‘തമിഴിന്റെ മാണിക്യക്കല്ല് – ‘വാത്തി’ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം’ ; പ്രേക്ഷകന്റെ കുറിപ്പ്
1 min read

‘തമിഴിന്റെ മാണിക്യക്കല്ല് – ‘വാത്തി’ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം’ ; പ്രേക്ഷകന്റെ കുറിപ്പ്

റൊമാന്റിക് ഹീറോ ആയും ആക്ഷന്‍ ഹീറോ ആയുമെല്ലാം സിനിമാലോകത്ത് തിളങ്ങിയിട്ടുള്ള തെന്നിന്ത്യയുടെ പ്രിയ താരം ധനുഷ് അഭിനയത്തിന് പുറമെ ഗായകനായും ഗാനരചയിതാവായുമെല്ലാം തിളങ്ങിയിട്ടുണ്ട്. ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ വാത്തി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അധ്യാപകനായാണ് ധനുഷ് ചിത്രത്തില്‍ വേഷമിടുന്നത്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് മണിക്കൂര്‍ 19 മിനിട്ടും 36 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ചിത്രമാണ്. മലയാളികളുടെ പ്രിയങ്കരിയായ നടി സംയുക്തയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ധനുഷ് എഴുതിയ ഒരു ഗാനം ചിത്രത്തിലേതായി വന്‍ ഹിറ്റായിരുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ‘തിരുച്ചിത്രമ്പലം’, ‘നാനേ വരുവേന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ് നായകനായെത്തുന്ന ചിത്രമാണ് ‘വാത്തി’. ഇപ്പോഴിതാ ഒരു പ്രേക്ഷകന്‍ സിനിമയെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

തമിഴിന്റെ മാണിക്യക്കല്ല് – വാത്തി

ആധുനിക കാലത്തെ വിദ്യാഭ്യാസ കച്ചവടങ്ങളും കുട്ടികളുടെ ഭാവിയെ വച്ച് പന്താടുന്ന എഡ്യൂക്കേഷന്‍ സിസ്റ്റത്തിനുമൊക്കെ എതിരെ ശബ്ദമുയര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇത്തരം സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ ഏറ്റവും മികച്ച രീതിയില്‍ തന്നെ പ്രസന്റ് ചെയ്തിരിക്കുകയാണ് ധനുഷിന്റെ വാത്തിയിലൂടെ.. വെങ്കി അഡ്‌ലൂരി സംവിധാനം ചെയ്ത് രണ്ട് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രം പറയുന്നത് ബാലമുരുഗന്‍ എന്ന അദ്ധ്യാപകന്റെ വിദ്യാഭ്യാസത്തിന്റെ പേരില്‍ നടക്കുന്ന അനീതികളോടുള്ള പോരാട്ടത്തിന്റെ കഥയാണ്. നമ്മുടെ മലയാളത്തിലെ മാണിക്യക്കല്ലിന്റെ കുറച്ചു കൂടെ വിശാലമായ ഒരു വേര്‍ഷന്‍ ആണെന്ന് വാത്തിയെ കണക്കാക്കാം. ജാതി, സമത്വമില്ലായ്മ തുടങ്ങിയ ഒരുപാട് കാര്യങ്ങള്‍ സിനിമ ചര്‍ച്ച ചെയ്യുന്നുമുണ്ട്.

ധനുഷ് ന്റെ പ്രകടനം തന്നെയാണ് സിനിമയുടെ നട്ടെല്ല്. ഒരു കഥാപാത്രത്തെ തന്നിലേക്ക് ആവാഹിച്ച് കഥാപാത്രമായി മാറുന്ന പ്രതിഭയുള്ള ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് ധനുഷ്. വാത്തിയിലെ ബാലമുരുഗനെ ഇതിലും മികച്ചതക്കാന്‍ പോന്ന ഒരു നടന്‍ തമിഴിലിന്ന് വേറെ ഉണ്ടാവില്ല. തിരക്കഥ, സംവിധാനം.. രണ്ടും അതി മനോഹരം. ഏതൊരു പേക്ഷകനും ഇഷ്ടപെടുന്ന രീതിയില്‍ എല്ലാ ചേരുവകളും ചേര്‍ത്ത് സിനിമയെ ഗംഭീരമാക്കാനുള്ള സംവിധായകന്റെ ശ്രമം പൂര്‍ണമായും വിജയിച്ചിട്ടുണ്ട്. G V P യുടെ മ്യൂസികും പതിവ് പോലെ ഗംഭീരം. തീര്‍ച്ചയായും കണ്ടു നോക്കണം.. സിനിമ നിങ്ങളെ നിരാശരാക്കില്ല.