‘വാത്തി ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സന്ദേശം അത്രമേല്‍ പ്രധാനമാണ്’; ധനുഷ് ചിത്രത്തെക്കുറിച്ച് കുറിപ്പ്
1 min read

‘വാത്തി ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സന്ദേശം അത്രമേല്‍ പ്രധാനമാണ്’; ധനുഷ് ചിത്രത്തെക്കുറിച്ച് കുറിപ്പ്

റൊമാന്റിക് ഹീറോ ആയും ആക്ഷന്‍ ഹീറോ ആയുമെല്ലാം സിനിമാലോകത്ത് തിളങ്ങിയിട്ടുള്ള തെന്നിന്ത്യയുടെ പ്രിയ താരം ധനുഷ് അഭിനയത്തിന് പുറമെ ഗായകനായും ഗാനരചയിതാവായുമെല്ലാം തിളങ്ങിയിട്ടുണ്ട്. ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ വാത്തി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അധ്യാപകനായാണ് ധനുഷ് ചിത്രത്തില്‍ വേഷമിടുന്നത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് മണിക്കൂര്‍ 19 മിനിട്ടും 36 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ചിത്രമാണ്. മലയാളികളുടെ പ്രിയങ്കരിയായ നടി സംയുക്തയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ധനുഷ് എഴുതിയ ഒരു ഗാനം ചിത്രത്തിലേതായി വന്‍ ഹിറ്റായിരുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ‘തിരുച്ചിത്രമ്പലം’, ‘നാനേ വരുവേന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ് നായകനായെത്തുന്ന ചിത്രമാണ് ‘വാത്തി’. ചിത്രം കണ്ട പ്രേക്ഷക പങ്കുവെച്ച കുറിപ്പ് വായിക്കാം.

‘വാത്തി കണ്ടു. റിവ്യു ആയൊന്നും എഴുതുന്നില്ല. പക്ഷേ ഈ സിനിമ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സന്ദേശം അത്രമേല്‍ പ്രധാനമാണ് എന്നു തോന്നിയത് കൊണ്ടാണ് ഇങ്ങനെ എഴുതാം എന്ന് കരുതിയത്. മക്കള്‍ ആവശ്യപ്പെടുന്നത് വാങ്ങിക്കൊടുക്കാന്‍ കഴിയാതിരുന്നാല്‍ മക്കള്‍ ആ ദിവസം കരയും. പക്ഷേ അച്ഛനും അമ്മയും ജീവിതകാലം മുഴുവന്‍ കരയും. ധനുഷിന്റെ ബാലമുരുകന്‍ എന്ന കഥാപാത്രം ആഗ്രഹിച്ചത് പോലൊരു എഞ്ചിനീയര്‍ ആക്കാന്‍ കഴിയാതെ പോയ അച്ഛന്റെ വിജയത്തിന്റെ കഥ കൂടിയാണ് ഈ ചെറിയ സിനിമ. മക്കള്‍ ആഗ്രഹിക്കുന്ന പോലെ വിദ്യാഭ്യാസം നല്‍കാന്‍ പറ്റാതെ പോകുന്ന അച്ഛനമ്മമാരുടെ ലോകത്ത്, വിദ്യാഭ്യാസം കച്ചവടം ചെയ്യപ്പെടുന്ന ലോകത്ത് അമ്പലത്തിലെ പ്രസാദം പോലെ വിദ്യ നല്‍കണം എന്ന സന്ദേശം എല്ലാകാലത്തും നിലനില്‍ക്കേണ്ട ഒന്നാണ്. ഈ ചെറിയ ചിത്രം വലിയ വിജയമാകട്ടെ എന്നാഗ്രഹിക്കുന്നു. ഈ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍.” എന്നായിരുന്നു കുറിപ്പില്‍ കുറിച്ചത്.

വിദ്യാഭ്യാസ കച്ചവടമെന്ന വിപത്തിനെതിരെ പോരാടുന്നൊരു അധ്യാപകനും കുട്ടികളും തമ്മിലുള്ള അഭേദ്യമായ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഏറെ സാമൂഹിക പ്രസക്തമായൊരു വിഷയത്തെ അവതരിപ്പിച്ച് പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്. യുവാക്കളേയും കുടുംബപ്രേക്ഷകരേയും ഒരുപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് സിനിമയെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷനും ഡാന്‍സും ഇമോഷണല്‍ രംഗങ്ങളും കോമഡിയുമൊക്കെ മികച്ച രീതിയില്‍ സംവിധായകന്‍ ചിത്രത്തില്‍ കൂട്ടിയിണക്കിയിട്ടുണ്ടെന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ പറയുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു.