വിജയ് – ലോകേഷ് ചിത്രം ‘ലിയോ’ കശ്മീര്‍ ഷൂട്ട് പൂര്‍ത്തിയാക്കി സഞ്ജയ് ദത്ത്
1 min read

വിജയ് – ലോകേഷ് ചിത്രം ‘ലിയോ’ കശ്മീര്‍ ഷൂട്ട് പൂര്‍ത്തിയാക്കി സഞ്ജയ് ദത്ത്

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷയിലുള്ള പ്രോജക്റ്റ് ആണ് വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ. ബോക്സ് ഓഫീസില്‍ വിജയം നേടിയ മാസ്റ്ററിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകളാണ് തമിഴ് സിനിമാപ്രേമികളുടെ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ എത്തുന്നത്. ചിത്രത്തിലെ പ്രധാന താരനിരകളെ അണിയറക്കാര്‍ പ്രഖ്യാപിച്ചത് ഈ അടുത്തായിരുന്നു. ചിത്രത്തിന്റെ പുതിയ ഷെഡ്യൂളും ആരംഭിച്ച വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. കശ്മിരില്‍ ചിത്രീകരണം നടക്കുന്ന ‘ലിയോ’യിലെ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഫോട്ടോ നേരത്തെ ലോകേഷ് പുറത്തുവിട്ടത് വൈറലായിരുന്നു.

ഇപ്പോഴിതാ ലിയോയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സഞ്ജയ് ദത്തുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് ആണ് പുറത്തുവരുന്നത്. സഞ്ജയ് ദത്ത് തന്റെ കശ്മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി എന്നാണ് പുതിയ വിവരം. ലിയോയിന്റെ നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘സഞ്ജയ് ദത്ത് സാര്‍, നിങ്ങള്‍ വളരെ നല്ല, എളിമയുള്ള മനുഷ്യനാണ്. ഞങ്ങളുടെ ടീം മുഴുവനും നിങ്ങളുടെ പ്രകടനം വളരെ അടുത്ത് കണ്ട് ആസ്വദിച്ചു… നിങ്ങള്‍ പതിവ് പോലെ ഞെട്ടിച്ചു. ചെന്നൈ ഷെഡ്യൂളില്‍ നിങ്ങളെ വീണ്ടും സെറ്റില്‍ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു’, എന്നാണ് നിര്‍മ്മാതാക്കള്‍ ട്വീറ്റ് ചെയ്തത്. മാര്‍ച്ച് 11നാണ് സഞ്ജയ് ദത്ത് ലിയോ കശ്മീര്‍ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തത്.

ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ നടന്‍ ബാബു ആന്റണിയും എത്തുന്നുണ്ട്. തൃഷയാണ് വിജയ് ചിത്രത്തില്‍ നായിക. വിജയ്യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്തിന് പുറമെ തെന്നിന്ത്യയിലെ ഒരു വമ്പന്‍ താരനിര തന്നെ സിനിമയുടെ ഭാഗമാകും. മലയാളി നടന്‍ മാത്യു തോമസ് ദളപതി 67ല്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴകത്തിന്റെ ആക്ഷന്‍ കിങ് അര്‍ജുന്‍ സര്‍ജ, സംവിധായകരായ ഗൗതം മേനോന്‍, മിഷ്‌കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.

തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മനോജ് പരമഹംസയാണ്. ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്. സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്, രാംകുമാര്‍ ബാലസുബ്രഹ്മണ്യമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.