“ആ സ്ക്രിപ്റ്റ് മമ്മൂക്കയെ കാണിക്കാൻ പോലും ഭയമാണ്” : കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗത്തെ കുറിച്ച് വിജയ് ബാബു
1 min read

“ആ സ്ക്രിപ്റ്റ് മമ്മൂക്കയെ കാണിക്കാൻ പോലും ഭയമാണ്” : കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗത്തെ കുറിച്ച് വിജയ് ബാബു

മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാമാത്രമായിരുന്നു ‘കോട്ടയം കുഞ്ഞച്ചൻ’. ചിത്രത്തിന് രണ്ടാം ഭാഗം വരാൻ പോകുന്നു എന്ന വാർത്ത വളരെ പ്രതീക്ഷയോടെയായിരുന്നു ആരാധകർ ഏറ്റെടുത്തത്. ആട് 2 എന്ന ചിത്രത്തിന്റെ വിജയാഘോഷം നടത്തുന്നതിന് ഇടയ്ക്കാണ് സംവിധായകനായ മിഥുൻ മാനുവൽ തോമസ് രണ്ടാം ഭാഗത്തെക്കുറിച്ച് പറഞ്ഞത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിലായിരുന്നു ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം വന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എന്തുകൊണ്ട് മുൻപോട്ട് പോയില്ലെന്ന് വെളിപ്പെടുത്തുകയാണ് നിർമാതാവും, നടനുമായ വിജയ് ബാബു.

കോട്ടയം കുഞ്ഞച്ചൻ പോലെ ഏറെ സ്വീകാര്യത ലഭിച്ചൊരു ചിത്രത്തിന് ഒരു രണ്ടാം ഭാഗം കൊണ്ടുവരുമ്പോൾ തീർച്ചയായും നൂറ് ശതമാനം തൃപ്തിയുള്ളൊരു തിരക്കഥ ആയിരിക്കണമെന്ന നിർബന്ധം ഉണ്ടായിരുന്നു. എന്നാൽ തിരക്കഥ വായിച്ചപ്പോൾ അത്തരത്തിൽ തോന്നിയില്ലെന്ന് വിജയ് ബാബു പറഞ്ഞു. വലിയ ക്യാൻവസിൽ ഉൾപ്പെടുത്തി കോട്ടയം കുഞ്ഞച്ചൻ ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാൽ പൂർണ തൃപ്തിയുണ്ടെങ്കിൽ മാത്രമേ ചെയ്യുള്ളു എന്ന തീരുമാനം എനിയ്ക്ക് ഉണ്ടായിരുന്നു. പല ആളുകളും എന്നോട് ചോദിക്കാറുണ്ട് ചിത്രത്തെക്കുറിച്ച് പറഞ്ഞിട്ടും എന്തുകൊണ്ട് ചെയ്യുന്നില്ലെന്ന് അവരോടൊക്കെ ഞാൻ പറയുന്ന മറുപടി ഇങ്ങനെയാണ്. മമ്മൂക്കയുടെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ കഥാപാത്രമാണ് കോട്ടയം കുഞ്ഞച്ചൻ. അത് നമ്മൾ ചെയ്യാൻ ഏറ്റെടുക്കുമ്പോൾ നൂറ് ശതമാനം ആ സ്ക്രിപ്റ്റിൽ വിശ്വാസമുണ്ടെങ്കിൽ മാത്രമേ നമ്മുക്ക് അത് അപ്രോച്ച് ചെയ്യാൻ പോലും കഴിയുള്ളു. ഇല്ലെങ്കിൽ അത് നമ്മൾ ചെയ്യരുത്. സിനിമ മേഖലയോട് തന്നെ നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കുമെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു.

പല തവണ കൈയിൽ സ്ക്രിപ്റ്റ് കിട്ടിയിട്ടും വായിച്ചു നോക്കിയിട്ട് തൃപ്തി വന്നില്ല. അതുകൊണ്ട് മാത്രമാണ് സ്ക്രിപ്റ്റ് പോലും ഇതുവരെ മമ്മൂക്കയുടെ അടുത്ത് കൊടുത്ത് വിടാത്തത്. അങ്ങനെ ചെയ്യാൻ പാടില്ല. തൽക്കാലം അത് അങ്ങനെ മാറ്റി വെച്ചതാണ്. നല്ല കഥ കിട്ടുകയാണെങ്കിൽ തീർച്ചയായും ചെയ്യുമെന്നും വിജയബാബു വ്യക്തമാക്കി. നമ്മളൊരു ചെറിയ പ്രൊജക്റ്റ്‌ ചെയ്യുമ്പോൾ അത് ചെറുതാണെന്ന് പറഞ്ഞു തന്നെ ചെയ്യണമെന്നും, അല്ലാതെ ചെറിയൊരു സാധനം കൈയിലെടുത്ത് അത് വലുതാണെന്ന് പറഞ്ഞ് മാർക്കറ്റ് ചെയ്യാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്രൈഡേ ഫിലിംസിന്റെ ആഗ്രഹം കുറച്ചു കൂടെ വലിയ സിനിമകൾ ചെയ്യണം എന്നുള്ളതാണെന്നും സത്യൻ സാറിന്റെ ബയോപിക് പ്ലാൻ ഉൾപ്പടെ ചെയ്യുന്നുണ്ടെന്നും, ആട് 3 എന്ന ചിത്രം വലിയ ക്യാൻവസിലാണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും വിജയ് ബാബു പറഞ്ഞു.

ഇവയ്ക്കെല്ലാം പുറമേ പുതിയ സംവിധായകരുടെ ചെറിയ സിനിമകൾ ചെയ്യാനാണ് ഫ്രൈഡേ എക്സ്പിരി മെന്റസ് എന്ന ബാനറിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. അത്തരത്തിലുള്ള കഥകളാണ് നല്ലത്. ജനമൈത്രിയും, സുല്ലും ചെയ്തു കഴിഞ്ഞു. ഫ്രൈഡേ ഫിലിം ഹൗസിൽ ഇനി വരാനുള്ളത് വാലാട്ടിയും, തീർപ്പുമാണ്. പൃഥിരാജും, ഇന്ദ്രജിത്തും, സൈജുവും ഞാനും എല്ലാവരുമുണ്ട്. തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമാണ് തീർപ്പിലേതേന്നും, ചിത്രത്തിലെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ    വെളിപ്പെടുത്തുന്നില്ലെന്നും നിലവിൽ ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ നടക്കുകയാണെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു.