ഉമ്മന്‍ചാണ്ടിയെ സ്വകാര്യ ആശുപത്രയിലെത്തി സന്ദര്‍ശിച്ച് വി.മുരളീധരന്‍
1 min read

ഉമ്മന്‍ചാണ്ടിയെ സ്വകാര്യ ആശുപത്രയിലെത്തി സന്ദര്‍ശിച്ച് വി.മുരളീധരന്‍

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരള മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ കേന്ദ്രമന്ത്രി വി.മുരളീധരന്‍ സന്ദര്‍ശിച്ചു. ചികിത്സയെ കുറിച്ച് കുടുംബാംഗങ്ങളുമായും ഡോക്ടര്‍മാരുമായും അദ്ദേഹം സംസാരിച്ചു. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്ന് അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് വി.മുരളീധരന്‍ സന്ദര്‍ശന ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. ചികിത്സയെ കുറിച്ച് ഉമ്മന്‍ചാണ്ടിക്ക് പരാതികളില്ലെന്നും സമകാലിക വിഷയങ്ങളില്‍ അദ്ദേഹവുമായി അല്പനേരം സൗഹൃദസംഭാഷണം നടത്തിയെന്നും വി.മുരളീധരന്‍ വ്യക്തമാക്കി.

കടുത്ത പനിയെയും ശ്വാസതടസത്തെയും തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ഉമ്മന്‍ചാണ്ടിയെ അര്‍ബുദ രോഗവുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടിയെ ബെംഗളുരുവിലേക്ക് കൊണ്ട് പോകും. ഉമ്മന്‍ചാണ്ടിയുടെ തുടര്‍ ചികിത്സയുടെ മുഴുവന്‍ ചെലവും കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കും. തുടര്‍ ചികിത്സയ്ക്ക് ഉമ്മന്‍ചാണ്ടിയുടേയും കുടുംബാംഗങ്ങളുടേയും താത്പര്യമനുസരിച്ചുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ തടസ്സമില്ലെന്ന് അദ്ദേഹത്തെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചിരുന്നു.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉമ്മന്‍ചാണ്ടി ചികിത്സയില്‍ കഴിയുന്ന നിംസ് ആശുപത്രിയിലെത്തി അദ്ദേഹവുമായും കുടുംബാംഗങ്ങളുമായും ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബാംഗ്ലൂര്‍ എച്ച്‌സിജി കാന്‍സര്‍ കെയര്‍ സെന്ററിലേക്ക് കൊണ്ട് പോകാന്‍ തീരുമാനമായത്. എയര്‍ ആംബുലന്‍സിലോ ചാര്‍ട്ടേഡ് വിമാനത്തിലോ ആകും കൊണ്ടുപോവുക. ഉടന്‍ തന്നെ ബെംഗളൂരുവില്‍ എത്തിച്ചു തുടര്‍ചികിത്സ നടത്തണമെന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും നിര്‍ദേശിച്ച കാര്യം വേണുഗോപാല്‍ കുടുംബത്തെ അറിയിച്ചു.