സൂപ്പർഹിറ്റ് അടിച്ച് ടോവിനോ! ; നല്ല ‘വാശി’യോടെ വാദിച്ച് എബിനും മാധവിയും! വാശി റിവ്യു വായിക്കാം
1 min read

സൂപ്പർഹിറ്റ് അടിച്ച് ടോവിനോ! ; നല്ല ‘വാശി’യോടെ വാദിച്ച് എബിനും മാധവിയും! വാശി റിവ്യു വായിക്കാം

ടൊവിനോ തോമസും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് വാശി. പുതുമുഖ സംവിധായകന്‍ വിഷ്ണു ജി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്തത്. വിഷ്ണു തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. എബിന്‍ എന്ന വക്കീലായി ടൊവിനോയും, മാധവി എന്ന വക്കീലായി കീര്‍ത്തി സുരേഷുമാണ് ചിത്രത്തിലെത്തുന്നത്. വക്കീലന്‍മാരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പറയുന്ന കഥയാണ് വാശി എന്ന ചിത്രത്തിലും കാണാന്‍ സാധിക്കുന്നത്. വക്കീല്‍ ജോലിയില്‍ തുടക്കക്കാരുടെ പ്രശ്‌നങ്ങളും പ്രൊഫഷണല്‍ ജീവിതത്തിലെ ‘വാശി’യുമെല്ലാം രസകരമായി ചിത്രീകരിച്ചിരിക്കുകയാണ് സംവിധായകന്‍.

ടൊവിനോ തോമസിന്റെ എബിന്‍ എന്ന കഥാപാത്രം തന്റെ കരിയറില്‍ ഒന്നു പിടിച്ചു നില്‍ക്കാന്‍ കഷ്ടപ്പെടുന്ന ഒരു വക്കീലാണ്. പെറ്റി കേസുകളും, ജാമ്യം എടുത്ത് കൊടുക്കലും മാത്രമാണ് എബിന്‍ എന്ന വക്കീന്‍ പ്രധാനമായും ചെയ്തിരുന്നത്. അതുപോലെ തന്നെ ഒരു കേസ് തോറ്റതിന്റെ പേരില്‍ സീനിയര്‍ വക്കീല്‍ വഴക്ക് പറയുകയും, അവിടെ നിന്ന് ജോലി നിര്‍ത്തി സ്വന്തമായി ഒരിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് എബിന്റെ സുഹൃത്തായ മാധവി. കാലിക പ്രസക്തിയുള്ള ഒരു വിഷയമാണ് സിനിമയില്‍ ചര്‍ച്ച ചെയ്യുന്നത്. അതുപോലെ ലൈംഗിക ബന്ധങ്ങളില്‍ കണ്‍സെന്റ് എന്നത് എത്രത്തോളം പ്രാധാന്യമുള്ളതാണെന്നും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.

 

അതായത് ചിത്രത്തില്‍ മീ ടൂ എന്ന വിഷയം ഏറെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ലൈംഗിക ബന്ധങ്ങളില്‍ പരസ്പരം ഉള്ള സമ്മതവും ആ സമ്മതം ഇരയുടെ അറിവോടെയായിരുന്നോ അതോ ഭീഷണിപ്പെടുത്തി വാങ്ങിയതാണോ എന്നൊക്കെയുള്ള കാര്യങ്ങളും വാശിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അതുപോലെ ചിത്രത്തിലെ എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രത്തെയാണ് അനു മോഹന്‍ അവതരിപ്പിക്കുന്നത്.
ജഡ്ജി ആയി എത്തിയ കോട്ടയം രമേശാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്. കൂടാതെ, തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനഘ നാരായണനും, മുള്ളൂര്‍ വക്കീല്‍ ആയി എത്തിയ ബൈജുവും, നന്ദു, ആര്യ, ഗീതി സംഗീത, ശ്രീലക്ഷ്മി, വരദ, മായാ വിശ്വനാഥ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. അതുമാത്രമല്ല, എബിന്റേയും, മാധവിയുടേയും പ്രണയ രംഗങ്ങളും ചിത്രത്തെ ഏറെ മനോഹരമാക്കി. പ്രേക്ഷകരെ മടുപ്പിക്കാതെ സിനിമ കാണാന്‍ പ്രേരിപ്പിക്കുന്നത് തന്നെയാണ് വാശി എന്ന ചിത്രത്തിന്റെ ഹൈലൈറ്റ്.