്ടലിൽ

വിജയ് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. മാസ്സും ഫൈറ്റും ഒത്തുചേര്‍ന്ന് ട്രെയ്‌ലര്‍ ഇതിനോടകം തന്നെ തരംഗം തീര്‍ത്തുകഴിഞ്ഞു. വീരരാഘവന്‍ എന്ന സ്‌പൈ ഏജന്റ് ആണ് വിജയ് ചെയ്യുന്ന കഥാപാത്രം. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ തീവ്രവാദികള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയും സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതുമാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

ഏപ്രില്‍ 13ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമായ ബീസ്റ്റ് ദളപതി 65 എന്നും അറിയപ്പെടുന്നു. മലയാളി താരം ഷൈന്‍ ടോം ചാക്കോയും ബീസ്റ്റില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകന്‍ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മൂന്ന് പ്രതിനായകന്‍മാരാണ് ചിത്രത്തില്‍ ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം തന്നെ ഹിറ്റായിട്ടുണ്ട്. നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കുവൈത്തില്‍ ബീസ്റ്റിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ബീസ്റ്റിന് വിലക്കേര്‍പ്പെടുത്തി ഖത്തര്‍ സര്‍ക്കാരും രംഗത്തെത്തിയിരിക്കുകയാണ്. റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് ഈ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിനിമയിലെ ഇസ്ലാമിക ഭീകരതയുടെ രംഗങ്ങളും പാകിസ്ഥാനെതിരെയുള്ള പരാമര്‍ശങ്ങളും വിലക്കിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ബീസ്റ്റിന്റെ നിരോധനം വിദേശ കളക്ഷനെ നല്ല രീതിയില്‍ ബാധിച്ചേക്കും.

കുവൈറ്റില്‍ നിരോധിച്ചതിന് പിന്നാലെയാണ് ഖത്തറിലും വിലക്ക് ഏര്‍പ്പെടുത്തിയത്. അടുത്ത കാലത്ത് കുവൈറ്റ് നിരോധിക്കുന്ന ആദ്യ ചിത്രമല്ല ‘ബീസ്റ്റ്’. നേരത്തെ ‘കുറുപ്പ്’, ‘എഫ്ഐആര്‍’ എന്നിവയും രാജ്യത്ത് നിരോധിച്ചിരുന്നു. തമിഴ് നാട്ടില്‍ ബീസ്റ്റിന്റെ പ്രദര്‍ശനം നിരേധിക്കണമെന്നാവശ്യപ്പെട്ട് തമിഴ് മാനില മുസ്ലീം ലീഗ് രംഗത്തെത്തിയിരുന്നു. തമിഴ് മാനില മുസ്ലിം ലീഗ് നേതാവ് വി.എം.എസ് മുസ്തഫയാണ് ഹോം സെക്രട്ടറിക്ക് കത്തയച്ചത്. ബോംബാക്രമണത്തിനും വെടിവെപ്പുകള്‍ക്കും പിന്നില്‍ മുസ്ലിങ്ങള്‍ മാത്രമാണെന്ന തരത്തില്‍ സിനിമകളില്‍ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണെന്നും ബീസ്റ്റ് പ്രദര്‍ശനത്തിനെത്തിയാല്‍ അത് അസാധാരണ സാഹചര്യത്തിലേക്ക് നയിക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു.

സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. മലയാളി താരമായ അപര്‍ണാ ദാസും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍. നിര്‍മല്‍. ചെന്നൈയിലും ജോര്‍ജിയയിലുമായിട്ടായിരുന്നു സിനിമയുടെ പ്രധാന ചിത്രീകരണം. കഴിഞ്ഞ ദിവസം ബീസ്റ്റിലെ പുതിയ ഗാനം പുറത്തിറങ്ങിയിരുന്നു. മൂന്നാമത്തെ ഗാനമായ ബീസ്റ്റ് മോഡിനും വന്‍ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.