വിജയ് ബാബു അറസ്റ്റില്‍! യുവ നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആയിരുന്നു പോലീസ് നടപടി
1 min read

വിജയ് ബാബു അറസ്റ്റില്‍! യുവ നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആയിരുന്നു പോലീസ് നടപടി

യുവനടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു അറസ്റ്റില്‍. വിജയ് ബാബുവിന്റെ അറസ്റ്റ് എറണാകുളം സൗത്ത് പോലീസാണ് രേഖപ്പെടുത്തിയത്. വിജയ് ബാബുവിനെ തെളിവെടുപ്പിന് കൊണ്ടുപോകും. ഇതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കോടതി വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, വൈകുന്നേരം ആറു മണിവരെയായിരിക്കും ചോദ്യം ചെയ്യല്‍ തുടരുക. നേരത്തെ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി ചില ഉപാദികള്‍ മുന്നോട്ടു വെച്ചിരുന്നു. അഞ്ചു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സംസ്ഥാനം വിട്ട് പോകരുത്, 27 മുതല്‍ അടുത്ത മാസം 3 വരെ ചോദ്യം ചെയ്യലിന് ഹാജറാകണം തുടങ്ങിയ ഉപാദികളോടെയാണ് ഹൈക്കോടതി വിജയ് ബാബുവിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. അതേസമയം, അതിജീവിതയേയോ, കുടുംബത്തേയോ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കരുതെന്നും വിജയ് ബാബുവിനോട് കോടതി നിര്‍ദേശിച്ചിരിരുന്നു.

എന്നാല്‍ ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും, സിനിമയില്‍ അവസരം നല്‍കാതിരുന്നതും, ബ്ലാക്മെയിലിങും ആണ് പരാതിക്കാരിയുടെ ഉദ്ദേശം എന്നുമാണ് വിജയ് ബാബു കോടതിയില്‍ അറിയിച്ചത്. അതേസമയം, തനിക്ക് വിജയ് ബാബുവില്‍ നിന്നു കടുത്ത ശാരീരിക പീഡനം അനുഭവിക്കേണ്ടി വന്നതായി നടിയുടെ പരാതിയില്‍ പറയുന്നു. അതേസമയം, ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധങ്ങള്‍ ബലാത്സംഗങ്ങളായി മാറുന്ന സംഭവങ്ങള്‍ ഒഴിവാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ 40 പേരുടെ മൊഴികളാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നത്. നേരത്തേ, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനു റജിസ്റ്റര്‍ ചെയ്ത കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അതേസമയം, വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കണമെന്നും, സ്ത്രീകള്‍ക്ക് എതിരെ അക്രമം നടത്തുന്നവരെ സംഘടനകള്‍ സംരക്ഷിക്കരുതെന്നും താരസംഘടനയായ എ.എം.എം.എയോട് വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു.